2013-11-26 11:29:37

വിശ്വാസവത്സരത്തിന്
തിരശ്ശീല വീണു


26 നവംബര്‍ 2013, വത്തിക്കാന്‍
നവംബര്‍ 24-ാം തിയതി ക്രിസ്തു രാജന്‍റെ തിരുനാള്‍ ദിനത്തില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ വത്തിക്കാനില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് ഒരുവര്‍ഷക്കാലം നീണ്ടുനിന്ന വിശ്വാസവര്‍ഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചത്.

ആഗോളസഭയിലെ ഇതര റീത്തുകളുടെ തലവന്മാരായ പാത്രിയര്‍ക്കിസുമാരും, കര്‍ദ്ദിനാളന്മാരും മെത്രാപ്പോലീത്താമാരും, വൈദികരും സന്ന്യസ്തരും, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ഒരു ലക്ഷത്തോളം വരുന്ന വിശ്വാസികളും പാപ്പായ്ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ചു. കേരളത്തില്‍നിന്നും സീറോമലബാര്‍ സഭയുടെ പരമാദ്ധ്യക്ഷനും എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരി, മലങ്കരസഭാദ്ധ്യക്ഷനും തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് ബാവായും സമാപന പരിപാടികളില്‍ സന്നിഹിതരായിരുന്നു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും ഇറ്റലിയിലെ വ്യത്യസ്ത രൂപതകളില്‍നിന്നുമായെത്തിയ ഒരു ലക്ഷത്തോളംപേര്‍ പാപ്പായ്ക്കൊപ്പം സമാപനപരിപാടികളില്‍ സജീവമായി പങ്കെടുത്തു.
ദിവ്യബലിക്കുമുന്‍പ് സുനാമിയുടെ കെടുതിയില്‍പ്പെട്ട ഫിലിപ്പീസിനുവേണ്ടി സഹായധനം ശേഖരം നടത്തിയതും, വിശുദ്ധ പതോസിന്‍റെ തിരുശേഷിപ്പുകള്‍ കരങ്ങളില്‍ വഹിച്ചുകൊണ്ട് പാപ്പാ വിശ്വാസപ്രമാണം ചൊല്ലി, പൊതുവണക്കം നടത്തിയതും, ദിവ്യബലിയുടെ അന്ത്യത്തില്‍ Evangelii Gaudium ‘സുവിശേഷസന്തോഷം’ എന്ന തന്‍റെ പ്രഥമ അപ്പസ്തോലിക പ്രബോധനം പ്രകാശനംചെയ്തതും സമാപനകര്‍മ്മത്തിലെ വിശ്വാസത്തിന്‍റെ തുടര്‍പ്രഘോഷണങ്ങളായി തെളിഞ്ഞുനിന്നു.
Reported : nellikal, sedoc









All the contents on this site are copyrighted ©.