2013-12-02 18:39:32

ആഗമനകാലത്തിന്
പാപ്പാ ഫ്രാന്‍സിസ് തുടക്കമിട്ടു


30 നവംബര്‍ 2013, വത്തിക്കാന്‍
ആഗമനകാലത്തിന് ആമുഖമായി പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സായാഹ്നപ്രാര്‍ത്ഥന നയിച്ചു. ഡിസംബര്‍ 1-ാം തിയതി ഞായറാഴ്ച ആഗോളസഭയില്‍ ആരംഭിക്കുന്ന ആഗമനകാലത്തിന് പ്രാരംഭമായിട്ടാണ് ശനിയാഴ്ച വൈകുന്നേരം പ്രാദേശിക സമയം വൈകുന്നേരം 5.30-ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ആഗമനകാലത്തെ പ്രഥമ സായാഹ്നപ്രാര്‍ത്ഥനയ്ക്ക് പാപ്പാ മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത്.
റോമിലുള്ള പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റികളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥകളും മറ്റു വിശ്വാസികള്‍ക്കൊപ്പം പാപ്പാ നയിക്കുന്ന പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. പ്രാര്‍ത്ഥനയുടെ സമാപനത്തില്‍ പാപ്പാ വചനസന്ദേശം നല്കി.

തന്‍റെ ജനത്തെ പരിപൂര്‍ണ്ണതയിലേയ്ക്കു ദൈവം നയിക്കണമെന്നും, പ്രതിസന്ധികളുള്ള അവരുടെ ജീവിതത്തിനിടയില്‍ ജീവിതവിശുദ്ധിയിലും കര്‍ത്താവിന്‍റെ ആഗമനത്തിലുള്ള പ്രത്യാശയിലും അവര്‍ വളരണമെന്ന പൗലോസ് അപ്പസ്തോലന്‍റെ ആശങ്കയും ആശംസയുമാണ് പാപ്പാ സായാഹ്നപ്രാര്‍ത്ഥനയുടെ ധ്യാനവിഷയമാക്കിയത്. ക്രിസ്തീയ ജീവിതത്തിന്‍റെ പൂര്‍ണ്ണമയിലേയ്ക്കുള്ള ദൈവവിളിയെ നശിപ്പിക്കുന്നത് ലോകത്തിന്‍റെതായ പ്രവണതകളിലും ചിന്താധാരകളിലും വീണുപോകുന്നതുകൊണ്ടാണ്. അരൂപിയുടെ വരദാനങ്ങള്‍ പരിരക്ഷിക്കുന്നതിന് അതിനാല്‍ ദൈവം നമുക്ക് അവസരങ്ങള്‍ നല്കുന്നുണ്ട്. ജീവന്‍റെ വൃക്ഷം, മനസ്സിലും അരൂപിയിലും ശരീരത്തിലും പൂര്‍ണ്ണായി തഴച്ചുവളരുന്നതിനാവശ്യമായ ദ്രാവകം, ഓജസ്സ് അവിടുന്ന് നല്കുന്നുവെന്ന് പൗലോസ് അപ്പസ്തോലന്‍റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിച്ചു.
“എന്നാല്‍ പരമമായ ശക്തി ദൈവത്തിന്‍റേതാണ്, ഞങ്ങളടേതല്ല എന്നു വെളിപ്പെടുത്തുന്തിന് ഈ നിധി മണ്പാത്രങ്ങളിലാണ് ഞങ്ങള്‍ക്കു ലഭിച്ചിട്ടുള്ളത്. എല്ലാവിധത്തിലും ഞങ്ങള്‍ ഞെരുക്കപ്പെടുന്നുണ്ട്, എന്നാല്‍ തകര്‍ക്കപ്പെടുന്നില്ല,” (2 കൊറി. 4, 7).

വിളിച്ച ദൈവം വിശ്വസ്തനാണ്, ആകയാല്‍ അവിടുന്നു നമ്മില്‍ ആരംഭിച്ചിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കുകതന്നെ ചെയ്യും. ഈ ചിന്ത, നമ്മില്‍ ദൈവം തുടങ്ങിയിരിക്കുന്ന പദ്ധതികള്‍ അവിടുന്ന് പൂര്‍ത്തീകരിക്കും എന്ന ചിന്ത നമുക്ക് ആത്മവിശ്വാസവും സുരക്ഷയും പകരണം. ദൈവത്തിലാശ്രയിക്കുന്ന സുരക്ഷയും സുരക്ഷിതത്വവും. ഇതിന് നമ്മുടെ ക്രിയാത്മകമായ സഹകരണവും വെല്ലുവിളികളെ നേരിടാനുള്ള ധൈര്യവും അനിവാര്യമാണ്. നമ്മില്‍ അധിവസിക്കുന്ന പരിശുദ്ധാത്മ ചൈതന്യത്താല്‍, നോക്കിനില്ക്കാതെ ആനുകാലിക ലോകത്ത് ദൈവിക നന്മയുടെ പ്രായോക്താക്കളാകാം. ....

പാപ്പാ ഫ്രാന്‍സിസിന്‍റെ
ക്രിസ്തുമസ്സ് പരിപാടികള്‍

30 നവംബര്‍ 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ ക്രിസ്തുമസ്സ്-നവവത്സര പരിപാടികള്‍ വത്തിക്കാന്‍ പരസ്യപ്പെടുത്തി.
ഡിസംബര്‍ 1-ാം തിയതി ഞായറാഴ്ച വൈകുന്നേരം, പ്രാദേശിക സമയം വൈകുന്നേരം 5.30-ന് പാപ്പാ ഫ്രാന്‍സിസ് റോമാരൂപതയില്‍പ്പെട്ട അലക്സാണ്ട്രിയായിലെ വിശുദ്ധ സിറിളിന്‍റെ ഇടവക സന്ദര്‍ശിക്കും.

ഡിസംബര്‍ 8-ാം തിയതി ഞായറാഴ്ച, അമലോത്ഭവമാതാവിന്‍റെ തിരുനാളില്‍ റോമിലെ സ്പാനിഷ് ചത്വരത്തില്‍ നഗരവാസികള്‍ പതിവായി സംഘടിപ്പിക്കുന്ന അമലോത്ഭവനാഥയുടെ വണക്കത്തില്‍ പങ്കെടുത്ത് വചനസന്ദേശം നല്കും.

ഡിസംബര്‍ 24-ാം തിയതി ചൊവ്വാഴ്ച, ക്രിസ്തുമസ്സ് രാത്രി
പ്രാദേശിക സമയം 11.30-ന് പാപ്പാ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ജാഗരപൂജയര്‍പ്പിക്കും.

25-ാം തിയതി ബുധനാഴ്ച ക്രിസ്മസ് ദിനത്തില്‍ മദ്ധ്യാഹ്നം 12.00 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പ്രധാന മട്ടുപ്പാവില്‍നിന്നുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് ‘റോമാനഗരത്തിനും ലോകത്തിനും,’ urbi et orbi സന്ദേശം നല്കും.

ഡിസംബര്‍ 31-ാം തിയതി ബുധനാഴ്ച വര്‍ഷാവസാന ദിനത്തില്‍ വൈകുന്നേരം 5 മണിക്ക് വിശ്വാസികള്‍ക്കൊപ്പം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ദൈവമാതൃത്വ തിരുനാളിന്‍റെ പ്രഥമ സായാഹ്നപ്രാര്‍ത്ഥന ചൊല്ലി കഴിഞ്ഞ വര്‍ഷത്തിന് പാപ്പാ ദൈവത്തിന് നന്ദിയര്‍പ്പിക്കും.

ജനുവരി 1-ാം തിയതി, പുതുവത്സരദിനം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ദൈവമാതൃത്വതിരുനാള്‍ ദിവ്യപൂജയര്‍പ്പിക്കും.
Reported : nellikal, sedoc








All the contents on this site are copyrighted ©.