2013-11-11 17:14:10

പ്രകൃതിദുരന്തത്തിനിരയായവര്‍ക്കുവേണ്ടി പാപ്പായുടെ പ്രാര്‍ത്ഥന


11 നവംബര്‍ 2013, വത്തിക്കാന്‍
ഫിലിപ്പീന്‍സില്‍ ചുഴലിക്കൊടുങ്കാറ്റിന് ഇരയായവര്‍ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥന തുടരുന്നു. ദുരിതബാധിതര്‍ക്കുവേണ്ടി ശനിയാഴ്ച ട്വിറ്ററിലൂടെ പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ച പാപ്പ ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയില്‍ സംബന്ധിക്കാനെത്തിയ ജനക്കൂട്ടത്തോടൊപ്പവും അവര്‍ക്കുവേണ്ടി മൗനമായി പ്രാര്‍ത്ഥിച്ചു.
ഫിലിപ്പീന്‍സ് പ്രസിഡന്‍റ് ബെനിഞ്യോ അക്വിനോ മൂന്നാമന് ഞായറാഴ്ച അയച്ച അനുശോചന സന്ദേശത്തില്‍ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോടും ബന്ധുമിത്രാദികളോടും പാപ്പ അനുശോചനം രേഖപ്പെടുത്തി. ഫിലിപ്പീന്‍സ് ജനതയ്ക്ക് തന്‍റെ പ്രാര്‍ത്ഥന ഉറപ്പു നല്‍കിയ പാപ്പ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രോത്സാഹനം പകരുകയും ചെയ്തു.
ഫിലിപ്പീന്‍സില്‍ സംഹാര താണ്ഡവമാടിയ ഹയാന്‍ ചുഴലിക്കൊടുങ്കാറ്റില്‍ പതിനായിരത്തിലേറെപ്പേരാണ് മരിച്ചത്. വെള്ളിയാഴ്ച മണിക്കൂറില്‍ 315 കിലോമീറ്റര്‍ വേഗത്തില്‍ കരതൊട്ട ചുഴലിക്കാറ്റില്‍ മൂന്നരലക്ഷത്തോളം പേര്‍ ഭവനരഹിതരായി. 43 ലക്ഷം പേരാണ് ചുഴലിക്കാറ്റിന്‍റെ ദുരിതമനുഭവിക്കുന്നത്. ഫിലിപ്പീന്‍സ് തീരത്തു നിന്നും വിയറ്റ്‌നാം തീരത്തേക്ക് നീങ്ങിയിരിക്കുകയാണ് ഹയാന്‍.
വിയറ്റ്‌നാമില്‍ ആറുലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ചൈനയിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.








All the contents on this site are copyrighted ©.