2013-12-03 09:28:51

ഇസ്രായേലിന്‍റെ സൂക്ഷ്മനിഷ്ഠകളും
ഉടമ്പടിയുടെ നവീകരണവും (66)


RealAudioMP3
പുറപ്പാടുഗ്രന്ഥം വ്യത്യസ്ഥ പാരമ്പര്യങ്ങളില്‍ വളര്‍ന്നുവന്നതാണ്. രചനയിലെ വൈവിധ്യമാര്‍ന്ന ശൈലിക്കും ആവര്‍ത്തനത്തിനും കാരണം വ്യത്യസ്ഥ പാരമ്പര്യങ്ങള്‍ തന്നെയാണെന്ന് നിരൂപകന്മാര്‍ സമര്‍ത്ഥിക്കുന്നു. ഈജിപ്തില്‍നിന്നും അടിമകളായവരുടെ വിവിധ ഗ്രൂപ്പുകള്‍ പുറപ്പെട്ടിരിക്കാനുള്ള സാദ്ധ്യതയാണ് പണ്ഡിതന്മാര്‍ സ്ഥിരീകരിക്കുന്നത്. ഓരോ സംഘത്തിനും വ്യത്യസ്ഥങ്ങളായ നീക്കങ്ങളും പ്രവര്‍ത്തനരീതികളും ആരാധാനക്രമങ്ങളും ഉണ്ടായിരുന്നിരിക്കണം. ഇവയാണ് പുറപ്പാടു രചിനയില്‍ ‘യാവേ’ നാമകാരകന്മാര്‍, ‘ഈലോയ്’ നാമകാരകന്മാര്‍, ‘പൗരോഹിത’ പാരമ്പര്യം എന്നിങ്ങനെ ഇടകലര്‍ന്നു കിടക്കുന്ന മൂന്നു വ്യത്യസ്ത പാരമ്പര്യങ്ങള്‍ക്കു കാരണമായത്. ഇസ്രായേല്‍ ജനം ആരാധനയ്ക്കു ഉപയോഗിക്കുന്നതിനു നിര്‍മ്മിച്ച പേടകം, ബലിപീഠം, വിളക്കുകള്‍, പാത്രങ്ങള്‍ എന്നിവയുടെ സൂക്ഷ്മമായ ആവിഷ്ക്കാരങ്ങളെക്കുറിച്ച് ഈ ഭാഗത്തു മനസ്സിലാക്കാം.

കൂടാരം ഇസ്രായേലിന്‍റെ ദേവാലയമായിരുന്നു. അവിടെവച്ചാണ് മോശ യാവേയുമായി സംസാരിച്ചിരുന്നു. പത്തുകല്പനയുടെ കല്‍ഫലകങ്ങള്‍ ഇസ്രായേലിന് യാവേയുടെ നിത്യസാന്നിദ്ധ്യത്തിന്‍റെ പ്രതീകമായിരുന്നു. കര്‍ത്താവുമായുള്ള ജനത്തിന്‍റെ ബന്ധത്തെ ഊട്ടിയുറപ്പിച്ച ഘടകമാണ് പത്തുകല്പനകള്‍. മോശ കല്‍ഫലകങ്ങളില്‍ കൊത്തിയെടുത്ത ദൈവകല്പനകള്‍ ഇസ്രായേല്‍ പൂജ്യമായ് സൂക്ഷിച്ചു. അവര്‍‍ പ്രത്യേകം തിരഞ്ഞെടുത്ത പ്രഗത്ഭനായ വാസ്തുകാരന്‍, ബസാലേല്‍ കരുവേലത്തടികൊണ്ടു പേടകമുണ്ടാക്കി കല്‍ഫലകങ്ങള്‍ അതില്‍ സൂക്ഷിക്കുന്നത് പുറപ്പാടില്‍ നാം വായിക്കുന്നു. “സാക്ഷൃപേടകത്തിന്‍റെ നീളം രണ്ടരമുഴം, വീതിയും ഉയരവും ഒന്നര മുഴവുമായിരുന്നു. പിന്നെ തനിസ്വര്‍ണ്ണംകൊണ്ട് അതിന്‍റെ അകവും പുറവും പൊതിഞ്ഞു. അതിനുചുറ്റും സ്വര്‍ണ്ണംകൊണ്ടുള്ള അരികുപാളിയും പിടിപ്പിച്ചു. നാലു സ്വര്‍ണ്ണവളയങ്ങളുണ്ടാക്കി ഒരു വശത്തു രണ്ടും മറുവശത്തു രണ്ടുമായി അവ, നാലു മൂലകളില്‍ ഘടിപ്പിച്ചു. പിന്നെ കരുവേലത്തടികൊണ്ടു തണ്ടുകളുണ്ടാക്കി സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു. പേടകം വഹിക്കുന്നതിന് അതിന്‍റെ വശങ്ങളിലുളള വളയങ്ങളിലൂടെ തണ്ടുകള്‍ കടത്തി. പിന്നെ അവര്‍ തനിസ്വര്‍ണ്ണംകൊണ്ട് കൃപാസനം നിര്‍മ്മിച്ചു. ” “അതിന്‍റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴുവുമായിരുന്നു. കൃപാസനത്തിന്‍റെ രണ്ടഗ്രങ്ങള്‍ സ്ഥാപിക്കാന്‍ സ്വര്‍ണ്ണത്തകിടുകൊണ്ട് രണ്ടു കെറൂബുകളെ നിര്‍മ്മിച്ചു. രണ്ടഗ്രങ്ങളില്‍ ഒന്നുവീതം സ്ഥാപിച്ചു. കൃപാസനത്തോട് ഒന്നായിച്ചേര്‍ത്താണ് അവയെ നിര്‍മ്മിച്ചത്. കെറൂബുകള്‍ മുകളിലേയ്ക്കു ചിറകുകള്‍ വിരിച്ച് കൃപാസനത്തെ മൂടിയിരുന്നു. കൃപാസനത്തിലേയ്ക്കു തിരിഞ്ഞ് അവ മുഖാഭിമുഖം നിലകൊണ്ടു.”

തിരുസാന്നിദ്ധ്യത്തിന്‍റെ അപ്പം സൂക്ഷിക്കുന്നതിന് കരുവേലത്തടികൊണ്ട് അവന്‍ മേശയുണ്ടാക്കി.
“മേശയ്ക്കു രണ്ടു മുഴം നീളവും, ഒരു മുഴം വീതിയും, ഒന്നരമുഴം ഉയരവുമുണ്ടായിരുന്നു. തനി സ്വര്‍ണ്ണംകൊണ്ട് അതു പൊതിയുകയും മുകള്‍ഭാഗത്തു ചുറ്റിലും സ്വര്‍ണ്ണംകൊണ്ട് അരികുപാളി പിടിപ്പിക്കുകുയും ചെയ്തു. അതിനുചുറ്റും കൈപ്പത്തിയുടെ വീതിയില്‍ ഒരു ചട്ടവും, ചട്ടത്തിനു ചുറ്റും സ്വര്‍ണ്ണംകൊണ്ട് അരികുപാളിയും പിടിപ്പിച്ചു. അതിന് നാലു സ്വര്‍ണ്ണവളയങ്ങള്‍ നിര്‍മ്മിച്ച് അവ മേശയുടെ നാലു കാളുകളില്‍ ഘടിപ്പിച്ചു. മേശ വഹിക്കാനുള്ള തണ്ടുകള്‍ കടത്തിയിരുന്ന വളയങ്ങള്‍ ചട്ടത്തോടു ചേര്‍ന്നതായിരുന്നു. ഈ തണ്ടുകള്‍ അവര്‍ കരുവേലത്തടികൊണ്ടുണ്ടാക്കി, സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു. മേശപ്പുറത്തേയ്ക്കുള്ള ഉപകരണങ്ങള്‍ – താലങ്ങള്‍, തട്ടങ്ങള്‍, കലശങ്ങള്‍, ബലിക്കുള്ള ചഷകങ്ങള്‍ എന്നിവ – തനിസ്വര്‍ണ്ണംകൊണ്ടവര്‍ നിര്‍മ്മിച്ചു.”

സാക്ഷൃപേടകത്തെ ചുറ്റിപ്പറ്റിയാണ് മറ്റു ആരാധനക്രമ സാമഗ്രികള്‍ നിര്‍മ്മിക്കപ്പെട്ടത്. ഇതാ, സ്വര്‍ണ്ണംകൊണ്ടൊരു വിളക്ക്.
“തിനി സ്വര്‍ണ്ണംകൊണ്ടു വിളക്കുകാല്‍ ഉണ്ടാക്കി. അതിന്‍റെ അടിത്തട്ട്, തണ്ട്, ചഷകങ്ങള്‍, മുകുളങ്ങള്‍, പുഷ്പങ്ങള്‍ എന്നിവ ഒരേ സ്വര്‍ണ്ണത്തകിടിലാണ് പണിതീര്‍ത്തത്. വിളക്കുകാലിന് ഓരോ വശത്തും മൂന്നു വീതം രണ്ടു വശങ്ങളിലായി ആറു ശാഖകളുണ്ടായിരുന്നു. വിളക്കുകാലിന്‍റെ ആറു ശാഖകളിലോരോന്നിലും ബദാംപൂവിന്‍റെ ആകൃതിയിലുള്ളതും മുകുളങ്ങളോടും പുഷ്പദലങ്ങളോടും കൂടിയതുമായ മൂന്നു ചഷകങ്ങള്‍ വീതം ഉണ്ടായിരുന്നു. വിളക്കുകാലിന്‍റെ തണ്ടിന‍്മേല്‍ ബദാം പൂവിന്‍റെ ആകൃതിയിലുള്ളതും മുകുളങ്ങളോടും പുഷ്പദലങ്ങളോടും കൂടിയതുമായ നാലു ചഷകങ്ങള്‍ ഉണ്ടായിരുന്നു. വിളക്കുകാലില്‍നിന്നു പുറപ്പെടുന്ന ഓരോ ജോടി ശാഖകളുടെയും ചുവട്ടില്‍ വിളക്കുകാലിന്‍റെ തണ്ടിനോട് ഒന്നായ്ച്ചേര്‍ത്ത ഒരു മുകുളം വീതമുണ്ടായിരുന്നു. മുകളങ്ങളും ശാഖകളും വിളക്കുകാലിനോട് ഒന്നായിച്ചേര്‍ന്നിരുന്നു. എല്ലാം തനി സ്വര്‍ണ്ണത്തകിടുകൊണ്ട് പണിതീര്‍ത്തതായിരുന്നു. അവര്‍ അതിന്‍റെ ഏഴു വിളക്കുകളും തിരിയണയ്ക്കാനുപയോഗിക്കുന്ന കത്രികകളും തട്ടങ്ങളും തനി സ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിച്ചു. വിളക്കുകാലും അതിന്‍റെ എല്ലാ ഉപകരണങ്ങളും ഒരു താലന്ത് തനിസ്വര്‍ണ്ണംകൊണ്ടാണു നിര്‍മ്മിച്ചത്.”

ഇസ്രായേല്‍ ദൈവത്തിങ്കലേയ്ക്ക് ഉയര്‍ത്തിയ പ്രാര്‍ത്ഥനയുടെ പ്രതീകവുമായി കൂടാരത്തില്‍ ധൂപപീഠം പണിതീര്‍ത്തു.
“കരുവേലത്തടികൊണ്ട് അവര്‍ ധൂപിഠം പണിതു. അത് ഒരു മുഴം നീളവും ഒരു മുഴം വീതിയുമുള്ള സമചതുരാമായിരുന്നു. ഉയരം രണ്ടുമുഴം. അതിന്‍റെ കൊമ്പുകള്‍ അതിനോട് ഒന്നായിച്ചേര്‍ത്തിരുന്നു. തനി സ്വര്‍ണ്ണംകൊണ്ട് അവര്‍ അതിന്‍റെ മുകള്‍ ഭാഗവും വശങ്ങളും കൊമ്പുകളും പൊതിഞ്ഞു. അതിനു മുകള്‍ വശത്തായി ചുറ്റും സ്വര്‍ണ്ണകൊണ്ടുള്ള അരികുപാളി പിടിപ്പിച്ചു. അതു വഹിക്കുന്നതിനുള്ള തണ്ടുകള്‍ കടത്തുന്നതിന് അരികുപാളിയുടെ താഴെ മൂലകളിലായി ഒരു വശത്തു രണ്ടും, മറുവശ്ത്തു രണടും സ്വര്‍ണ്ണവളയങ്ങള്‍ ഘടിപ്പിച്ചു. കരുവേലത്തിടകൊണ്ടു തണ്ടുകളുണ്ടാക്കി, സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു. സുഗന്ധതൈലങ്ങള്‍ നിര്‍മ്മിക്കുന്ന വിദഗ്ദ്ധനെപ്പോലെ അവന്‍ വിശുദ്ധമായ അഭിഷേകതൈലവും ധൂപത്തിനുള്ള പരിമളവസ്തുക്കളും സജ്ജീകരിച്ചു.”

ഇതര സംക്കാരങ്ങളില്‍നിന്നും കടന്നുവന്ന ദഹനബലി ഇസ്രായേലിന്‍റെയും ഭാഗമായിതീര്‍ന്നു. അതിനുവേണ്ട പ്രത്യേക ബലിപീഠവും അവര്‍ നിര്‍മ്മിച്ചു. “ബസാലേല്‍ കരുവേലത്തടികൊണ്ട് ദഹനബലിപീഠം നിര്‍മ്മിച്ചു. അത് അഞ്ചു മുഴം നീളവും വീതിയുമുള്ള സമചതുരാമായിരുന്നു. അതിന്‍റെ ഉയരം മൂന്നു മുഴവും, അതിന്‍റെ നാലു മൂലകളിലും അതിനോട് ഒന്നായിച്ചേര്‍ന്നു നാലു കൊമ്പുകള്‍ നിര്‍മ്മിച്ച് ഓടുകൊണ്ടു പൊതിഞ്ഞു. ബലിപീഠത്തിന്‍റെ ഉപകരണങ്ങളെല്ലാം – പാത്രങ്ങള്‍, കോരികള്‍, താലങ്ങള്‍, മുള്‍ക്കരണ്ടികള്‍, അഗ്നികലശങ്ങള്‍ എന്നിവ – ഓടുകൊണ്ടു നിര്‍മ്മിച്ചു. പിന്നെ ബലിപീഠത്തിന്‍റെ മുകളിലെ അരികുപാളികള്‍ക്കു കീഴില്‍ ബലിപീഠത്തിന്‍റെ മദ്ധ്യഭാഗംവരെ ഇറങ്ങിനില്‍ക്കുന്ന ഓടുകൊണ്ടുള്ള അഴികളുപയോഗിച്ച് ചട്ടക്കൂട് വലയുടെ രൂപത്തില്‍ നിര്‍മ്മിച്ചു. തണ്ടുകള്‍ കടത്തുന്നതിന് ഓടുകൊണ്ടുള്ള ചട്ടക്കൂടിന്‍റെ നാലുമൂലകളില്‍ നാലു വളയങ്ങളും ഘടിപ്പിച്ചു. അവന്‍ കരുവേലത്തടികൊണ്ടു തണ്ടുകളുണ്ടാക്കി ഓടുകൊണ്ടു പൊതിഞ്ഞു. ബലിപീഠം വഹിച്ചുകൊണ്ടു പോകുന്നതിന് അതിന്‍റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ തണ്ടുകള്‍ കടത്തി. ബലിപീഠം പലകകള്‍ കൊണ്ടാണു നിര്‍മ്മിച്ചത്. അതിന്‍റെ അകം പൊള്ളയായിരുന്നു. സമാഗമകൂടാരത്തിന്‍റെ വാതില്‍ക്കല്‍ ശുശ്രൂഷചെയ്തിരുന്ന സ്ത്രീകള്‍ കാഴ്ചനല്കിയ ഓട്ടു കണ്ണാടിയുപയോഗിച്ച് ക്ഷാളനപാത്രവും അതിന്‍റെ പീഠവും നിര്‍മ്മിച്ചു.”

ദൈവകല്പനപോലെയാണ് ഇസ്രായേല്‍ ആരാധനക്രമ സംബന്ധിയായ എല്ലാ കാര്യങ്ങളും നിര്‍വ്വഹിക്കുന്നതെന്ന് മേല്‍ വിവരണങ്ങളില്‍നിന്നും വളരെ സ്പഷ്ടമാണ്. ഇസ്രായേല്‍ എത്രത്തോളം ദൈവത്തോട് അടുത്തിരിക്കുന്ന എന്നാണ് സൂക്ഷ്മമായ വിവരണങ്ങള്‍ വ്യക്തമാക്കുന്നത്. ജനത്തിന്‍റെ വിശ്വസ്തയില്‍ പാളിച്ചകള്‍ വരുന്നുവെങ്കിലും അടിസ്ഥാനമായും ഇസ്രായേല്‍ ദൈവത്തിന്‍റെ ജനമാണെന്നു വെളിപ്പെട്ടു വരുന്നു. ഉടമ്പടിപ്രകാരം ദൈവത്തോട് ചേര്‍ന്നിരിക്കുന്ന ജനം വരുടെ വിശ്വസ്തത ഏറ്റുപറയുന്നത് ഇനിയും അടുത്ത ഭാഗത്ത് മനസ്സിലാക്കാം.
Prepared : nellikal, Radio Vatican









All the contents on this site are copyrighted ©.