2013-11-19 10:31:57

ഇസ്രായേലിന്‍റെ സാമൂഹ്യമതാത്മക ജീവിതം
ഇടകലര്‍ന്ന ശൈലി (64)


RealAudioMP3
ഇസ്രായേലിനെ കര്‍ത്താവ് മുന്നോട്ടു നയിച്ചു. എന്നാല്‍ ജനങ്ങള്‍ അവിടുത്തോടു കാണിച്ച അവിശ്വസ്തത കണ്ട് സീനായില്‍നിന്നും യാത്ര തുടരുന്നതിനു മുന്‍പുതന്നെ കല്പനയുടെ ഫലകങ്ങള്‍ മോശ ഉടച്ചുകളഞ്ഞിരുന്നു. എന്നാല്‍ ജനം അനുതപിച്ചപ്പോള്‍ കര്‍ത്താവ് അവരോട് വീണ്ടും കാരുണ്യംകാണിച്ചു. ഉടമ്പടിയുടെ രണ്ടു ഫലകങ്ങള്‍ ദൈവം വീണ്ടും ഇസ്രായേലിനു നല്കി. ഫലകങ്ങള്‍ സൂക്ഷിക്കുന്നതിനും യാവേയോടു വിശ്വസ്തതയുടെ പ്രകടനമാക്കുന്നതിനും അവര്‍ കൂടാരം നിര്‍മ്മിച്ച. പുറപ്പാടിന്‍റെ 25 മുതല്‍ 31 വരെയുള്ള അദ്ധ്യായങ്ങളുടെ തനിയാവര്‍ത്തനമാണ് 36-ാം അദ്ധ്യായത്തില്‍ നാം കാണുന്നത്. സാക്ഷൃകൂടാരത്തെപ്പറ്റി 26-ാം അദ്ധ്യായത്തില്‍ കണ്ട പൗരോഹിത്യ പാരമ്പര്യത്തിലെ നിര്‍മ്മാണ നിര്‍ദ്ദേശങ്ങള്‍ കൃത്യായി നടപ്പിലാക്കുന്നതാണ് 36-ാം അദ്ധ്യായത്തിന്‍റെ ഉള്ളടക്കം. കര്‍ത്താവിന്‍റെ കല്പനകള്‍ ഉള്‍ക്കൊള്ളുന്ന ഫലകങ്ങള്‍ സൂക്ഷിക്കാനുള്ള കൂടാര നിര്‍മമിതിയുടെ, അവിടുത്തെ സാന്നിദ്ധ്യ സ്മരണയുടെയും, അതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളുടെയും വിവരണങ്ങളാണു ചുവടെ ചേര്‍ക്കുന്നത്.


മോശ ഇസ്രേയേല്‍ ജനത്തോടു പറഞ്ഞു. “യൂദയാ ഗോത്രത്തിലെ ഹൂറിന്‍റെ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ കര്‍ത്തവു പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. അവിടുന്ന് അവനില്‍‍ ദൈവികചൈതന്യം നിറച്ചിരിക്കുന്നു. സാമര്‍ത്ഥ്യവും ബുദ്ധിശക്തിയും വിജ്ഞാനവും എല്ലാത്തരം ശില‍്പ വേലകളിലുമുള്ള വൈദഗ്ദ്ധ്യവും നല്‍കി അവനെ അനുഗ്രഹിച്ചിരിക്കുന്നു. കലാരൂപങ്ങള്‍ ആസൂത്രണം ചെയ്യുക, സ്വര്‍ണ്ണം വെള്ളി ഓട് എന്നീ ലോഹങ്ങള്‍കൊണ്ടു അവ പണിയുക, ചിത്രപ്പണികളില്‍ പതിക്കാനുള്ള രത്നങ്ങള്‍ ചെത്തിമിനുക്കുക, തടിയില്‍ കൊത്തുപണിചെയ്യുക എന്നിങ്ങനെ എല്ലാത്തരം ശില്പവേലകള്‍ക്കും വേണ്ടി ദൈവം അയാളെ തിരഞ്ഞെടുത്തിരുന്നു. അവനും ദാന്‍ഗോത്രത്തിലെ അഹിസാമാക്കിന്‍റെ പുത്രന്‍ ഒഹോലിയാബിനും മറ്റുള്ളവരെ പഠിപ്പിക്കാന്‍ തക്കകഴിവും സാമര്‍ത്ഥ്യവുമുള്ളവരെ കര്‍ത്താവു നല്‍കിയിരിക്കുന്നു. കൊത്തുപണിക്കാരനോ ചിത്രസംയോജകനോ, ചിത്രത്തുന്നല്‍ നടത്തുന്നവനോ, നെയ്ത്തുകാരനോ, മറ്റേതെങ്കിലും തൊഴില്‍ക്കാരനോ ശില്‍പകലാ വിദഗ്ദ്ധനോ ചെയ്യുന്ന ഏതുതരം ജോലിയിലും ഏര്‍പ്പെടുന്നതിനുംവേണ്ട തികഞ്ഞ കഴിവ് കര്‍ത്താവ് അവര്‍ക്കു നല്‍കി, അനുഗ്രഹിച്ചിരിക്കുന്നു.”

വിശുദ്ധസ്ഥലത്തിന്‍റെ നിര്‍മ്മാണത്തിനായി ഏതു ജോലിയും ചെയ്യാന്‍പോന്ന അറിവും സാമര്‍ത്ഥ്യവും നല്‍കി കര്‍ത്താവ് അനുഗ്രഹിച്ച ബസാലേലും ഒഹോലിയാബും കരവിരുതുള്ള മറ്റാളുകളും അവിടുന്നു കല്പിച്ചതനുസരിച്ചു ജോലിചെയ്യണമെന്നവര്‍ തീരുമാനിച്ചു. ഉള്‍പ്രേരണ ലഭിച്ച എല്ലാവരെയും മോശ വിളിച്ചുകൂട്ടി. വിശുദ്ധ കൂടാരത്തിന്‍റെ പണിക്കുവേണ്ടി ഇസ്രായേല്‍ ജനം കൊണ്ടുവന്ന കാഴ്ചകളെല്ലാം മോശയുടെ അടുക്കല്‍നിന്ന് പണിക്കാര്‍ സ്വീകരിച്ചു. എല്ലാ പ്രഭാതത്തിലും ജനങ്ങള്‍ കാഴ്ചകള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ജോലിക്കാവശ്യമായതില്‍ കൂടുതല്‍ വസ്തുക്കള്‍ ജനങ്ങള്‍ കൊണ്ടുവന്നു. കര്‍ത്താവു കല്പിച്ചപ്രകാരം ഇസ്രായേല്‍ കൂടാരനിര്‍മ്മിതി ആരംഭിച്ചു.

കൂടാരത്തിന്‍റെ പണിയില്‍ ഏര്‍പ്പെട്ടിരുന്ന വിദഗ്ദ്ധരായവര്‍ പത്തു വിരികള്‍കൊണ്ടാണ് കൂടാരമുണ്ടാക്കിയത്. അതിന്‍റെ വിശദാംശങ്ങള്‍ പൗരോഹത്യ പാരമ്പര്യത്തിന്‍റെ രചയിതാവ് നല്കുന്നുണ്ട്. “കൂടാരത്തിനുള്ള വിരികള്‍ നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍ നെയ്തെടുത്ത ചണത്തുണികൊണ്ടു നിര്‍മ്മിച്ചവയും, കെറൂബുകളുടെ ചിത്രം തുന്നി അലങ്കരിച്ചവയുമായിരുന്നു. ഓരോ വിരിയുടെയും നീളം ഇരുപത്തെട്ടു മുഴവും, വീതി നാലു മുഴവുമായിരുന്നു. എല്ലാ വിരികളും ഒരേ അളവിലുള്ളതായിരുന്നു. അവര്‍ അഞ്ചു വിരികള്‍ ഒന്നിനൊന്നു യോജിപ്പിച്ചു. അതുപോലെ മറ്റേ അഞ്ചു വിരികളും. ആദ്യഗണം വിരികളില്‍ അവസാനത്തേതിന്‍റെ വക്കില്‍ നീലനൂല്‍കൊണ്ട് അവര്‍ വളയങ്ങള്‍ നിര്‍മ്മിച്ചു. അപ്രകാരം തന്നെ രണ്ടാം ഗണം വിരികളില്‍ അവസാനത്തേതിന്‍റെ വക്കിലും. ഒന്നാമത്തേതിലും രണ്ടാമത്തേതിലും അവര്‍ പത്തു വളയങ്ങള്‍ വീതമുണ്ടാക്കി. ഒന്നിനുനേരെ ഒന്നു വരത്തക്ക വിധത്തിലാണ് വളയങ്ങള്‍ തുന്നിച്ചേര്‍ത്തു നിര്‍മ്മിച്ചത്. അന്‍പതു സ്വര്‍ണ്ണക്കൊളുത്തുകളും ഉണ്ടാക്കി, വിരികള്‍ പരസ്പരം ബന്ധിപ്പിച്ചു. അങ്ങനെ കൂടാരം ഒന്നായിത്തീര്‍ന്നു. കര്‍ത്താവിനായ് ഇസ്രായേല്‍ കൂടാരമുയര്‍ത്തി.”


കൂടാരത്തിന്‍റെ മുകള്‍ ഭാഗം മൂടുന്നതിന് കോലാട്ടിന്‍ തുകലും രോമവുംകൊണ്ട് അവര്‍ പതിനൊന്നു വിരികളുണ്ടാക്കി. അവയുടെ വിവരണം ഗ്രന്ഥകാരന്‍ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു. “ഓരോ വിരിയുടെയും നീളം മുപ്പതു മുഴവും വീതി നാലു മുഴവുമായിരുന്നു. പതിനൊന്നു വിരികള്‍ക്കും ഒരേ അളവുതന്നെ. അവര്‍ അഞ്ചു വിരികള്‍ ഒന്നോടൊന്നു തുന്നിച്ചേര്‍ത്തു. അതുപോലെ മറ്റേ ആറുവിരികളും. ഇരുഗണത്തെയും തമ്മില്‍ യോജിപ്പിക്കുന്ന വിരികളുടെ വിളുമ്പുകളില്‍ അന്‍പതു വളയങ്ങള്‍ വീതം നിര്‍മ്മിച്ചു.” “കൂടാരം കൂട്ടിയോജിപ്പിക്കാന്‍ ഓടുകൊണ്ട് അന്‍പതു കൊളുത്തുകളും ഉണ്ടാക്കി. കൂടാരത്തിന് ഊറയ്ക്കിട്ട മുട്ടാടിന്‍തോലുകൊണ്ട് ഒരാവരണവും അതിനുമീതെ നിലക്കരടിത്തോലുകൊണ്ട് വേറൊരാവരണവും നിര്‍മ്മിച്ചു. 36, 20 പിന്നെ അതിന് കരുവേലപ്പലകകള്‍കൊണ്ടു നിവര്‍ന്നുനില്‍ക്കുന്ന ചട്ടങ്ങളുമുണ്ടാക്കി. ഓരോ പലകയുടെയും നീളം പത്തു മുഴമായിരുന്നു. വീതി ഒന്നര മുഴവും. പലകകളെ തമ്മില്‍ ചേര്‍ക്കുന്നതിന് ഓരോ പലകയിലും ഈരണ്ടു കുടുമകള്‍ ഉണ്ടായിരുന്നു.”

“എല്ലാ പലകകളും ഇങ്ങനെ തന്നെയാണ് ഉണ്ടാക്കിയത്. കൂടാരത്തിനുള്ള ചട്ടപ്പലകകള്‍ അവര്‍ ഇപ്രകാരമാണ് ഉണ്ടാക്കിയത്. തെക്കുവശത്ത് ഇരുപതു പലകകള്‍. ഇരുപതു പലകകളുടെ അടിയില്‍ വെള്ളികൊണ്ട് നാല്‍പതു പാദുകുടങ്ങള്‍. ഓരോ പലകയുടെയും അടിയില്‍ കുടുമയ്ക്ക് ഒന്നുവീതം രണ്ടു പാദകുടങ്ങള്‍. കൂടാരത്തിന്‍റെ വടക്കുവശത്ത് അവര്‍ ഇരുപതു പലകകളുണ്ടാക്കി. ഓരോ പലകയ്ക്കുമടിയില്‍ രണ്ടുവീതം വെള്ളികൊണ്ടുള്ള നാല്പതു പാദകുടങ്ങളും ഉണ്ടാക്കി. പിന്‍ഭാഗമായ പടിഞ്ഞാറുവശത്ത് ആറു പലകകളുണ്ടാക്കി. കൂടാരത്തിന്‍റെ പിന്‍ഭാഗത്തെ രണ്ടു മൂലകള്‍ക്കായി രണ്ടു പലകകളും. അവയുടെ ചുവടുകള്‍ അകറ്റിയും മുകള്‍ഭാഗം വളയംകൊണ്ടു യോജിപ്പിച്ചും നിര്‍ത്തി. ഇരുമൂലകളിലുമുള്ള രണ്ടു പലകകള്‍ക്കും ഇപ്രകാരം ചെയ്തു. അങ്ങനെ, എട്ടു പലകകളും, ഒരു പലകയുടെ അടിയില്‍ രണ്ടുവീതം വെള്ളികൊണ്ടുള്ള പതിനാറു പാദകുടങ്ങളും അവര്‍ ഉണ്ടായിരുന്നു.”

കൂടാരത്തിന്‍റെ പാര്‍ശ്വബലമായി അഴികള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചും ഇപ്രകാരം ഗ്രന്ഥകാരന്‍ വിവരിച്ചിരിക്കുന്നു.
“കരുവേലത്തടികൊണ്ട് അവര്‍ അഴികള്‍ നിര്‍മ്മിച്ചു. കൂടാരത്തിന്‍റെ ഒരു വശത്തെ പലകകള്‍ക്ക് അഞ്ച് അഴികളുണ്ടായിരുന്നു. മറുവശത്തുള്ള പലകകള്‍ക്കും അഞ്ച് അഴികള്‍തന്നെ. കൂടാരത്തിന്‍റെ പിന്‍ഭാഗമായ പടിഞ്ഞാറു വശത്തു സ്ഥാപിച്ച പലകകള്‍ക്കും അഞ്ച് അഴികളുണ്ടായിരുന്നു. നടുവിലുള്ള അഴി പലകയുടെ പകുതി ഉയരത്തില്‍വച്ച് ഒരറ്റം മുതല്‍, മറ്റേ അറ്റംവരെ കടത്തിവിട്ടു. അവര്‍ പലകകളും അഴികളും സ്വര്‍ണ്ണംകൊണ്ടു പൊതിയുകയും അഴികള്‍ ഇടാനുള്ള വളയങ്ങള്‍ സ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിക്കുകയും ചെയ്തു.”

ഇനി അവര്‍ കൂടാരത്തിന്‍റെ പൂജ്യാഭാഗം, അതായത് കല്പനയുടെ ഫലകങ്ങള്‍ സൂക്ഷിക്കാനുള്ള ഭാഗം മറയ്ക്കാന്‍ പ്രത്യേക തിരശ്ശീല ഉണ്ടക്കുന്നതും ശ്രദ്ധിക്കാം. ബഹുതലവും ബഹുശാഖവുമായ പുറപ്പാടു രചന വായനക്കാരിലും ബൈബിള്‍ പണ്ഡിതന്മാരില്‍പ്പോലും ചിലപ്പോള്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാറുണ്ട്. പുറപ്പാടിന്‍റെ പഠനം മുന്നോട്ടു പോകുന്തോറും ഈജിപ്തിലുണ്ടായിരുന്ന ഇസ്രായേല്യര്‍ക്ക് കൃത്യാമായും എന്താണ് സംഭവിച്ചത് എന്നു പറയുക സാദ്ധ്യമല്ലാത്തതുപോലൊരു അനുഭവം ആര്‍ക്കും ഉണ്ടാകാം. ഭാഷാപരമായ പഠനങ്ങള്‍ തെളിയിക്കുന്നത്, ഈജീപിതില്‍നിന്നും അടിമകളായവരുടെ വിവിധ ഗ്രൂപ്പുകള്‍ പുറപ്പെട്ടിരിക്കാനുള്ള സാദ്ധ്യതയാണ്. ഓരോ സംഘത്തിനും വ്യത്യസ്ഥങ്ങളായ നീക്കങ്ങളും പ്രവര്‍ത്തനരീതികളും ഉണ്ടായിരുന്നിരിക്കണം. ഇവയാണ് പുറപ്പാടു രചിനയില്‍ നാം കാണുന്ന വൈവിദ്ധ്യമാര്‍ന്ന വിവരണങ്ങള്‍ക്കും, ആവര്‍ത്തിച്ചുള്ള ആചാരാനുഷ്ഠാനങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും കാരണമെന്നാണ് നിരൂപകന്മാര്‍ സമര്‍ത്ഥിക്കുന്നത്. ഈപ്തില്‍നിന്നു രക്ഷപ്പെട്ട അടിമകളായവരുടെ വിവിധ സംഘങ്ങളും, അവരുടെ സാഹസികമായ മുന്നേറ്റവും, സാമൂഹ്യവും-മതാത്മകവുമായ ജീവിതരീതികളും ഗീതങ്ങളും കഥകളുമായി രചിക്കപ്പെട്ടു. വ്യത്യസ്ത പാരമ്പര്യങ്ങളില്‍ അങ്ങനെ ഉത്ഭവിച്ച ചരിത്ര വിവരണങ്ങള്‍ പിന്നീട് കോര്‍ത്ത് ഇണക്കിയതായിരിക്കണം പുറപ്പാടിന്‍റെ ഇന്നത്തെ രൂപം, എന്ന നിരൂപകന്മാരുടെ പക്ഷം ഇനിയും പഠിക്കാം.
Prepared : nellekal, Radio Vatican








All the contents on this site are copyrighted ©.