2013-11-27 19:18:13

ക്രിസ്തുവിന്‍റെ
ഛായാചിത്രം പഠനവിഷയം


27 നവംബര്‍ 2013, വത്തിക്കാന്‍
ക്രിസ്തുവിന്‍റെ ഛായാചിത്രത്തെക്കുറിച്ചുള്ള ചരിത്രഗന്ഥം വത്തിക്കാന്‍ മുദ്രണാലയം (Libreria Editrice Vaticana) പ്രസിദ്ധീകരിക്കുന്നു. പ്രശസ്ത ഇറ്റാലിയന്‍ കലാവിമര്‍ശകനും ഗ്രന്ഥകാരനുമായ മാരിയോ ഡെല്‍ ബേല്ലൊ-യാണ് രണ്ടു സഹസ്രാബ്ദങ്ങളിലൂടെ കടന്നുവരുന്ന ക്രിസ്തുവിന്‍റെ ചിത്രീകരണത്തെക്കുറിച്ച് ഗവേണപഠനം നടത്തിയത്.

മനുഷ്യകുലം ഇന്ന് ക്രിസ്തുവെന്നു വിളിക്കുന്ന ഗലീയയില്‍ ജീവിച്ച നസ്രത്തിലെ ഗുരു, യേശുവിന്‍റെ രൂപം എന്തായിരുന്നവെന്ന്, ചരിത്രപഠനത്തിലൂടെ വെളിപ്പെടുത്തുന്ന ഗ്രന്ഥമാണ് മാരിയോ ബേല്ലോയുടെ ‘ക്രിസ്തുവിന്‍റെ ഛായാചിത്രങ്ങള്‍’ THE PORTRAITS OF CHRIST. ആദ്യാനൂറ്റാണ്ടിലെ ചുവര്‍ചിത്രങ്ങള്‍ മുതല്‍ ആധുനിക സിനിമയിലെ ചിത്രീകരണങ്ങള്‍ വരെ കാലാനുക്രമത്തിലും ശാസ്ത്രീയമായും മാരോയോ ഗ്രന്ഥത്തില്‍ പഠനംനടത്തിയിരിക്കുന്നു. അപ്പസ്തോല കാലത്തുള്ള ചുവര്‍ച്ചിത്രങ്ങളും, ആദ്യ നൂറ്റാണ്ടുകളിലെ മൊസൈക്ക്, എണ്ണച്ചായാചിത്രീകരണങ്ങളും മാരിയോയുടെ പഠിനവിഷയമാണ്. മദ്ധ്യകാലഘട്ടത്തിലെയും ഗോതിക്ക് കലാകാലത്തെയും വിശ്വത്തര ക്രിസ്തുരൂപങ്ങളും പ്രതിമകളും അതിലുണ്ട്. പിന്നെ നവോത്ഥാനകാലഘട്ടത്തിലെയും ബറോക്ക് ശൈലിയിലെയും ക്രിസ്തുവിന്‍റെ പഠനങ്ങളിലൂടെ മൈക്കിളാഞ്ചലോ, ലിയനാര്‍ഡോ വീഞ്ചി, റഫായേല്‍, കറവാജിയോ‍ എന്നിവരുടെയും ചിത്രീകരണങ്ങളും മാരിയോ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിരിക്കുന്നു. പാവളോ പസ്സൊളീനി മുതല്‍ ഫ്രാങ്കോ സെഫിറേല്ലിയുടെയും മെല്‍ഗിബസന്‍റെയും ആധുനികകാലത്തെ അഭ്രപാളികളിലെ ക്രിസ്തുവിനെയും ഉള്‍ച്ചേര്‍ത്തിരിക്കുന്ന അപൂര്‍വ്വ പഠനവും ശേഖരവുമാണ് വത്തിക്കാന്‍റെ ഈ പ്രസിദ്ധീകരണം.

അമര്‍ത്യത തേടുന്ന മനുഷ്യന്‍റെ മര്‍ത്യതയുടെ വേദനയും ജീവിതദുഃഖങ്ങളുമായി സാരൂപ്യപ്പെടുന്ന ക്രിസ്തുവിന്‍റെ പീഡാനുഭവവും കുരിശുമരണവും, പിന്നെ പുനരുത്ഥാനവും ചരിത്രത്തില്‍ ഉടനീളം ചിത്രകാരന്മാരുടെ ഇഷ്ടവിഷയങ്ങളായിരുന്നുവെന്ന് മാരിയോ ബേല്ലോ തന്‍റെ പഠനഗ്രന്ഥത്തില്‍ നീരിക്ഷിക്കുന്നുണ്ട്.

നവംബര്‍ 29-ാം തിയതി പ്രശസ്ത ഇറ്റാലിയന്‍ ചലച്ചിത്രതാരം എലനോരാ മസ്സോണി, ഗ്രന്ഥഭാഗം പാരായണംചെയ്തുകൊണ്ട് റോമില്‍ മാരിയോയുടെ ചരിത്രപഠനത്തിന്‍റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കുമെന്ന് വത്തിക്കാന്‍ ഗ്രന്ഥാലയത്തിന്‍റെ പ്രസ്താവന വെളിപ്പെടുത്തി.
ufficiostampa@lev.va
Reported : nellikal, seodc








All the contents on this site are copyrighted ©.