2013-11-27 19:50:27

നവീകരണത്തിനുള്ള
ക്ഷണമായിരുന്നു വിശ്വാസവത്സരം


27 നവംബര്‍ 2013, വത്തിക്കാന്‍
നവീകരണത്തിനുള്ള ക്ഷണമായിരുന്നു വിശ്വാസവത്സരമെന്ന്, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലാ പ്രസ്താവിച്ചു.
ഒരു വര്‍ഷക്കാലം നീണ്ടുനിന്ന സഭയുടെ വിശ്വാസവത്സര പരിപാടികളെക്കുറിച്ച് നവംബര്‍ 25-ാം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ ഇങ്ങനെ പ്രസ്താവിച്ചത്.

ആഗോളതലത്തിലുള്ള വിവിധ പരിപാടികള്‍ വിശ്വാസവര്‍ഷത്തില്‍ സംഘടിപ്പിച്ചിരുന്നെങ്കിലും, മാനസാന്തരത്തിലൂടെ സകലരെയും രക്ഷയിലേയ്ക്കു വിളിക്കുന്ന ക്രിസ്തുവിലുള്ള നവീകരണമായിരുന്നു പദ്ധതിയുടെ ലക്ഷൃമെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ വ്യക്തമാക്കി. ആരാധനക്രമത്തില്‍, വിശിഷ്യാ പരിശുദ്ധ ദിവ്യകാരുണ്യത്തിലുള്ള ഒരോ ക്രൈസ്തവന്‍റെയും വിശ്വാസത്തിന് നവമായ ബോധ്യം നല്കിക്കൊണ്ട്, ആത്മവിശ്വാസത്തോടും പ്രത്യാശയോടുംകൂടെ ജീവിതങ്ങള്‍ മുന്നോട്ടു നയിക്കാന്‍ വിശ്വാസവത്സരം പ്രേരകമായിട്ടുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ തന്‍റെ റിപ്പോര്‍ട്ടില്‍ പ്രസ്താവിച്ചു.

സംഘടിതവും സമഗ്രവുമായ പുനര്‍പരിശോധനയും വിശ്വാസസത്യങ്ങളുടെ സൂക്ഷ്മനിരീക്ഷണവും പഠനങ്ങളും ആഗോള സഭയില്‍ വളരെ ചിട്ടയോടെ ഇക്കാലയളവില്‍ നടന്നിട്ടുണ്ടെന്ന് പരിപാടികളുടെ വിശദാംശങ്ങള്‍ ഉല്‍ച്ചേര്‍ത്തുകൊണ്ട് ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ റിപ്പോര്‍ട്ടില്‍ പ്രസ്താവിച്ചു. 2012 ഒക്ടോബര്‍ 11-ാം തിയതി ബനഡിക്ട് 16-ാമന്‍ പാപ്പാ തുടക്കംകുറിച്ച വിശ്വാസവത്സരം 2013 നവംബര്‍ 24-ാം തിയതി ക്രിസ്തുരാജന്‍റെ മഹോത്സവത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടെയും ഇതര വിശ്വാസപ്രഖ്യാപന പരിപാടികളോടെയുമാണ് സമാപിച്ചത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.