2013-11-27 18:58:13

എയിഡ്സ്
നിര്‍മ്മാര്‍ജ്ജനം ചെയ്യാം


27 നവംബര്‍ 2013, റോം
ഉത്തരവാദിത്വപൂര്‍ണ്ണമായ വ്യക്തിബന്ധങ്ങളും പെരുമാറ്റവുമാണ് എയിഡ്സ് നിര്‍മ്മാര്‍ജ്ജനത്തിന് അനിവാര്യമെന്ന് സഭയുടെ ഉപവി പ്രസ്ഥാനം, Caritas International സംഘടനയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഓസ്ക്കര്‍ മെരിദിയാഗാ പ്രസ്താവിച്ചു.
ഡിസംബര്‍ 1-ാം തിയതി ഞായറാഴ്ച ആചരിക്കപ്പെടുന്ന ലോക എയിഡ്സ് ദിനത്തോടനുബന്ധിച്ച് ഇറക്കിയ പ്രസ്താവനയിലാണ് കര്‍ദ്ദിനാള്‍ മെരിദിയാഗാ ഇങ്ങനെ പ്രസ്താവിച്ചത്.

ദാമ്പത്ത്യജീവിതത്തില്‍ വ്യക്തികള്‍ വിശ്വസ്ത പുലര്‍ത്തിക്കൊണ്ടും അവിഹിത ലൈംഗികവേഴ്ച ഒഴിവാക്കിക്കൊണ്ടും സമൂഹത്തില്‍ ഉത്തരവാദിത്വ പൂര്‍ണ്ണമായ വ്യക്തിബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനായാല്‍ എയിഡ്സിന്‍റെ സമ്പൂര്‍ണ്ണ നിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമാക്കാമെന്ന് റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ മെരിദിയാഗ ചൂണ്ടിക്കാട്ടി.
കുത്തിവയ്പ്പിലൂടെയുള്ള ഉത്തേജകമരുന്നുകളുടെയും ലഹരി ലായനികളുടെയും ഉപയോഗം എയിഡ്സ് രോഗത്തിന്‍റെ അപകടകാരിയായ വാഹിനിയാണെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കി.

വ്യക്തികളെ മാത്രമല്ല കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും ഇല്ലായ്മചെയ്യുന്ന
HIV AIDS പകര്‍ച്ചവ്യാധി സമൂഹത്തില്‍നിന്നും തുടച്ചുമാറ്റാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും, പരസ്പര ബന്ധങ്ങളിലുള്ള സാന്മാര്‍ഗ്ഗിക സമഗ്രതവഴി അത് യാഥാര്‍ത്ഥ്യമാക്കണമെന്നും കര്‍ദ്ദിനാള്‍ മരദിയാഗ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.