2013-11-24 18:53:00

വിശ്വാസത്തില്‍ ക്രിസ്തുവിന്‍റെ
കൂടെനടക്കുന്നവര്‍


24 നവംബര്‍ 2013, വത്തിക്കാന്‍
ആഗോളസഭ ആചരിച്ച വിശ്വാസവത്സരത്തിന് സമാപനം കുറിക്കുന്നതിന്‍റെ ഭാഗമായി നവംബര്‍ 23-ാം തിയതി ശനിയാഴ്ച ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍നിന്നായി അഞ്ഞൂറോളം പ്രായപൂര്‍ത്തിയായ ജ്ഞാനസ്നാനാര്‍ത്ഥികള്‍ വത്തിക്കാനില്‍ സമ്മേളിച്ചിരുന്നു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസ് നയിച്ച പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ അവരെ ഔദ്യോഗികമായി ജ്ഞാനസ്നാനാര്‍ത്ഥികളായി സ്വീകരിക്കുകയും, അവരില്‍ 37-പേര്‍ക്ക് വിശുദ്ധ ഗ്രന്ഥം നല്കിക്കൊണ്ട് ജ്ഞാനസ്നാനം ഉടനെ സ്വീകരിക്കാനുള്ള അവരുടെ തയ്യാറെടുപ്പിനെയും സന്നദ്ധതയെയും പാപ്പാ അംഗീകരിക്കുകയും ചെയ്തു.
പരിശുദ്ധാത്മഗീതത്തോടെ ആരംഭിച്ച ശുശ്രൂഷയില്‍, അര്‍ത്ഥികളുടെ വിശ്വാസസാക്ഷൃം, മദ്ധ്യസ്ഥപ്രാര്‍ത്ഥന, വചനപാരായണം, സ്തുതിപ്പുകള്‍, വിശ്വാസപ്രഖ്യാപനം എന്നിങ്ങനെ ശ്രദ്ധേയമായ ഇനങ്ങള്‍ ഉണ്ടായിരുന്നു. വിശ്വാസവര്‍ഷത്തിന്‍റെ അന്ത്യത്തില്‍, ജ്ഞാനസ്നാനാര്‍ത്ഥികളുടെ രൂപീകരണം അനിവാര്യമാണെന്ന അനുസ്മരിപ്പിച്ചുകൊണ്ടും, ജ്ഞാനസ്നമെന്ന പ്രാഥമിക കൂദാശയുടെ പ്രാധാന്യവും പ്രസക്തിയുടം സഭ പ്രഖ്യാപിച്ചുകൊണ്ടുമായിരുന്നു മനോഹരമായ ശുശ്രൂഷ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടത്തപ്പെട്ടത്.

47 രാജ്യങ്ങളില്‍ നിന്നെത്തിയ ജ്ഞാനസ്നാനാര്‍ത്ഥികളും അവരുടെ പ്രിയപ്പെട്ടവരും ചേര്‍ന്ന വിശ്വാസസമൂഹത്താല്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്ക നിറഞ്ഞിരുന്നു. ശുശ്രൂഷയ്ക്ക് നേതൃത്വംനല്കിയ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധഗ്രന്ഥ പാരായണത്തെ തുടര്‍ന്ന് വചനചിന്തകള്‍ പങ്കുവച്ചു.

പ്രിയ ജ്ഞാനസ്നാനാര്‍ത്ഥികളേ, സ്നേഹിതരേ,
വിശ്വാസവത്സരത്തിന്‍റെ പരിസമാപ്തിയില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നം എത്തിയ ജ്ഞാനസ്നാനാര്‍ത്ഥികളായ നിങ്ങളെ സ്വീകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. നിങ്ങളുടെ വിശ്വാസയാത്രയില്‍ പിന്‍ബലമായി മാതാപിതാക്കളും, ബന്ധുമിത്രാതികളും, സ്നേഹിതരും, നിങ്ങളെ ഒരുക്കിയ മതാദ്ധ്യാപകരും, മറ്റു അഭ്യൂദയകാംക്ഷികളും ഇവിടെയുണ്ടെന്ന് എനിക്കറിയാം. ക്രിസ്തുവില്‍ നാം എല്ലാവരും ഒന്നാകുന്ന കൂട്ടായ്മയാണിത്. നിങ്ങള്‍ വിവിധ രാജ്യങ്ങളില്‍നിന്നും, വ്യത്യസ്ത സാംസ്ക്കാരിക പശ്ചാത്തലങ്ങളില്‍നിന്നുമാണ് വന്നിരിക്കുന്നത്. ഈ സായാഹ്നത്തില്‍ നമ്മെ ഇവിടെ ഒന്നിച്ചുകൂട്ടുന്ന വിവിധ ഘടകങ്ങളുണ്ടെങ്കിലും, ആദ്യത്തേത് ദൈവത്തിനായുള്ള നിങ്ങളുടെ തീക്ഷ്ണതയാണ്, അതിയായ ആഗ്രഹമാണ്. സങ്കീര്‍ത്തകന്‍റെ വാക്കുകളില്‍,
“നീര്‍ച്ചാലു തേടുന്ന മാന്‍പേടയെപ്പോലെ ദൈവമേ,
എന്‍റെ ഹൃദയം അങ്ങയെ തേടുന്നു. ദൈവത്തിനായി ഞാന്‍ ദാഹിക്കുന്നു.
അതേ, ജീവിക്കുന്ന ദൈവത്തിനുവേണ്ടി ഞാന്‍ ദാഹിക്കുന്നു.
എപ്പോഴാണ് ദൈവമേ, അങ്ങേ തിരുമുഖം ഞാന്‍ ദര്‍ശിക്കുന്നത്” (സങ്കീര്‍ത്തനം 42, 2-3).
എന്ന് നമുക്കും പ്രാര്‍ത്ഥിക്കാം. ദൈവത്തിനായുള്ള ഈ തൃഷ്ണയും, അവിടുത്തെ സ്നേഹത്തിനും കാരുണ്യത്തിനുമായുള്ള അഭിവാഞ്ചയും മനുഷ്യനില്‍ ഉണ്ടായിരിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തീക്ഷ്ണത നഷ്ടപ്പെട്ട വ്യക്തിയുടെ വിശ്വാസം പലപ്പോഴും പതിവും തഴക്കവുംകൊണ്ട് മന്ദവും അര്‍ത്ഥശൂന്യവുമായിത്തീരുന്നു. അത് തീനാളംപോലെ മെല്ലെ അണഞ്ഞുപോകുവാനും ഇടയുണ്ട്.

സ്നാപകയോഹന്നാന്‍ ശിഷ്യന്മാര്‍ക്ക് ക്രിസ്തുവിനെ കാണിച്ചുകൊടുത്ത സംഭവമാണ് സുവിശേഷഭാഗത്ത് (യോഹ. 1, 35-42) നിങ്ങള്‍ ശ്രവിച്ചത്. ‘ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട്,’ എന്നു പറഞ്ഞ് യോഹന്നാന്‍ ക്രിസ്തുവിനെ തന്‍റെ ശിഷ്യന്മാരെ പരിചയപ്പെടുത്തുകയും, അവരെ അവിടുത്തെ പക്കലേയ്ക്ക് പറഞ്ഞയയ്ക്കുകയും ചെയ്യുന്നു. ക്രിസ്തുവിനെ അറിഞ്ഞവര്‍ മറ്റുള്ളവരെ അവിടുത്തെ പക്കലേയ്ക്കു നയിക്കുന്ന മദ്ധ്യസ്ഥരായി മാറുന്നു. ജ്ഞാനസ്നാനാര്‍ത്ഥികളെ പ്രചോദിപ്പിക്കുന്ന മൂന്നു ഘടങ്ങളാണ് ഇന്നത്തെ സുവിശേഷ സംഭവത്തില്‍ ശ്രദ്ധേയമാകുന്നത്.

1. ക്രിസ്തുവിന്‍റെ വിളി കേള്‍ക്കല്‍
ആദ്യത്തേത് ക്രിസ്തുവിന്‍റെ വിളി കേള്‍ക്കലാണ്. യോഹന്നാന്‍റെ സാക്ഷൃം ശ്രവിക്കുന്നത് രണ്ടു പേരാണ് – കഫര്‍ണാമില്‍നിന്നുള്ള അന്ത്രയോസും സെബദീ പുത്രനായ യോഹന്നാനും. ജ്ഞാനസ്നാനാര്‍ത്ഥികളായ നിങ്ങളും അതുപോലെ, മതാദ്ധ്യാപരെ ശ്രവിച്ച്, ജ്ഞാനസ്നാനത്തിലൂടെ ക്രിസ്തുവിനെ അടുത്തറിയുവാനും അനുഗമിക്കാനും ആഗ്രഹിക്കുന്നവരാണ്.
സമൂഹത്തിന്‍റെ അകത്തും പുറത്തുമുള്ള ബഹുസ്വനതയുടെ ആരവത്തിലും ജീവിതത്തിന് അര്‍ത്ഥവും വ്യാപ്തിയും നല്കുന്ന ക്രിസ്തുവിന്‍റെ വിളി നിങ്ങള്‍ കേട്ടു കഴിഞ്ഞു.

2. ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച
വിളിയുടെ രണ്ടാം ഭാഗം, ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയാണ്. ക്രിസ്തുവിനെ കണ്ടത്തിയ രണ്ടു പേര്‍ അവിടുത്തോടുകൂടെ വസിച്ചു. പിന്നെ അവരുടെ ജീവിതാനുഭവം, അല്ലെങ്കില്‍ വിശ്വാസാനുഭവം മറ്റുള്ളവരോട് പങ്കുവയ്ക്കണമെന്ന തിടുക്കമായിരുന്നു, ബദ്ധപ്പാടായിരുന്നു. മറ്റുള്ളവരും ക്രിസ്തുവിനെ അറിയണമെന്ന് അവര്‍ അതിയായി ആഗ്രഹിച്ചു. അന്ത്രയോസ് ആദ്യം തന്‍റെ ജ്യേഷ്ഠന്‍ ശിമയോന്‍റെ പക്കല്‍ ചെന്ന്, ക്രിസ്തുവിനെക്കുറിച്ചു പറയുക മാത്രമല്ല, ജ്യേഷ്ഠന്‍ ശിമയോനെ ക്രിസ്തുവിന്‍റെ പക്കലേയ്ക്ക് കൂട്ടിക്കൊണ്ടു പോകയുംചെയ്തു. ജ്ഞാനസാനാനാര്‍ത്ഥികളായ നിങ്ങള്‍ ഈ രംഗം ഹൃദിസ്ഥമാക്കേണ്ടതാണ്.
ദൈവം നമ്മെ വിളിക്കുന്നത് കൂട്ടായ്മയിലേയ്ക്കാണ്. നമ്മില്‍ത്തന്നെ മറഞ്ഞിരിക്കാനോ, ഒളിഞ്ഞിരിക്കാനോ അല്ല ക്രൈസ്തവര്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ദൈവത്തെയും അവിടുത്തെ സ്നേഹവും അറിഞ്ഞ്, ആ സ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കാനാണ് നമ്മെ അവിടുന്നു ക്ഷണിക്കുന്നത്, വിളിക്കുന്നത്.

ദൈവമാണ് നമ്മെ ആദ്യം തേടിയെത്തുന്നത്, വിളിക്കുന്നത് എന്നത് വളരെ ശ്രദ്ധേയമാണ്. മനുഷ്യരുമായി ഇടപഴകുന്നതില്‍ എപ്പോഴും ദൈവമാണ് മുന്‍കൈ എടുക്കുന്നതെന്ന് വിശുദ്ധഗ്രന്ഥത്തില്‍ ഉടനീളം കാണുന്നു. എന്നാല്‍ പലപ്പോഴും മനുഷ്യന്‍റെ ഭാഗത്തുനിന്ന് അവിശ്വസ്തതയുടെയും ഒളിച്ചോട്ടത്തിന്‍റെയും പ്രതികരണമാണ് ഉണ്ടാകുന്നത്. എങ്കിലും ദൈവം വീണ്ടും നമ്മെ തേടിയെത്തുന്നു. അവിടുന്ന് സ്നേഹമുള്ള പിതാവാണ്. അവിടുന്ന് നമ്മെ പിന്നെയും അന്വേഷിക്കുകയും, നമുക്കായി കാത്തിരിക്കുകയും ചെയ്യുന്നു. മനുഷ്യരെ തന്നിലേയ്ക്കു അടുപ്പിക്കാനാവുന്ന സ്വീകാര്യമായ സമയത്തിനായി ദൈവം ക്ഷമയോടെ പാര്‍ത്തിരിക്കുന്നു. അവിടുത്തേയക്ക് ധൃതിയോ ബദ്ധപ്പാടോ ഇല്ല, അവിടുന്ന് തന്നിലേയ്ക്ക് നമ്മെ അടുപ്പിക്കാനും പൂര്‍ണ്ണമായും തന്‍റേതായി സ്വീകരിക്കുവാനും സദാ ഒരുങ്ങിയിരിക്കുകയാണ്. നമ്മെ വിളിച്ച്, സ്വീകരിച്ച ദൈവത്തിന് നമ്മെ വിട്ടുപോകാന്‍ ആഗ്രഹമില്ല. അവിടുന്ന് നമ്മോടൊത്തു വസിക്കുന്നു, സാന്ത്വനമേകുന്നു, പരിപാലിക്കുന്നു. അവിടുത്തെ ആനന്ദം നമുക്ക് പകര്‍ന്നുനല്കുന്നു. നാം അവിടുത്തെതാണ്, അവിടുത്തെ സൃഷ്ടികളാണ്. നമ്മോടുകൂടെ ആയിരിക്കുവാനും അവിടുന്ന് എപ്പോഴും ആഗ്രഹിക്കുന്നു. ഇതാണ് ദൈവസ്നേഹം, ഇതാണ് മനുഷ്യര്‍ക്കായ് എന്നും തുറക്കപ്പെടുന്ന അവിടുത്തെ സ്നേഹമുള്ള ഹൃദയം.

3. ക്രിസ്തുവിനോടൊത്തുള്ള ജീവിതയാത്ര
മൂന്നാമത്തേതും അവസാനത്തേതുമായ ഭാഗത്ത്, നമ്മുടെകൂടെ ചരിക്കുന്നു ദൈവത്തെ ധ്യാനിക്കാം. ക്രിസ്തുവിന്‍റെ പക്കല്‍ചെന്ന ശിഷ്യന്മാര്‍ പിന്നെ അവിടുത്തോടുകൂടെ എന്നും നടക്കുന്നു, വസിക്കുന്നു. ജ്ഞാനസ്നാനാര്‍ത്ഥികള്‍ ഏറെ ശ്രദ്ധിക്കേണ്ട ഭാഗമാണിത്. വിശ്വാസം ക്രിസ്തുവിനോടൊപ്പമുള്ള യാത്രയാണെന്നും, ജീവിതാന്ത്യംവരെയുള്ള തുടര്‍യാത്രയാണെന്നും, അവിടുത്തോടൊപ്പമുള്ള വാസമാണെന്നും ഓര്‍ക്കേണ്ടതാണ്. തീര്‍ച്ചായായും, യാത്രയ്ക്കിടയില്‍ ക്ഷീണവും, പാരവശ്യവും, സംഭ്രാന്തിയുമെല്ലാം ഉണ്ടാകാം. എന്നാല്‍ ജീവിതത്തില്‍ ഏതുനേരവും - വേദനയിലും പ്രതിസന്ധികളിലും ക്രിസ്തുവിനോട് ചേര്‍ന്നു നില്ക്കാന്‍ നമ്മെ സാഹായിക്കുന്നത് വിശ്വാസമാണെന്ന് ഓര്‍്ക്കുക. അങ്ങനെ വിശ്വാസത്തിലൂടെ നാം ദൈവസ്നേഹത്തിന്‍റെ മൗതികരഹസ്യത്തിലേയ്ക്ക് ആഴമായി ഇറങ്ങിച്ചെന്ന് പ്രത്യാശയിലും സമാധാനത്തിലും വളരുവാനും ജീവിക്കുവാനും ഇടയാകണം.

പ്രിയ സുഹൃത്തുക്കളേ, വിശ്വാസജീവിതത്തിലേയ്ക്കുള്ള പ്രയാണം നിങ്ങള്‍ ആരംഭിക്കുകയാണ്. സന്തോഷത്തോടെ ക്രിസ്തുവിനെ തേടുക. നിങ്ങള്‍ക്കു തുണയായി നിങ്ങളെ സ്നേഹിക്കുന്ന സഭാമാതാവ് എന്നും കൂടെയുണ്ടെന്നും ഓര്‍ക്കണം. ക്രിസ്തുശിഷ്യത്വത്തിന്‍റെ സമ്പൂര്‍ണ്ണ മാതൃകയാണ് മറിയം, യേശുവിന്‍റെ അമ്മ. വിശ്വാസത്തില്‍ മറിയം നമ്മുടെയും അമ്മയാണ്. നിങ്ങളുടെ വിശ്വാസത്തിന്‍റെ കണ്ണുതുറന്ന ആദ്യനിമിഷങ്ങളുടെ ഔല്‍സുക്യം എന്നും ഓര്‍മ്മയില്‍ ഉണ്ടായിരിക്കട്ടെ, അതു നിങ്ങള്‍ക്കു പ്രചോദനമാവട്ടെ. നിങ്ങള്‍ ക്രിസ്തുവിനെ അറിഞ്ഞ്, അവിടുത്തെ ശിഷ്യത്വം സ്വീകരിച്ച നിമിഷങ്ങളാണവ. അവിടുത്തെ ദൃഷ്ടി നിങ്ങളില്‍ ഓരോരുത്തരിലും പതിച്ച സുന്ദരമായ നിമിഷങ്ങളുമാണവ. അവിടുത്തെ സ്നേഹകടാക്ഷം ആത്മീയാനുഭവം ഒരിക്കലും നിങ്ങള്‍ മറക്കരുത്. അവിടുത്തെ ദിവ്യസ്നേഹം വിശ്വാസ്യമാണ്, അചഞ്ചലമാണ്. അവിടുന്ന് നിങ്ങളെ ഒരിക്കലും കൈവിടുകയില്ല! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!!
Translated : nellikal, Vatican Radio








All the contents on this site are copyrighted ©.