2013-11-20 18:12:26

സജീവ ക്രിസ്തുസാക്ഷൃമായി
വിശ്വാസവത്സരത്തിന് തിരശ്ശീല വീഴും


20 നവംബര്‍ 2013, വത്തിക്കാന്‍
സജീവ ക്രിസ്തുസാക്ഷൃമായി വിശ്വാസവത്സരം സമാപിക്കുമെന്ന്, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലാ പ്രസ്താവിച്ചു. നവംബര്‍ 24-ാം തിയതി ക്രിസ്തുരാജന്‍റെ മഹോത്സവത്തില്‍ സമാപിക്കുന്ന വിശ്വാസവത്സരത്തെക്കുറിച്ച് റോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ ഇങ്ങനെ പ്രസ്താവിച്ചത്. ഞായറാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെയാണ് വിശ്വാസവത്സരത്തിന് സമാപനം കുറിക്കുന്നതെങ്കിലും, അതിന് ആമുഖമായുള്ള മറ്റു രണ്ടു പരിപാടികളെക്കുറിച്ചും ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ വിശദീകരിച്ചു.

1. നവംബര്‍ 21-ാം തിയതി വ്യാഴാഴ്ച പരിശുദ്ധ കന്യാകാ മറിയത്തിന്‍റെ സമര്‍പ്പണത്തിരുനാളില്‍ ആചരിക്കുന്ന, Day pro Orantibus ‘ഏകാന്തതിയില്‍ പ്രാര്‍ത്ഥിക്കുന്നവരുടെ ദിന’ത്തില്‍ പാപ്പാ റോമിലെ അവൈന്‍റ‍ൈന്‍ കുന്നിലെ പുരാതനമായ കമല്‍ദോസിയന്‍ മിണ്ടാമഠം സന്ദര്‍ശിക്കും. വിശ്വാസജീവിതത്തില്‍ പ്രാര്‍ത്ഥനയ്ക്കുള്ള പ്രധാനപ്പെട്ട പങ്ക് അനുസ്മരിപ്പിക്കുന്നതാണ് പാപ്പായുടെ ഈ പ്രതീകാത്മകമായ സന്ദര്‍ശനം.

2. നവംബര്‍ 23-ാം തിയതി ശനിയാഴ്ച രാവിലെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള പ്രായപൂര്‍ത്തിയായ 500 വിശ്വാസാര്‍ത്ഥികളെ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സ്വീകരിച്ച്, അവര്‍ക്ക് ജ്ഞാനസ്നാനം നല്കും. വിശ്വാസവര്‍ഷത്തിന്‍റെ സമാപനത്തില്‍ ജ്ഞാനസ്നാനമെന്ന കൂദാശയിലൂടെ ലഭിക്കുന്ന ക്രിസ്തുവിലുള്ള നവജീവന്‍റെ പുനര്‍പ്രഖ്യാപനമാണ് ഈ സംഭവം. 47 രാജ്യങ്ങളില്‍നിന്നുമുള്ള ആര്‍ത്ഥികളും അവരുടെ മതാദ്ധ്യാപകരും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ പരികര്‍മ്മംചെയ്യുന്ന ജ്ഞാനസ്നാന കര്‍മ്മത്തില്‍ പങ്കെടുക്കും.
Reported : nellikal, sedoc









All the contents on this site are copyrighted ©.