2013-11-26 11:58:36

കൂടാരവും സാക്ഷൃപേടകവും
ഇസ്രായേലിന്‍റെ വിശ്വാസഗേഹം (65)


RealAudioMP3
ഫറവോയുടെ കാലത്ത് ഈപ്തില്‍നിന്നു രക്ഷപ്പെട്ടത് അടിമകളായവരുടെ സംഘങ്ങളാണെന്നത് നിരൂപകന്മാരുടെ പുതിയൊരു വാദമുഖമാണ്. അവരുടെ സാഹസികമായ മുന്നേറ്റവും, സാമൂഹ്യവും-മതാത്മകവുമായ ജീവിതരീതികളും ഗീതങ്ങളും കഥകളുമായി രചിക്കപ്പെട്ടിരുന്നു. ഇവയുടെ സംഗ്രഹമാണ് പുറപ്പാടു രചന എന്ന പണ്ഡിതന്മാരുടെ പക്ഷത്തെക്കുറിച്ചു നാം കഴിഞ്ഞപ്രക്ഷേപണത്തില്‍ പരമാര്‍ശിച്ചതാണ്. അവ വ്യത്യസ്ത പാരമ്പര്യങ്ങളില്‍ ഉത്ഭവിച്ചവയും രചിക്കപ്പെട്ടവയുമാണ്. അങ്ങനെ പുറപ്പാടു രചനയുടെ ഇന്നത്തെ രൂപം പിന്നീട് കോര്‍ത്തിണക്കപ്പെട്ട സംക്ഷേപമാണെന്ന വാദം ഇന്ന് പ്രബലപ്പെട്ടുവരുന്നുണ്ട്. സീനായ് അനുഭവത്തില്‍ ഇസ്രായേല്‍ ജനത്തിന്‍റെ ശ്രദ്ധേയമായ ഘടകമായി കൂടാരവും അതുമായി ബന്ധപ്പെട്ട നിര്‍മ്മിതകളും രണ്ടാം തവണയും പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. കാരണം അത് അവരുടെ വിശ്വാസരൂപീകരണത്തിന്‍റെ അനിവാര്യമായ ഭാഗമായിരുന്നു. പൗരോഹിത്യപാരമ്പര്യത്തില്‍ കൂടാര നിര്‍മ്മിതിയുടെ വിശദാംശങ്ങളും അനുബന്ധങ്ങളും വീണ്ടും പ്രതിപാദിക്കപ്പെടുകയാണ്.

തിരഞ്ഞെടുക്കപ്പെട്ട വളരെ വിദഗ്ദ്ധരായ വ്യക്തികളാണ് കൂടാരത്തിന്‍റെ പണിയില്‍ ഏര്‍പ്പെട്ടിരുന്നത്. വളരെ പരിമിതമായ അന്നത്തെ ചുറ്റുപാടുകളിലും പത്തു വിരികള്‍കൊണ്ട് അവര്‍ കൂടാരമുണ്ടാക്കി. പൗരോഹത്യ പാരമ്പര്യത്തിന്‍റെ രചയിതാവ് അതിന്‍റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ് നല്കുന്നത്.
“കൂടാരത്തിനുള്ള വിരികള്‍ നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍ നെയ്തെടുത്ത ചണത്തുണികൊണ്ടു നിര്‍മ്മിച്ചവയും, കെറൂബുകളുടെ ചിത്രം തുന്നി അലങ്കരിച്ചവയുമായിരുന്നു. ഓരോ വിരിയുടെയും നീളം ഇരുപത്തെട്ടു മുഴവും, വീതി നാലു മുഴവുമായിരുന്നു. എല്ലാ വിരികളും ഒരേ അളവിലുള്ളതായിരുന്നു. അവര്‍ അഞ്ചു വിരികള്‍ ഒന്നിനൊന്നു യോജിപ്പിച്ചു. അതുപോലെ മറ്റേ അഞ്ചു വിരികളും. ആദ്യഗണം വിരികളില്‍ അവസാനത്തേതിന്‍റെ വക്കില്‍ നീലനൂല്‍കൊണ്ട് അവര്‍ വളയങ്ങള്‍ നിര്‍മ്മിച്ചു. അപ്രകാരം തന്നെ രണ്ടാം ഗണം വിരികളില്‍ അവസാനത്തേതിന്‍റെ വക്കിലും. ഒന്നാമത്തേതിലും രണ്ടാമത്തേതിലും അവര്‍ പത്തു വളയങ്ങള്‍ വീതമുണ്ടാക്കി. ഒന്നിനുനേരെ ഒന്നു വരത്തക്ക വിധത്തിലാണ് വളയങ്ങള്‍ തുന്നിച്ചേര്‍ത്തു നിര്‍മ്മിച്ചത്. പിന്നെ അന്‍പതു സ്വര്‍ണ്ണക്കൊളുത്തുകളും ഉണ്ടാക്കി, വിരികള്‍ പരസ്പരം ബന്ധിപ്പിച്ചു. അങ്ങനെ കൂടാരം ഒന്നായിത്തീര്‍ന്നു. കര്‍ത്താവിനായ് ഇസ്രായേല്‍ കൂടാരമുയര്‍ത്തി.”

കൂടാരത്തിന്‍റെ മുകള്‍ ഭാഗം മൂടുന്നതിന് കോലാട്ടിന്‍ തുകലും രോമവുംകൊണ്ട് അവര്‍ പതിനൊന്നു വിരികളുണ്ടാക്കി. അവയുടെ വിവരണം, ഗ്രന്ഥകാരന്‍ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു.
“ഓരോ വിരിയുടെയും നീളം മുപ്പതു മുഴവും, വീതി നാലു മുഴവുമായിരുന്നു. പതിനൊന്നു വിരികള്‍ക്കും ഒരേ അളവുതന്നെ. അവര്‍ അഞ്ചു വിരികള്‍ ഒന്നിനോടൊന്നു തുന്നിച്ചേര്‍ത്തു. അതുപോലെ മറ്റേ ആറു വിരികളും ചേര്‍‍ത്തു പിടിപ്പിച്ചു. ഇരുഗണത്തെയും തമ്മില്‍ യോജിപ്പിക്കുന്ന വിരികളുടെ വിളുമ്പുകളില്‍ അന്‍പതു വളയങ്ങള്‍ വീതം നിര്‍മ്മിച്ചു. കൂടാരം കൂട്ടിയോജിപ്പിക്കാന്‍ ഓടുകൊണ്ട് അന്‍പതു കൊളുത്തുകളും ഉണ്ടാക്കി. ഊറയ്ക്കിട്ട മുട്ടാടിന്‍തോലുകൊണ്ട് കൂടാരത്തിന് ഒരാവരണവും അതിനുമീതെ നിലക്കരടിത്തോലുകൊണ്ട് വേറൊരാവരണവും നിര്‍മ്മിച്ചു. പിന്നെ അതിന് കരുവേലപ്പലകകള്‍കൊണ്ടു നിവര്‍ന്നുനില്‍ക്കുന്നതിന് ചട്ടങ്ങളുണ്ടാക്കി. ഓരോ പലകയുടെയും നീളം പത്തു മുഴമായിരുന്നു. വീതി ഒന്നര മുഴവും. പലകകളെ തമ്മില്‍ ചേര്‍ക്കുന്നതിന് അവയിലോരോന്നിലും ഈരണ്ടു കുടുമകളും പിടിപ്പിച്ചു.”

കൂടാരത്തിന്‍റെ പാര്‍ശ്വബലമായി അഴികള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചും ഗ്രന്ഥകാരന്‍ ഇപ്രകാരം വിവരിച്ചിരിക്കുന്നു.
“കരുവേലത്തടികൊണ്ട് അവര്‍ അഴികള്‍ നിര്‍മ്മിച്ചു. കൂടാരത്തിന്‍റെ ഒരു വശത്തെ പലകകള്‍ക്ക് അഞ്ച് അഴികളുണ്ടായിരുന്നു. മറുവശത്തുള്ള പലകകള്‍ക്കും അഞ്ച് അഴികള്‍തന്നെ. കൂടാരത്തിന്‍റെ പിന്‍ഭാഗമായ പടിഞ്ഞാറു വശത്തു സ്ഥാപിച്ച പലകകള്‍ക്കും അഞ്ച് അഴികളുണ്ടായിരുന്നു. നടുവിലുള്ള അഴി പലകയുടെ പകുതി ഉയരത്തില്‍വച്ച് ഒരറ്റം മുതല്‍, മറ്റേ അറ്റംവരെ കടത്തിവിട്ടു. അവര്‍ പലകകളും അഴികളും സ്വര്‍ണ്ണംകൊണ്ടു പൊതിയുകയും അഴികള്‍ ഇടാനുള്ള വളയങ്ങള്‍ സ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിക്കുകയും ചെയ്തു.”

ഇനി അവര്‍ കൂടാരത്തിന്‍റെ പൂജ്യാഭാഗം, അതായത് കല്പനയുടെ ഫലകങ്ങള്‍ സൂക്ഷിക്കാനുള്ള ഭാഗം മറയ്ക്കാന്‍ പ്രത്യേക തിരശ്ശീല ഉണ്ടക്കുന്നതു ശ്രദ്ധിക്കാം
“നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും, നേര്‍മ്മയില്‍ നെയ്തെടുത്ത ചണത്തുണിയും ഉപയോഗിച്ചൊരു തിരശ്ശീലയുണ്ടാക്കി. കെറൂബുകളുടെ ചിത്രം വിദഗ്ദ്ധമായി അതില്‍ തുന്നിച്ചേര്‍ത്ത് അലങ്കരിച്ചു.
അവര്‍ കരുവേലത്തിടകൊണ്ടു നാലു തൂണുകളുണ്ടാക്കി, സ്വര്‍ണ്ണംകൊണ്ടും നാലു തൂണുകളുണ്ടാക്കി. പിന്നെ സ്വര്‍ണ്ണക്കൊളുത്തുകളും, വെള്ളികൊണ്ടു നാലു പാദകുടങ്ങളും പണിതീര്‍ത്തു.
നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകള്‍ ഉപയോഗിച്ച് നേര്‍മ്മയില്‍ നെയ്ത തിരശ്ശീല ചിത്രത്തുന്നല്‍കൊണ്ട് അവര്‍ ഭംഗിയായ് അലങ്കരിച്ചു. പിന്നെ, ചണത്തുണി ഉപയോഗിച്ച് കൂടാരവാതിലിന് അവര്‍ യവനികയുണ്ടാക്കി. അതിനായി അഞ്ചു തൂണുകളും അവയില്‍ കൊളുത്തുകളുമുണ്ടാക്കി. തൂണുകളുടെ ശീര്‍ഷകങ്ങള്‍ അവര്‍ സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു. പട്ടകള്‍ സ്വര്‍ണ്ണംകൊണ്ടും, അവയുടെ അഞ്ചു പാദകുടങ്ങള്‍ ഓടുകൊണ്ടും നിര്‍മ്മിച്ചു.”

മോശ പ്രത്യേകം തിരഞ്ഞെടുത്ത പ്രഗത്ഭനായ വാസ്തുകാരന്‍, ബസാലേല്‍ കരുവേലത്തടികൊണ്ടു പേടകമുണ്ടാക്കി. സാക്ഷൃപേടകത്തിന്‍റെ വിശദാംശങ്ങള്‍ നമുക്കു ശ്രദ്ധിക്കാം. അതിന്‍റെ നീളം രണ്ടരമുഴം, വീതിയും ഉയരവും ഒന്നര മുഴം ആയിരുന്നു. പിന്നെ തനിസ്വര്‍ണ്ണംകൊണ്ട് അതിന്‍റെ അകവും പുറവും പൊതിഞ്ഞു. അതിനുചുറ്റും സ്വര്‍ണ്ണംകൊണ്ടുള്ള അരികുപാളിയും പിടിപ്പിച്ചു. നാലു സ്വര്‍ണ്ണ വളയങ്ങളുണ്ടാക്കി ഒരു വശത്തു രണ്ടും മറുവശത്തു രണ്ടുമായി അവ, നാലു മൂലകളില്‍ ഘടിപ്പിച്ചു.... പിന്നെ കരുവേലത്തടികൊണ്ടു തണ്ടുകളുണ്ടാക്കി സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു. പേടകം വഹിക്കുന്നതിന് അതിന്‍റെ വശങ്ങളിലുളള വളയങ്ങളിലൂടെ തണ്ടുകള്‍ കടത്തി. പിന്നെ തനിസ്വര്‍ണ്ണംകൊണ്ട് കൃപാസനം നിര്‍മ്മിച്ചു. അതിന്‍റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴുവുമായിരുന്നു. കൃപാസനത്തിന്‍റെ രണ്ടഗ്രങ്ങള്‍ സ്ഥാപിക്കാന്‍ സ്വര്‍ണ്ണത്തകിടുകൊണ്ട് രണ്ടു കെറൂബുകളെ നിര്‍മ്മിച്ചു. രണ്ടഗ്രങ്ങളിലും ഒന്നുവീതം സ്ഥാപിച്ചു. കൃപാസനത്തോട് ഒന്നായിച്ചേര്‍ത്താണ് അവയെ നിര്‍മ്മിച്ചത്. കെറൂബുകള്‍ മുകളിലേയ്ക്കു ചിറകുകള്‍ വിരിച്ച് കൃപാസനത്തെ മൂടിയിരുന്നു. കൃപാസനത്തിലേയ്ക്കു തിരിഞ്ഞ് അവ മുഖാഭിമുഖം നിലകൊണ്ടു.
തിരുസാന്നിദ്ധ്യത്തിന്‍റെ അപ്പം സൂക്ഷിക്കുന്നതിന് കരുവേലത്തടികൊണ്ട് അവന്‍ മേശയുണ്ടാക്കി അതിനു രണ്ടു മുഴം നീളവും, ഒരു മുഴം വീതിയും, ഒന്നരമുഴം ഉയരവുമുണ്ടായിരുന്നു.
തനി സ്വര്‍ണ്ണംകൊണ്ട് അതു പൊതിയുകയും മുകള്‍ഭാഗത്തു ചുറ്റിലും സ്വര്‍ണ്ണംകൊണ്ട് അരികുപാളി പിടിപ്പിക്കുകുയും ചെയ്തു. അതിനുചുറ്റും കൈപ്പത്തിയുടെ വീതിയില്‍ ഒരു ചട്ടവും, ചട്ടത്തിനു ചുറ്റും സ്വര്‍ണ്ണംകൊണ്ട് അരികുപാളിയും പിടിപ്പിച്ചു. അതിന് നാലു സ്വര്‍ണ്ണവളയങ്ങള്‍ നിര്‍മ്മിച്ച് അവ മേശയുടെ നാലു കാളുകളില്‍ ഘടിപ്പിച്ചു. മേശ വഹിക്കാനുള്ള തണ്ടുകള്‍ കടത്തിയിരുന്ന വളയങ്ങള്‍ ചട്ടത്തോടു ചേര്‍ന്നതായിരുന്നു. ഈ തണ്ടുകള്‍ അവര്‍ കരുവേലത്തടികൊണ്ടുണ്ടാക്കി, സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞു. മേശപ്പുറത്തേയ്ക്കുള്ള ഉപകരണങ്ങള്‍ – താലങ്ങള്‍, തട്ടങ്ങള്‍, കലശങ്ങള്‍, ബലിക്കുള്ള ചഷകങ്ങള്‍ എന്നിവ – തനിസ്വര്‍ണ്ണംകൊണ്ടവര്‍ നിര്‍മ്മിച്ചു.

പുറപ്പാടുഗ്രന്ഥത്തിന്‍റെ വ്യത്യസ്ഥ പാരമ്പര്യങ്ങളില്‍ വളര്‍ന്നുവന്ന രചനയുടെ വൈവിദ്ധ്യമാര്‍ന്ന ശൈലിയും ആവര്‍ത്തനവുംകൊണ്ട്, ഈജിപ്തില്‍നിന്നും അടിമകളായവരുടെ വിവിധ ഗ്രൂപ്പുകള്‍ പുറപ്പെട്ടിരിക്കാനുള്ള സാദ്ധ്യതയാണ് സ്ഥിരീകരിക്കുന്നത്. ഓരോ സംഘത്തിനും വ്യത്യസ്ഥങ്ങളായ നീക്കങ്ങളും പ്രവര്‍ത്തനരീതികളും ഉണ്ടായിരുന്നിരിക്കണം. ഇവയാണ് പുറപ്പാടു രചിനയില്‍ നാം ആവര്‍ത്തിച്ചു കാണുന്ന വൈവിദ്ധ്യമാര്‍ന്ന വിവരണങ്ങള്‍ക്കു കാരണം. ആവര്‍ത്തിച്ചുള്ള ആചാരാനുഷ്ഠാനങ്ങളും അവയുമായി ബന്ധപ്പെട്ട കാര്യങ്ങളും, അവയുടെ സൂക്ഷ്മ വിവരണങ്ങളും നിര്‍മ്മിതിയും തുടര്‍ന്നും പഠിക്കാം.
Prepared by Nellikal, Radio Vatican









All the contents on this site are copyrighted ©.