2013-11-24 19:47:32

പത്രോസ് ശ്ലീഹായുടെ തിരുശേഷിപ്പിന്‍റെ വണക്കം
വിശ്വാസജീവന്‍റെ ചരിത്രസാക്ഷൃം


2013 നവംബര്‍ 24-ാം തിയതി ഞായറാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യാകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് ഒരു വര്‍ഷക്കാലം നീണ്ടുനിന്ന വിശ്വാസവത്സര പരിപാടികള്‍ക്ക് സമാപനം കുറിച്ചത്. അപ്പസ്തോല പ്രമുഖനും ‘സഭയുടെ മൂലക്കല്ലെ’ന്ന് സുവിശേഷങ്ങള്‍ വിശേഷിപ്പിക്കുന്നവനുമായ പത്രോസ്ലീഹായുടെ തിരുശേഷിപ്പുകള്‍ പൊതുവണക്കത്തിനു വയ്ക്കുക എന്നത് സമാപനപരിപാടികളില്‍ ശ്രദ്ധേയമായ ഇനമായിരുന്നു. ദിവ്യബലിയുടെ പ്രാരംഭകര്‍മ്മത്തെ തുടര്‍ന്ന് വിശ്വാസപ്രമാണം ചെല്ലുന്ന ഭാഗത്ത് തിരുശേഷിപ്പുകളുടെ പേടം പൊതുവണക്കത്തിനായി ഉയര്‍ത്തിപ്പിടിക്കുകയും, പ്രാര്‍ത്ഥനയും അന്ത്യത്തില്‍ തിരുശേഷിപ്പ് ചുംബിച്ച് അള്‍ത്താരയില്‍ സ്ഥാപിക്കുകയും ചെയ്തു.

നീണ്ട ഗവേഷണങ്ങളുടെയും ചരിത്രപഠനങ്ങളുടെയും അന്ത്യത്തില്‍ കണ്ടെത്തി സ്ഥിരീകരിച്ച കഫര്‍ണാമിലെ മുക്കുവനും ക്രിസ്തുവിന്‍റെ പ്രിയ ശിഷ്യനുമായ പത്രോസിന്‍റെ ഭൗതികശേഷിപ്പുകള്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സഭ പൊതുവണക്കത്തിന് വയ്ക്കുന്നത്. ക്രിസ്തുവിന്‍റെ സഭയ്ക്ക് റോമില്‍ അടിത്തറ പാകിക്കൊണ്ട് ലോകത്തിന് വിശ്വാസദീപം തെളിയിച്ച അപ്പസ്തോല പ്രമുഖന്‍റെ ഇനിയും ജീവിക്കുന്ന വിശ്വാസ ചരിത്രമാണ് തിരുശേഷിപ്പിന്‍റെ പൊതുവണക്കത്തിലൂടെ ചുരുളഴിയുന്നത്.

ഗലീലിയ തീരത്ത്, ബദ്സൈദാ ഗ്രാമത്തില്‍ ജോനായുടെ പുത്രനായിട്ടാണ് ശീമോന്‍ ജനിച്ചത്. ഒരിക്കല്‍ ഗലീലിയാ തടാകത്തില്‍ മീന്‍പിടിച്ചുകൊണ്ടിരിക്കവെയാണ് ക്രിസ്തു അയാളെ വിളിച്ചത്. തന്‍റെ സഹോദരനായ അന്ത്രയോസിനോടൊപ്പം ശിമയോന്‍ ക്രിസ്തുവിന്‍റെ പക്കലെത്തി. ‘നിങ്ങളെ ഞാന്‍ മനുഷ്യരെ പിടിക്കുന്നവരാക്കാം’ (മത്തായി 4, 19) ഇതായിരുന്നു ക്രിസ്തുവിന്‍റെ വിളി. കടലുപോലെ കരുത്തനും പൊതുവെ ശാന്തനും, എന്നാല്‍ ചിലപ്പോള്‍ കോപിഷ്ഠനുമായി കലങ്ങിമറിയുന്ന ശിമയോന്‍ ക്രിസ്തുവിന്‍റെ വിളി സ്വീകരിച്ചതില്‍പ്പിന്നെ അവിടുത്തെ നിഴലുപോലെ പിന്‍പേ നടന്നു.

ഗലീലിയാ തീരത്തുള്ള കേസറിയാ ഫിലിപ്പിയില്‍വച്ച് ഒരിക്കല്‍ ശീമോന്‍ തന്‍റെ ഗുരുവിനോടു പറഞ്ഞു, “കര്‍ത്താവേ, അങ്ങ് സജീവദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ്, ലോകരക്ഷകനായ മിശിഹായാണ്” (മത്തായി 16, 16). അവിടെവച്ചാണ് യേശു പത്രോസിനെ ‘പാറ’യെന്നു വിശേഷിച്ചത്.
“പത്രോസേ, നീ പാറയാകുന്നു. ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭ പണിതുയര്‍ത്തും,” (മത്തായി 16, 18) എന്നു ക്രിസ്തു അന്ന് പ്രവചിച്ചു. തന്‍റെ എളിയ വ്യക്തിത്വത്തിന്‍റെ ജയാപജയങ്ങളിലും ബലഹീനനായ പത്രോസ് ക്രിസ്തുവിന്‍റെ ശിഷ്യന്മാരില്‍ പ്രഥമനായിരുന്നു. ചിലപ്പോഴെല്ലാം പതറിയെങ്കിലും ഇടറിയെങ്കിലും, അയാള്‍ ക്രിസ്തുവിനോടു ചേര്‍ന്നുനിന്നു. അവിടുത്തെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞെങ്കിലും പത്രോസ് അനുതപിച്ചു. അനുതാപിയായ പത്രോസ് വിശ്വാസജീവിതത്തില്‍ ഇന്നും ആര്‍ക്കും അനുകരണീയനാണ്.

ഉത്ഥാനാനന്തരം ക്രിസ്തു പത്രോസിന് പ്രത്യക്ഷപ്പെട്ടു (ലൂക്ക 24, 34). “നിങ്ങള്‍ ലോകമെങ്ങുപോയി സുവിശേഷം പ്രസിക്കുവിന്‍,” (മത്തായി 28, 19) എന്ന ഗുരുവിന്‍റെ അന്തിമാഹ്വാനം ഉള്‍ക്കൊണ്ട് ശിഷ്യന്മാര്‍ ഇറങ്ങിപ്പുറപ്പെട്ടു. പത്രോസ് ആദ്യം ജരൂസലേമില്‍ സുവിശേഷം പ്രസംഗിച്ചു. അവിടെ സഭ സ്ഥാപിച്ചു. എ.ഡി. 42-ല്‍ ഹെറോദ് അഗ്രിപ്പ പത്രോസിനെ ജരൂസലേമില്‍ ബന്ധിയാക്കി. എന്നാല്‍ കാരാഗൃഹത്തില്‍നിന്നും പത്രോസ് അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നെയും കിഴക്കോട്ടു സഞ്ചരിച്ച പത്രോസ് അന്ത്യോക്യായിലും ഗ്രീസിലെ കോറിന്തിലും സുവിശേഷം പ്രസംഗിച്ചു, ക്രിസ്തുവിന്‍റെ കൂട്ടായ്മ വളര്‍ത്തി.

ക്രിസ്തുവര്‍ഷം 60-ാമാണ്ടിലാണ് പത്രോസ് റോമിലെത്തിയതെന്ന് ചരിത്രം സാക്ഷൃപ്പെടുത്തുന്നു. റോമന്‍ ദേവന്മാരുടെയും സാമ്രാജ്യ പ്രമത്തതയുടെയും മദ്ധ്യേ പത്രോസ് ക്രിസ്തുവിനെ പ്രഘോഷിച്ചു. അവിടുത്തെ സുവിശേഷം സമൂഹത്തില്‍ പങ്കുവച്ചു. റോമിലും പത്രോസ് സഭ സ്ഥാപിച്ചു. വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ചു. നീറോ ചക്രവര്‍ത്തിയുടെ പീഡനകാലത്ത് എ.ഡി. 64-ാമാണ്ടില്‍ വത്തിക്കാന്‍ കുന്നില്‍ കുരിശില്‍ തലകീഴായി കൊല്ലപ്പെട്ട പത്രോസ്ലീഹായെ അവിടെത്തന്നെ അടക്കംചെയ്തുവെന്ന്, റോമിലെ സഭയെ നയിച്ച വിശുദ്ധ ക്ലെമെന്‍റും, സമകാലീന ചരിത്രകാരന്മാരായ താച്ചിത്തൂസും യൂസേബിയൂസും രേഖപ്പെടുത്തിയിട്ടുണ്ട്. (Writings of st. Clement and historian Tacitus and Eusesbius).

പീഡനത്തിന്‍റെ ബലിക്കളമായിരുന്ന റോമില്‍ ക്രൈസ്തവീകതയുടെ വസന്തം വിരിയുന്നത് എഡി. 326-ല്‍ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയും അമ്മ ഹെലേനയും വിശ്വാസം സ്വീകരിക്കുന്നതോടെയാണ്. കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച ബസിലിക്കയിലേയ്ക്ക് ക്രൈസ്തവരുടെ കല്ലറകളുടെ പൊതുവായ സിമിത്തേരിയില്‍നിന്നും ശ്ലീഹായുടെ ഭൗതികാവശിഷ്ടങ്ങള്‍ മാറ്റി സ്ഥാപിക്കപ്പെട്ടു (Constantine Necropolis) . അതിന് ചരിത്രരേഖകളുണ്ട്. പത്രോസിന്‍റെ അടിത്തറയില്‍ എന്നപോലെയാണ് കോണ്‍സ്റ്റന്‍റൈന്‍ പത്രോസിന്‍റെ സ്മാരകകുടീരത്തിനു മുകളില്‍ ദേവാലയം പണിതീര്‍ത്തത്. ഭാവിയില്‍ അത് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയായി പരിണമിച്ചു. ചക്രവര്‍ത്തി പണികഴിപ്പിച്ച ദേവാലയത്തിന്‍റെ സ്ഥാനത്ത് പിന്നീട് വിവിധ നൂറ്റാണ്ടുകളില്‍ ദേവാലയത്തിന്‍റെ പുനര്‍നിര്‍മ്മിതികള്‍ നടന്നതായി വാസ്തുഗവേഷകന്മാര്‍ സാക്ഷൃപ്പെടുത്തുന്നു. 16-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ക്രൈസ്തവീകതയുടെ ഒളിമങ്ങാത്ത പ്രതീകമായി വി. പത്രോസിന്‍റെ ബസിലിക്ക വത്തിക്കാന്‍ കുന്നില്‍ പണിതീര്‍ത്തു (1506-1626). വിശ്വത്തര കലാകാരന്മാരായ ബര്‍ണീനി, മൈക്കിളാഞ്ചലൊ എന്നിവരാണ് ഈ പ്രാര്‍ത്ഥനാസൗധത്തിന്‍റെ പിന്നിലെ ശില്പികള്‍.

1939-ല്‍ 12-ാം പിയൂസ് പാപ്പായുടെ വ്യക്തിപരമായ താല്പര്യമാണ് പത്രോസിന്‍റെ ഭൗതികശേഷിപ്പുകള്‍ക്കായുള്ള ശാസ്ത്രീയ തിരച്ചിലിന് തുടക്കമിട്ടത്. വത്തിക്കാന്‍ കുന്നിലെ കോണ്‍സ്റ്റന്‍റൈന്‍ ബസിലിക്കയുടെ ഭൂഗര്‍ഭത്തിലുള്ള (Constantine Necropolis) സിമിത്തേരിയില്‍ നടന്ന നീണ്ടകാല ഗവേഷണങ്ങള്‍ക്ക് സ്ഥിരീകരണമുണ്ടായത് 1950-ലാണ്. ക്രിസ്തുവിന്‍റെ 12 ശിഷ്യന്മാരില്‍ പ്രധാനിയും, കഫര്‍ണാമില്‍നിന്നുമുള്ള വലിയ മുക്കുവനുമായ പത്രോസിന്‍റെ ഭൗതികശേഷിപ്പുകളുടെ കുടീരം കണ്ടെത്തി. ക്രിസ്തുവര്‍ഷം 160-ലെന്ന് ഗവേഷകര്‍ കണ്ടെത്തിയ, ഭൂഗര്‍ഭത്തിലെ പുരാതന ഭിത്തിയില്‍ കണ്ടെത്തിയ ‘petros eni’ എന്ന ഗ്രീക്കു ലിഖിതമാണ് പത്രോസിന്‍റെ കുഴിമാടത്തിലേയ്ക്ക് ഗവേഷകരെ എത്തിച്ചത്. ‘ഇവിടെയാണ് പത്രോസ്’ എന്നാണ് ഗ്രീക്ക് ലിഖിതത്തിന്‍റെ അര്‍ത്ഥം. തുടര്‍ന്നുള്ള കുഴിക്കലും തിരച്ചിലും വിശിഷ്ട വ്യക്തികള്‍ക്കായി നിര്‍മ്മിച്ചതെന്ന് തോന്നിക്കുന്ന മാര്‍ബിള്‍ കുടീരത്തില്‍ എത്തിച്ചു. അതില്‍ മെറൂണ്‍ നിറത്തിലുള്ളതും സ്വര്‍ണ്ണക്കസവു ചേര്‍ത്തതും കൈകൊണ്ടു നെയ്തുണ്ടാക്കിയതുമായ കമ്പളത്തില്‍ പൊതിഞ്ഞ അസ്ഥിപഞ്ജരം കണ്ടെത്തി. പ്രായാധിക്യത്തിലെത്തിയ ദൃഢഗാത്രനായ ഒരു മനുഷ്യന്‍റെ സമ്പൂര്‍ണ്ണ അസ്ഥിപഞ്ജരമാണതെന്ന് പഠനങ്ങള്‍ വ്യക്തമാക്കി. പിന്നെയും തുടര്‍ന്നു ഗവേഷണങ്ങള്‍!

1952-മുതല്‍ മര്‍ഗരീത്ത ഗ്വര്‍ദൂച്ചിയുടെ നേതൃത്വത്തില്‍ നടന്ന ആധുനിക ഗവേഷണങ്ങളാണ് സൂക്ഷ്മപരീക്ഷണങ്ങളിലൂടെയും ചരിത്രപഠനങ്ങളിലൂടെയും ‘petros eni’ എന്ന പുരാതന മാര്‍ബിള്‍ കുടീരത്തിലെ ഭൗതികശേഷിപ്പുകളെ അപ്പസ്തോല പ്രമുഖനായ പത്രോസിന്‍റെ പൂജ്യശേഷിപ്പുകളായി സ്ഥിരീകരിച്ചത്. ചരിത്രവും ക്രൈസ്തവീകതയും ഇടകലര്‍ന്നു കിടക്കുന്ന വത്തിക്കാനിലെ ബസിലിക്കയുടെ അടിത്തട്ടില്‍ വര്‍ഷങ്ങളായി നടന്ന ഗവേഷകരുടെയും ശാസ്ത്രജ്ഞന്മാരുടെയും ചരിത്രകാരന്മാരുടെയും കൂട്ടായ പരിശ്രമത്തിന്‍റെ ഫലം - പത്രോസിന്‍റെ ഭൗതികാവശേഷിപ്പുകളുടെ കണ്ടെത്തലും സ്ഥിരീകരണവുമായിരുന്നു. ക്രിസ്തുനാഥനോടു തോളുരുമ്മി നടക്കുകയും അവിടുത്തെ സുവിശേഷ പ്രചാരണത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിക്കുയുംചെയ്ത പത്രോസ് ശ്ലീഹായുടെ തിരുശേഷിപ്പുകളുടെ കണ്ടെത്തലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ 1968 ജൂണ്‍ 26-ലെ പൊതുകൂടിക്കാഴ്ചയില്‍ പുണ്യശ്ലോകനായ പോള്‍ ആറാമന്‍ പാപ്പാ ലോകത്തോട് ആദ്യമായി വിളംബരംചെയ്തു.

ശ്ലീഹായുടെ സ്മൃതിമണ്ഡപത്തിന്‍റെ നിര്‍മ്മാണവും തിരുശേഷിപ്പികളുടെ സൂക്ഷിപ്പും സംബന്ധിച്ച് പിന്നെയും നടന്നിട്ടുള്ള ഗവേഷണങ്ങളുടെയും സൂക്ഷ്മപഠനങ്ങളും നടന്നു. ക്രിസ്തുവിന്‍റെകൂടെ നടക്കുകയും ജീവിക്കുകയും, അവസാനം അവിടുത്തെ സുവിശേഷത്തിനായി ജീവന്‍ സമര്‍പ്പിക്കുകയും ചെയ്ത ഗലീലിയായിലെ വലിയ മുക്കുവന്‍, ശിമയോന്‍ പത്രോസിന്‍റെ ഭൗതികശേഷിപ്പുകള്‍ ശ്ലീഹായുടെ 265-ാമത്തെ പിന്‍ഗാമിയായ പാപ്പാ ഫ്രാന്‍സിസ് നവംബര്‍ 24-ാം തിയതി ഞായറാഴ്ച പൊതുവണക്കത്തിന് ലഭ്യമാക്കി. സ്ഥാനാരോപിതനായ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലെ തന്‍റെ ആദ്യദിനങ്ങളിലൊന്നില്‍ ബസിലിക്കയുടെ ഭൂഗര്‍ഭത്തിലുള്ള പത്രോസ് ശ്ലീഹായുടെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുകയുണ്ടായി. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു പാപ്പാ ബസിലിക്കയുടെ അടിവാരത്തുള്ള ഗവേഷണ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും വിലയിരുത്തുകയും ചെയ്തത്. ശ്ലീഹായുടെ ഭൗതികശേഷിപ്പുകളുടെ മുന്നില്‍ നമ്രശിരസ്ക്കാനായി പ്രാര്‍ത്ഥിച്ച പാപ്പായുടെ മനസ്സിലുറച്ച തീരുമാനമായിരുന്നിരിക്കണം തിരുശേഷിപ്പുകള്‍ വിശ്വാസജീവിതത്തിന്‍റെ ചരിത്രസാക്ഷൃമാകണമെന്നത്.

Photo: Pope Francis exposed the relics of St. Peter in an urn during the Creed of the Holy Eucharist demarking the closure of the Year of Faith – 24th November 2013 in St. Peter’s Square Vatican.
Prepared by nellikal, Vatican Radio








All the contents on this site are copyrighted ©.