2013-11-30 09:13:40

പ്രപഞ്ചത്തിന്‍റെ ആസന്നമാകുന്ന
ദീപാവലി – ആഗമനകാലം ആദ്യവാരം


RealAudioMP3
വി. മത്തായി 24, 37-44
സദാ ജാഗരൂകരായിരിക്കുവിന്‍
നോഹയുടെ ദിവസങ്ങള്‍പോലെ ആയിരിക്കും, മനുഷ്യപുത്രന്‍റെ ആഗമനം. ജലപ്രളയത്തിനു മുമ്പുള്ള ദിവസങ്ങളില്‍, നോഹ പേടകത്തില്‍ പ്രവേശിച്ച ദിവസംവരെ, അവര്‍ തിന്നും കുടിച്ചും വിവാഹംചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞുപോന്നു. ജലപ്രളയം വന്ന് സംഹരിക്കുന്നതുവരെ അവര്‍ അറിഞ്ഞില്ല. അപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്‍റെ ആഗമനവും. അപ്പോള്‍ രണ്ടുപേര്‍ വയലിലായിരിക്കും. ഒരാള്‍ എടുക്കപ്പെടും മറ്റെയാള്‍ അവശേഷിക്കും. രണ്ടു സ്ത്രീകള്‍ തിരികല്ലില്‍ പൊടിച്ചുകൊണ്ടിരിക്കും. ഒരുവള്‍ എടുക്കപ്പെടും, മറ്റവള്‍ അവശേഷിക്കും. നിങ്ങളുടെ കര്‍ത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. കള്ളന്‍ രാത്രിയില്‍ ഏതു സമയത്താണു വരുന്നതെന്ന് ഗൃഹനാഥന്‍ അറിഞ്ഞിരുന്നെങ്കില്‍, അവന്‍ ഉണര്‍ന്നിരിക്കുകയും തന്‍റെ ഭവനം കവര്‍ച്ചചെയ്യാന്‍ ഇടംകൊടുക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നു. അതിനാല്‍ നിങ്ങള്‍ തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്.

2004 ഡിസംബര്‍ 26-ാം തിയതി ലോകം ഉണര്‍ന്നത് ദുരന്തവാര്‍ത്ത ശ്രവിച്ചുകൊണ്ടാണ്. ഇന്തൊനേഷ്യയ്ക്കടുത്ത് ശാന്തസമുദ്രത്തില്‍ ഉരുവംകൊണ്ട സുനാമി, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഇന്ത്യയിലുമായി കവര്‍ന്നെടുത്തത് ദശലക്ഷം മനുഷ്യജീവിതങ്ങളും കണക്കില്ലാത്ത മറ്റു ജീവജാലങ്ങളുമാണ്. സമുദ്രത്തിലുണ്ടായ
രാക്ഷസത്തിരമാലകളെക്കുറിച്ച് അമേരിക്കയ്ക്കും മറ്റു ചില രാഷ്ട്രങ്ങള്‍ക്കും മുന്നറിവു ലഭിച്ചിരുന്നു. കിട്ടിയ അറിവ് ഗൗനിക്കുകയും, കൈമാറുകയും, മുന്‍കരുതലുകള്‍ കാര്യമായി ഏടുക്കുകയും ചെയ്തിരുന്നെങ്കില്‍ ദുരന്തത്തിന്‍റെ തീവ്രത കുറയ്ക്കാമായിരുന്നെന്ന് ശാസ്ത്രലോകം ഇന്നും അഭിപ്രായപ്പെടുന്നു. ഇപ്പോഴിതാ സമുദ്ര-സുനാമിയ്ക്കു പകരം പര്‍വ്വത-സുനാമി രൂപപ്പെടുന്നുവെന്ന് ശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. ഹിമാലയസാനുക്കളില്‍ രൂപംകൊളളുന്ന നവമായ ദുരന്തത്തെ നേരിടാന്‍ നാം തയ്യാറാകുമോ, എന്തോ?

മുന്നറിയിപ്പുകള്‍ ഗൗരവത്തോടെ കാണുവാന്‍ ക്രിസ്തു ഇന്നത്തെ സുവിശേഷത്തിലൂടെ ആവശ്യപ്പെടുന്നു. പ്രകൃതിദുരന്തങ്ങളെക്കുറിച്ചു മാത്രമല്ല, ആത്മീയദുരന്തങ്ങളും ജീവിതത്തില്‍ ഇല്ലാതിരിക്കാന്‍ നിരന്തരമായ ജാഗ്രത അനിവാര്യമാണ്. ‘തയ്യാറായി നില്ക്കുവിന്‍,’ ‘ജാഗരൂകരായിരിക്കുവിന്‍’ എന്ന സന്ദേശമാണ് ആഗമനകാലത്തെ ഒന്നാം ഞായര്‍ നമുക്കു നല്കുന്നത്. മനുഷ്യപുത്രന്‍റെ ആഗമനത്തെക്കുറിച്ചാണ് സുവിശേഷം പ്രതിപാദിക്കുന്നത്. വെളിപാടിന്‍റെ ആത്മീയഭാഷയാണ് ക്രിസ്തു ഇന്നത്തെ വചനഭാഗത്ത് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഭൗമികതലത്തില്‍നിന്ന് അഭൗമതലത്തിലേയ്ക്ക് നമ്മെ നയിക്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗം.

ക്രിസ്തുവിന്‍റെ ദ്വിതീയാഗമനം എപ്പോഴാണ് സംഭവിക്കുക എന്ന ചോദ്യം, നമ്മില്‍ എന്നപോലെ, സ്വാഭാവികമായും ക്രിസ്തുവിന്‍റെ ശിഷ്യാന്മാരിലും പണ്ടേ ഉയര്‍ന്നിട്ടുള്ളതാണ്. യുഗാന്തംവരെ എങ്ങനെയാണ് തന്‍റെ ശിഷ്യന്മാര്‍ ജീവിക്കേണ്ടത് എന്നു പഠിപ്പിക്കാന്‍ ഈ അവസരം ക്രിസ്തു ഉപയോഗപ്പെടുത്തുന്നു. ‘മനുഷ്യപുത്രന്‍റെ ആഗമനം’ എന്ന പദസന്ധി ഇവിടെ ശ്രദ്ധേയമാണ്. ക്രിസ്തു എപ്പോഴാണ് വീണ്ടും വരിക? എപ്പോള്‍ വേണമെങ്കിലും വരാം. അതിനാല്‍ കരുതലോടെ ജീവിക്കണം എന്നതാണ് ഉത്തരം. സത്യത്തില്‍, ക്രിസ്തു ഇപ്പോഴും, എപ്പോഴും നമ്മിലേയ്ക്ക്, ലോകത്തിലേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണ്. തയ്യാറായി നില്ക്കുന്നവര്‍, ജാഗരൂകത അല്ലെങ്കില്‍ ജാഗ്രത പാലിക്കുന്നവര്‍ അവിടുത്തെ ആഗമനം തിരിച്ചറിയും. ഓരോ മനുഷ്യന്‍റെയും ഭൂമിയിലേയ്ക്കുള്ള ആഗമനം ദൈവത്തിന്‍റെതന്നെ ആഗമനമാണ്, എന്ന തിരിച്ചറിവാണ് യഥാര്‍ത്ഥത്തിലുള്ള ദ്വിതീയാഗമനം അല്ലെങ്കില്‍ ക്രിസ്തുവിന്‍റെ രണ്ടാം വരവ്.

നോഹിന്‍റെ കാലത്തുണ്ടായ ജലപ്രളയംതന്നെ ഉദാഹരണമാണ്. വിശ്വസ്തതയ്ക്ക് വിമോചനവും, അവിശ്വസ്തതയ്ക്കു ശിക്ഷയും നല്കുന്നതായിരുന്നു ജലപ്രളയം (ഉത്പത്തി 6-8, ഏശയ 54, 9). എന്താണ് വിശ്വസ്തത? ധര്‍മ്മനിഷ്ഠയില്‍ ജീവിക്കുക എന്നതാണ് വിശ്വസ്തത. ദൈവസന്നിധിയില്‍ നീതിമാനായിരുന്നു നോഹ്. ദൈവത്തിന്‍റെ കരുണകൊണ്ടു മാത്രമല്ല നോഹ രക്ഷപ്പെട്ടത്, അദ്ദേഹത്തിന്‍റെ നീതികൊണ്ടു കൂടിയാണ് രക്ഷ ലഭ്യമാകുന്നത്. രക്ഷ എന്നാല്‍ ദാനം മാത്രമല്ല. സല്‍പ്രവൃത്തികള്‍ക്കുള്ള പ്രതിഫലം കൂടിയാണത്. ദൈവ-മനുഷ്യ ബന്ധത്തിന്‍റെ ഫലമായിട്ടാണ് രക്ഷ ലഭിക്കുന്നത്. വയലില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന രണ്ടുപേരില്‍ ഒരാള്‍ ‘എടുക്കപ്പെടാന്‍’ യോഗ്യനായിരുന്നു. തിരികല്ല് ആട്ടിയിരുന്ന രണ്ടു സ്ത്രീകളില്‍ ഒരാളും ‘എടുക്കപ്പെടാന്‍’ ഒരുങ്ങിയിരുന്നു, മറ്റവള്‍ ഉപേക്ഷിക്കപ്പെടുവാനും ഇടയായി. അപ്പോള്‍, രക്ഷ ദാനം മാത്രമായിരുന്നെങ്കില്‍ രണ്ടുപേരും ‘എടുക്കപ്പെടേണ്ടതല്ലേ?’

ദൈവരാജ്യത്തിന്‍റെയും അവിടുത്തെ ഭരണത്തിന്‍റെയും ചുമതല ഏല്പിക്കപ്പെട്ടവരെയാണ് ‘ഗൃഹനാഥന്‍’ എന്ന പദംകൊണ്ട് സുവിശേഷം സൂചിപ്പിക്കുന്നത്. ദൈവത്തിന്‍റെ ഭരണം എപ്പോഴും യാഥാര്‍ത്ഥ്യമാകണമെങ്കില്‍ നാം സദാ ജാഗരൂകരായിരിക്കണം. ദൈവരാജ്യം അഥവാ ക്രിസ്തുവിന്‍റെ സ്നേഹരാജ്യം ഭൂമിയില്‍ സ്ഥാപിക്കപ്പെടുവാനും മനുഷ്യപുത്രന്‍റെ ആഗമനം ഫലവത്താകുവാനും ക്രിസ്തുശിഷ്യന്മാര്‍ നിരന്തരമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു, അതിനായി ഒരുങ്ങേണ്ടിയിരിക്കുന്നു. മനുഷ്യരോട്, നമ്മുടെ സഹോദരങ്ങളോട് ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവും പങ്കുവച്ചു ജീവിക്കുമ്പോഴാണ് ഈ ഭൂമിയില്‍ ദൈവരാജ്യം യാഥാര്‍ത്ഥ്യമാകുന്നത്.

ആഗമനകാലത്തിലൂടെ ക്രിസ്തുമസ്സിന് ഒരുങ്ങുന്ന നാം എന്നും അവിടുത്തെ രാജ്യത്തിന്‍റെ ആഗമനത്തിനായി, ക്രിസ്തുരാജ്യത്തിന്‍റെ ഈ ഭൂമിയിലെ സാക്ഷാത്ക്കാരത്തിനായിട്ടാണ് ഒരുങ്ങുന്നത്. ഓരോ മനുഷ്യനിലും ദൈവത്തിന്‍റെ പ്രതിച്ഛായ കണ്ടെത്തുന്നത് ദൈവരാജ്യത്തിന്‍റെ സമീപനവും കാഴ്ചപ്പാടുമാണ്. ‘നിന്‍റെ കോട്ടകളില്‍ സമാധാനമുണ്ടായിരിക്കട്ടെ,’ എന്ന് പാടുന്ന സങ്കീര്‍ത്തകന്‍ (സങ്കീ. 122, 6-7) ദൈവരാജ്യത്തെയാണ് പ്രഘോഷിക്കുന്നത്. പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന പാവങ്ങളെ ഉള്‍ക്കൊള്ളുന്നൊരു ലോകവും, ദാരിദ്യനിര്‍മ്മാജ്ജനവും ദൈവരാജ്യത്തിന്‍റെ ലാവണ്യമുള്ള കാഴ്ചപ്പാടും ലക്ഷൃവും ലക്ഷണവും വെളിപ്പെടുത്തുന്നു.

സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് ശാസ്ത്രപ്രദര്‍ശനത്തിനു പോയപ്പോള്‍ ‘വൈകുണ്ഠത്തിലേയ്ക്കൊരുവഴി’ എന്നൊരു ഇനം ഉണ്ടായിരുന്നു. ഇരുട്ടുമുറിയില്‍ രണ്ടു നിലക്കണ്ണാടികളുടെ മദ്ധ്യത്തില്‍ കുട്ടികള്‍
ഒരു നിലവിളക്ക് കത്തിച്ചുവച്ചിരിക്കയാണ്. ഒന്നില്‍നിന്ന് മറ്റൊന്നിലേയേക്ക് വെളിച്ചത്തിന്‍റെ അവസാനിക്കാത്തതും ആശ്ചര്യപ്പെടുത്തുന്നതുമായ പ്രതിഫലനങ്ങളും പ്രതിബംബങ്ങളുമാണിവടെ കാണ്ടത്. ‘ഈ വെളിച്ചത്തെ പിന്തുടര്‍ന്നാല്‍ നിങ്ങള്‍ക്കു മോക്ഷത്തില്‍ എത്തിച്ചേരാം,’ എന്നായിരുന്നു പ്രദര്‍ശനത്തില്‍ കുട്ടികളുടെ അടിക്കുറിപ്പ്. അതുപോലെ ക്രിസ്തു വെളിച്ചത്തിന്‍റെ അത്ഭുതങ്ങള്‍ അളക്കാനാവാത്തതാണ്. ഇരുളില്‍ത്തെളിഞ്ഞ പ്രകാശത്തെ മാത്രമല്ല, പ്രകാശം പരത്തിയവനെയും നാം ജീവിതത്തില്‍ ഓര്‍മ്മിക്കേണ്ടതാണ്.

ഭാരതത്തില്‍ ദീപാവലി ആഘോഷങ്ങള്‍ കഴിഞ്ഞണ് നാം ക്രിസ്തുമസ്സ് മഹോത്സവത്തിനുള്ള ഒരുക്കത്തിന്‍റെ ആദ്യവാരമാണിത്. പ്രപഞ്ചത്തിന്‍റെ ദീപാവലിയാണ് ക്രിസ്തുമസ്സ്. അസാധാരണമായൊരു നക്ഷത്രത്തിന്‍റെ അടയാളമിട്ടാണ് വിശ്വപ്രകൃതി അതിനെ ഘോഷിച്ചത്.

“സമസ്തവും അവിടുന്നിലൂടുണ്ടായി.
ഒന്നും അവിടുത്തെക്കൂടാതുണ്ടായിട്ടില്ല.
അവിടുന്നില്‍ ജീവനുണ്ടായിരുന്നു.
ആ ജീവന്‍ ‘മനുഷ്യര്‍ക്കു വെളിച്ച’മായിരുന്നു.
വെളിച്ചമിരുളില്‍ പ്രകാശിക്കുന്നു, പിന്നതിനെ
കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞുമില്ല” (യോഹ. 1, 3).

ശ്ലീഹായുടെ രചന കവിതപോലെ യുക്തവും സ്പഷ്ടവുമാണ്.
ചെറിയ അതിരുകളുടെ പറയ്ക്ക് കീഴില്‍ ആ പ്രകാശത്തെ പരിമിതപ്പെടുത്തുക, എന്ന അപരാധം നമ്മള്‍ ചെയ്യാതിരിക്കാന്‍ ‘മനുഷ്യരുടെ വെളിച്ച’മെന്ന പദം കൊണ്ടാണ് യോഹന്നാന്‍ ശ്ലീഹാ ക്രിസ്തുമസ്സ് വെളിച്ചത്തെ ക്രിസ്തു വിശേഷിപ്പിച്ചത്. ആ വിളക്കിനെ പിന്‍തുടര്‍ന്നവര്‍ ദൈവികവെളിച്ചം കണ്ടെത്തി.
ലോകം വിശ്വസവെളിച്ചം കണ്ടത് മാനത്തു തെളിഞ്ഞ നക്ഷത്രത്തെ അനുഗമിച്ചപ്പോഴാണ്. ഇനിയും നക്ഷത്രത്തെ തിരയാന്‍ തയ്യാറാകുന്നവര്‍ക്ക് എന്നെങ്കിലും ഒരിക്കല്‍ ക്രിസ്തുവിനെ അഭിമുഖീകരിക്കാതിരിക്കാന്‍ തരമില്ല. കണ്ടെത്താതിരിക്കാന്‍ തരമില്ല. അതുകൊണ്ടാണ് കവിയും ചിത്രകാരനും സാധകനും പോരാളിയുമൊക്കെ അനുഷ്ഠാനങ്ങളുടെ ഭാരമില്ലാതെ ക്രിസ്തുവിനെ പ്രണമിച്ചത്. സകലര്‍ക്കും, സകല മതസ്ഥര്‍ക്കും പ്രാര്‍ത്ഥനയുടെ ഉത്തരമാണ് ക്രിസ്തു, സംശയമില്ല – തമഃ സോ മഃ ജ്യോതിര്‍ഗമയാ....!

ദൈവിക വെളിച്ചത്തിലേയ്ക്കുള്ള ക്ഷണമാണ് മറ്റൊരു ക്രിസ്തുമസ്സ്. ക്രിസ്തു വിശ്വവെളിച്ചമാണ്. പാപം ഇരുട്ടാണ്. എന്നും നാം വെളിച്ചത്തില്‍ ആയിരിക്കാനുള്ള ക്രിസ്തുവിന്‍റെ ക്ഷണംതന്നെയാണ് അവിടുത്തെ സുവിശേഷം. ഇനി അവിടുന്ന് എപ്പോള്‍ വരുമെന്ന് നമുക്കറിയില്ല. ആകയാല്‍ ജാഗ്രതയോടെ ജീവിക്കാം, കാത്തിരിക്കാം, തയ്യാറായിരിക്കാം. എന്നും വിശ്വപ്രകാശമായ ക്രിസ്തുവിന്‍റെ വെളിച്ചത്തിലായിരിക്കാം.... അവിടുത്തെ സ്നേഹമഴ നമ്മില്‍ വര്‍ഷിക്കുവോളം നമ്മുടെ ഹൃദയങ്ങളും കുടുംബങ്ങളും സമൂഹങ്ങളും സജ്ജമാക്കാം. അവിടുത്തേയ്ക്കായ് ജാഗരൂകതയോടെ അവ തുറന്നുവയ്ക്കാം.
Prepared by nellikal, Radio Vatican








All the contents on this site are copyrighted ©.