2013-11-15 08:58:15

നവീകരണത്തിന്‍റെ പേരില്‍
നല്ലതു നശിപ്പിക്കരുത്


15 നവംമ്പര്‍ 2013, വത്തിക്കാന്‍
നവീകരണം സഭയുടെ ആരാധനക്രമ സംഗീതപൈതൃകത്തെ നശിപ്പിക്കുന്നതാകരുതെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. സഭയുടെ കര്‍ദ്ദിനാളും സംഗീതജ്ഞനുമായിരുന്ന അന്തരിച്ച ഡോമിനിക്ക് ബെര്‍ത്തൊലൂച്ചിയുടെ അന്തിമോപചാര ശുശ്രൂഷയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. നവംബര്‍ 13-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടന്ന അന്തിമോപചാര ശുശ്രൂഷയ്ക്ക് പാപ്പാ കാര്‍മ്മികത്വംവഹിച്ചു. കര്‍ദ്ദിനാള്‍ ബെര്‍ത്തൊലൂച്ചുയുടെ വാക്കുകള്‍ തന്നെയാണ് പാപ്പാ ഹ്രസ്വപ്രഭാഷണത്തില്‍ ഉദ്ധരിച്ചത്.

രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ ഉയര്‍ന്ന പ്രാദേശികവത്ക്കരണത്തിന്‍റെയും സാംസ്ക്കാരികാനുരൂപണത്തിന്‍റെയും നൂതന ചിന്താധാരകളുടെ പശ്ചാത്തലത്തില്‍, നവീകരണത്തിന് ആധാരമായി നില്ക്കേണ്ട മാനദണ്ഡത്തെക്കുറിച്ചാണ് ബര്‍ത്തലൂച്ചി ഈ പ്രസ്താവന നടത്തിയത്. വത്തിക്കാന്‍റെ സിസ്റ്റൈന്‍ കപ്പേള ഗായകസംഘത്തിന്‍റെ സംവിധായകനും പരിശീലകനും എന്ന ഔദ്യോഗിക പദവിയിലാണ് ബര്‍ത്തലൂച്ചി അഭിപ്രായപ്രകടനം നടത്തിയത്. ലത്തീനില്‍നിന്നും പ്രാദേശിക ഭാഷകളിലേയ്ക്ക് ആരാധനക്രമം പരിഭാഷചെയ്യപ്പെടുമ്പോള്‍ ഉണ്ടാകാവുന്ന കോലാഹലങ്ങളെ മുന്‍കൂട്ടികണ്ടുകൊണ്ടാണ് ബര്‍ത്തലൂച്ചി ഇങ്ങനെ അഭിപ്രായപ്പെട്ടത്. നവംബര്‍ 11-ന് റോമില്‍ 96-ാമത്തെ വയസ്സില്‍ അന്തരിച്ച കാര്‍ദ്ദിനാളിന് യാത്രാമൊഴിയായി പാപ്പാ ഫ്രാന്‍സിസ് ബര്‍ത്തലൂച്ചിയുടെ പ്രവാകചതുല്യമായ വാക്കുകള്‍ പുനരുദ്ധരിക്കുകയായിരുന്നു.

1917-ല്‍ ഇറ്റലിയിലെ ഫ്ലോറന്‍സിനടുത്തുള്ള സാന്‍ ലോറെന്‍സോയിലാണ് ജനനം. ബാലനായിരുന്നപ്പഴേ ബെര്‍ത്തൊലൂച്ചിയിലെ സംഗീതപ്രതിഭ തെളിഞ്ഞിരുന്നു. 12 വയസ്സുള്ളപ്പോള്‍ ഈണങ്ങള്‍ സൃഷ്ടിക്കുവാന്‍ ബെര്‍ത്തൊലൂച്ചിക്ക് വശമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസവും ഉയര്‍ന്ന സംഗീത പരിശീലനവും പൂര്‍ത്തിയാക്കിയശേഷം ഫ്ളോറന്‍സിലെ രൂപതാ സെമിനാരിയില്‍ചേര്‍ന്നു പഠിച്ചു. 1939-ല്‍ വൈദികനായി.

1956-ല്‍ ജോണ്‍ 23-ാമന്‍ പാപ്പാ അദ്ദേഹത്തെ സിസ്റ്റൈന്‍ കപ്പേളയുടെ പരിശീലകനും സംവിധായകനുമായി നിയോഗിച്ചു. 40 വര്‍ഷക്കാലം നീണ്ട സേവനം 1997-ല്‍ സംഗീത സംബന്ധിയായ വിവാദത്തിലാണ് കലാശിച്ചത്.
വത്തിക്കാന്‍റെ ആരാധനക്രമ കാര്യാലയത്തിന്‍റെ ഉത്തരവാദിത്ത്വം വഹിച്ചിരുന്ന മോണ്‍സീഞ്ഞോര്‍ പിയെര്‍ മരീനിയുമായുള്ള അഭിപ്രായ ഭിന്നതയായിരുന്ന പ്രശ്നം. ബര്‍ത്തൊലൂച്ചി സ്ഥാനമൊഴിഞ്ഞു. എന്നാല്‍ ബെര്‍ത്തൊലൂച്ചിയുടെ സമര്‍പ്പണവും സംഭാവനകളും മനസ്സിലാക്കിയിട്ടുള്ള ബനഡിക്ട് 16-ാമന്‍ പാപ്പാ 2010-ല്‍ അദ്ദേഹത്തിന് കര്‍ദ്ദിനാള്‍ പദവി നല്കി ആദരിച്ചു. ഗ്രീഗോരിയന്‍ സംഗീതത്തോടൊപ്പം പലസ്ത്രീന, വേര്‍ദി എന്നിവരുടെ വിശ്വത്തര ശാസ്ത്രീയ സംഗീതസൃഷ്ടികളുടെ ആധികാരികതയുണ്ടായിരുന്ന കര്‍ദ്ദിനാള്‍ ബെര്‍ത്തൊലൂച്ചി മരണംവരെ സംഗീതരചനയിലും സംവിധാനത്തിലും വ്യാപൃതനായിരുന്നു.

സഭയുടെ സംഗീത രാജകുമാരന് യാത്രാമൊഴിയായി കര്‍ദ്ദിനാള്‍ സംഘത്തിലവന്‍, ആഞ്ചലോ സൊഡനോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കപ്പെട്ടു. കര്‍ദ്ദിനാളന്മാരും മെത്രാന്മാരും വൈദികരും സന്ന്യസ്തരും സംഗീതപ്രേമികളുമായി വലിയൊരു സമൂഹം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയിലും, തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന അന്തിമോപചാര ശുശ്രൂഷയിലും പങ്കെടുത്തു.

Musical works :
Volume of Motets, Three act Opera Brunelschi, Masses, madrigals, hymns, symphonies, Organ and Choral music, oratorios for solos, chorus and orchestra and finally Oremus pro Pontifice ‘a tribute to Papa Benedict XVI.
Reported : nellikal, sedoc








All the contents on this site are copyrighted ©.