2013-11-12 17:22:25

നവസംസ്ക്കാര നിര്‍മ്മിതിയില്‍ യുവജനങ്ങള്‍ക്ക് കൂടുതല്‍ പങ്ക് നല്‍കണമെന്ന്


12 നവംബര്‍ 2013, പാരീസ്
സമാധാനത്തിന്‍റേയും വികസനത്തിന്‍റേയും നവസംസ്ക്കാര നിര്‍മ്മിതിയില്‍ യുവജനങ്ങള്‍ക്ക് കൂടുതല്‍ പങ്ക് നല്‍കണമെന്ന് യുനെസ്ക്കോയിലെ വത്തിക്കാന്‍ സ്ഥിരം നിരീക്ഷകന്‍ മോണ്‍.ഫ്രാന്‍സിസ്കോ ഫോല്ലോ. പാരിസില്‍ നടക്കുന്ന യുനെസ്കോയുടെ 37ാം ജനറല്‍ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഈ അഭ്യര്‍ത്ഥന നടത്തിയത്. ഫ്രാന്‍സിസ് പാപ്പ ഊന്നല്‍ നല്‍കുന്ന ‘പങ്കുവയ്ക്കലിന്‍റെ സംസ്ക്കാരത്തെ’ക്കുറിച്ചും മോണ്‍.ഫോല്ലോ തന്‍റെ പ്രഭാഷണത്തില്‍ അനുസ്മരിച്ചു. ഉള്ളത് പങ്കുവച്ചു ജീവിക്കുമ്പോഴാണ് നാം യഥാര്‍ത്ഥത്തില്‍ സമ്പന്നരായിത്തീരുന്നത്. പങ്കുവയ്പ്പിന്‍റെ ജീവിത ശൈലിയില്‍ വളരാന്‍ ഇന്നത്തെ സമൂഹത്തിന് പരിശീലനം നല്‍കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വികസന സംരംഭങ്ങളെക്കുറിച്ച് പരാമര്‍ശിക്കവേ, സുസ്ഥിരവും സമഗ്രവുമായ വികസ പദ്ധതികള്‍ ആവിഷ്ക്കരിക്കപ്പെടണമെന്നും മനുഷ്യന്‍റെ ആത്മീയ തലങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്ന വികസന പ്രക്രിയയിലൂടെ മാത്രമേ അതു യാഥാര്‍ത്ഥ്യമാകൂ എന്നും അദ്ദേഹം പ്രസ്താവിച്ചു. മാനവ വികസനത്തിനും പൊതുക്ഷേമത്തിനും മതസമുദായങ്ങള്‍ നല്‍കുന്ന സംഭാവനകള്‍ പരിഗണിക്കണമെന്നും ജനറല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത അംഗരാഷ്ട്രങ്ങളുടെ പ്രതിനിധികളോട് അദ്ദേഹം ആവശ്യപ്പെട്ടു.
നവംബര്‍ 5 ന് ആരംഭിച്ച യുനെസ്കോയുടെ 37ാം ജനറല്‍ കോണ്‍ഫറന്‍സ് 20ന് സമാപിക്കും.







All the contents on this site are copyrighted ©.