2013-11-11 17:14:25

സാമ്പത്തിക പ്രതിസന്ധി, നൂതനാവസരവും വെല്ലുവിളിയും: മാര്‍പാപ്പ


11 നവംബര്‍ 2013, വത്തിക്കാന്‍
ആഗോള സാമ്പത്തിക മാന്ദ്യം ഒരു വെല്ലുവിളിയും അതോടൊപ്പം ഒരു നൂതനാവസരവുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. “ആഗോളവല്‍ക്കരിക്കപ്പെട്ട ലോകത്ത് പൊന്തിഫിക്കല്‍ നയതന്ത്രദൗത്യം” എന്ന പേരില്‍ വത്തിക്കാന്‍ രാഷ്ട്രകാര്യാലയത്തിന്‍റെ മുന്‍ സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്‍റെ അവതാരികയിലാണ് മാര്‍പാപ്പ സാമ്പത്തിക മാന്ദ്യത്തിന്‍റെ ക്രിയാത്മക വശങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത്. വിവേചനം, ആയുധ മത്സരം, മനുഷ്യാവകാശധ്വംസനങ്ങള്‍, മത-സാംസ്ക്കാരിക- സാമൂഹ്യ ജീവിതത്തിലെ വിഘ്നങ്ങള്‍ തുടങ്ങിയ പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സാമ്പത്തിക പ്രതിസന്ധി സമ്മര്‍ദം ചെലുത്തുന്നുവെന്ന് മാര്‍പാപ്പ വിലയിരുത്തി. ആരേയും ബഹിഷ്ക്കരിക്കാതെ, ഏവരേയും ഉള്‍ക്കൊണ്ടുകൊണ്ട്, സമാധാനവും വികസനവും നേടുക എന്നതാണ് മനുഷ്യവംശം നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളിയെന്നും പാപ്പ സമര്‍ത്ഥിച്ചു. നയതന്ത്രദൗത്യം ഒരു ശുശ്രൂഷയാണെന്നും. മനുഷ്യക്ഷേമമായിരിക്കണം നയതന്ത്രജ്ഞരുടെ പ്രവര്‍ത്തന ലക്ഷൃമെന്നും മാര്‍പാപ്പ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.