2013-11-11 13:58:00

ദൈവികജീവന്‍റെ കനലും
കതിരുമാണ് പുനരുത്ഥാനം : പാപ്പാ


11 നവംബര്‍ 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് നവംബര്‍ 10-ാം തിയതി വത്തിക്കാനില്‍ നല്കിയ ത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗം :

പുനരുത്ഥാനം നിഷേധിച്ചിരുന്ന സദുക്കായരുമായി കയര്‍ക്കുന്ന ക്രിസ്തുവിനെയാണ് ഇന്നത്തെ സുവിശേഷഭാഗം ചിത്രീകരിക്കുന്നത് (ലൂക്കാ 20, 27-38). മരിച്ചവരുടെ ഉയര്‍പ്പിലുള്ള വിശ്വാസത്തെക്കുറിച്ച് തര്‍ക്കിക്കുവാനും അവിടുത്തെ അവഹേളിക്കുകയായിരുന്നു അവരുടെ ലക്ഷൃം. മരണാന്തര ജീവിതത്തെക്കുറിച്ചുള്ള ചോദ്യമാണ് അവര്‍ ക്രിസ്തുവിനോട് ഉന്നയിച്ചത്.

ഭാവനയില്‍ മെനഞ്ഞെടുത്തായിരിക്കണം ചോദ്യവും അതിന്‍റെ പശ്ചാത്തലവും. ഒരു സ്ത്രീയുടെ ഏഴു ഭര്‍ത്താക്കന്മാര്‍ ഒന്നിനുപിറകെ ഒന്നായി മരണമടഞ്ഞു. മരണാനന്തം സ്ത്രീ ആരുടെ ഭാര്യായായിരിക്കും.
ഭൗമിക ജീവിതത്തിന്‍റെ മാനദണ്ഡങ്ങള്‍ മരണാന്തര ജീവിതത്തിന് ബാധകമല്ലെന്ന് ശാന്തമായി പ്രസ്താവിച്ച ക്രിസ്തു, ഈ ജീവിതത്തിലേതുപോലെ വിവാഹം കഴിക്കലും കഴിപ്പിക്കലും നിത്യതയുടെ രീതിയല്ലെന്ന് പ്രത്യുത്തരിച്ചു. ഉത്ഥിതരാകുന്ന മനുഷ്യര്‍ മാലാഖമാര്‍ക്കു സമരായി ദൈവികജീവനില്‍ പ്രവേശിക്കുന്നുവെന്നും, മാനുഷികബുദ്ധിക്ക് അനുമാനിക്കാനോ മനസ്സിലാക്കുവാനോ സാധിക്കാത്ത അവസ്ഥയിലേയ്ക്കാണ് അവര്‍ പ്രവേശിക്കുന്നതെന്നും തന്‍റെ പ്രതിയോഗികളോട് ക്രിസ്തു പ്രശാന്തമായി സമര്‍ത്ഥിച്ചു. പിന്നെ തിരുവെഴുത്തുകളെ ആധാരമാക്കി അവിടുന്ന് ലളിതവും എന്നാല്‍ തനിമയുള്ളതുമായ ശൈലിയില്‍ സദൂക്കായരുമായി വാഗ്വാദത്തിലേര്‍‍പ്പെടുന്നു. പൂര്‍വ്വപിതാക്കന്മാരായ അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും തന്നെത്തനെ വെളിപ്പെടുത്തിയ ദൈവം, എരിയുന്ന മുള്‍പ്പടര്‍പ്പില്‍ മോശയോടു സംസാരിക്കുകയും കല്പനകള്‍ നല്കുകയും ചെയ്തു. (പുറപ്പാട് 3, 1-6) കാലത്തിന്‍റെ തികവില്‍ നിത്യതയില്‍ മനുഷ്യര്‍ ദര്‍ശിക്കുന്ന അതേ ദൈവം, ദൈവമനുഷ്യബന്ധത്തിന്‍റെ കനലും, പ്രത്യാശയുടെ കതിരിടലുമാണെന്ന് ക്രിസ്തുവിന്‍റെ ജീവിതം തെളിയിക്കുന്നു.

ചരിത്രത്തില്‍ എന്നും നിലനില്ക്കുന്ന ദൈവമനുഷ്യബന്ധം മരണബന്ധനങ്ങള്‍ക്ക് അതീതമാണ്. ഈ പ്രപഞ്ചത്തില്‍ സകലതും അവിടുത്തേയ്ക്കായി ജീവിക്കുന്നു, ആകയാല്‍ ദൈവം മരണമടഞ്ഞവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണെന്ന് ക്രിസ്തു വ്യക്തമാക്കി (ലൂക്കാ 20, 38). മരണപാശങ്ങള്‍ക്ക് അതീതമായ ദൈവമനുഷ്യ ബന്ധത്തിന്‍റെ സങ്കീര്‍ണ്ണവും അടിസ്ഥാനപരവുമായ ഉടമ്പടി യാഥാര്‍ത്ഥ്യമാകുന്നത് ക്രിസ്തുവിലാണ്. അവിടുന്നു തന്നെയാണ് ദൈവമനുഷ്യബന്ധത്തിലെ ഉടമ്പടി. അവിടുന്ന് ജീവനും പുനരുത്ഥാനവുമാണ്. കുരിശുയാഗത്തിന്‍റെ സ്നേഹസമര്‍പ്പണത്തില്‍ അവിടുന്ന് മരണത്തെ കീഴ്പ്പെടുത്തി. അങ്ങനെ ക്രിസ്തുവാണ് നിത്യജീവന്‍റെ കവാടം മനുഷ്യര്‍ക്കായ് തുറന്നുതരുന്നത്.

ഭൗമിക ജീവിതത്തെക്കാള്‍ യഥാര്‍ത്ഥവും മനോഹരവുമായ ജീവന്‍റെ പ്രത്യാശ ഈ ലോകത്ത് മനുഷ്യര്‍ക്ക് പകര്‍ന്നുതരുന്ന അവിടുത്തെ സ്നേഹത്തിന് നമുക്ക് നന്ദിപറയാം. ഈ ജീവിതത്തിന്‍റെ മോടിപിടിപ്പിക്കലോ ആടയാഭരണമോ അല്ല നിത്യജീവന്‍. മനുഷ്യഗോചരങ്ങള്‍ക്ക് അഗ്രാഹ്യവും, ചിന്തയ്ക്കതീതവുമായ വിധത്തില്‍ ദൈവം തന്‍റെ സ്നേഹത്തിലും കാരുണ്യത്തിലും നമ്മെ ആശ്ചര്യപ്പെടുത്തുന്ന നിത്യതയുടെ അവസ്ഥയും – സ്വര്‍ഗ്ഗീയജീവനുമാണത്.

സദുക്കായരുടെ പ്രതീക്ഷയ്ക്ക് വിപരീതമായ വിധത്തിലായിരുന്നു ക്രിസ്തുവിന്‍റെ പ്രതികരണവും മറുപടിയും. നിത്യതയ്ക്ക് അനുയോജ്യമായി ക്രമപ്പെടുത്തേണ്ടതാണ് ഭൗമികജീവിതം. നിത്യത ഈ ജീവിതത്തെ പ്രകാശിപ്പിക്കുകുയും പ്രത്യാശ പകരുകയും ചെയ്യുന്നു. മാനുഷികമായ കാഴ്ചപ്പാടില്‍ ഭൗമികജീവിതം മരണത്തോടെ കലാശിക്കുകയാണ്. എന്നാല്‍ ക്രിസ്തു ഈ കാഴ്ചപ്പാട് തകിടംമറിക്കുന്നു. മരണത്തിലൂടെ നിത്യജീവനിലേയ്ക്കുള്ള തീര്‍ത്ഥാടനമാണ് മര്‍ത്ത്യജീവിതമെന്ന് അവിടുന്നു സ്ഥാപിക്കുന്നു. അതിനാല്‍ മരണത്തെ പിന്‍തള്ളി ക്രൈസ്തവജീവിതം മുന്നേറുമെന്നും, ക്രൈസ്തവ ജീവിതത്തിന്‍റെ ലക്ഷൃമായിരിക്കണം നിത്യതയെന്നും ക്രിസ്തു പഠിപ്പിക്കുന്നു. മനുഷ്യായുസ്സിനു മുന്നില്‍ തെളിഞ്ഞുനില്ക്കുന്നത് സജീവനായ ദൈവപുത്രന്‍, ക്രിസ്തുവാണ്. അവിടുന്നു പാപത്തെയും മരണത്തെയും കീഴ്പ്പെടുത്തി നമുക്കുമുന്നേ നിത്യാനന്ദത്തിന്‍റെയും നിത്യപ്രഭയുടെയും നവമായ ജീവിതത്തിന്‍റെയും മറുകാലത്തിന് തുടക്കം കുറിച്ചിരിക്കുന്നു.

ഈ ഭൂമിയില്‍ പ്രാര്‍ത്ഥനയുടെയും കൂദാശകളുടെയും സാഹോദര്യത്തിന്‍റെയും കൂട്ടായ്മയില്‍ ദിവ്യസ്നേഹത്തിന്‍റെ ക്രിസ്ത്വാനുഭവം നമുക്കു ലഭിക്കുന്നു. അത് നിത്യജീവന്‍റെ മുന്നാസ്വാദനമാണ്. ക്രിസ്തുവിലുള്ള വിശ്വാസവും അവിടുത്തോടുള്ള സ്നേഹവും പുനരുത്ഥാനത്തിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്നതും പ്രോജ്വലിപ്പിക്കുന്നതുമാണ്. ദൈവത്തിന്‍റെ വിശ്വസ്തതയും സ്നേഹവും ശാശ്വതമാണ്, കാലാതീതമാണ്. അവിടുന്ന് നിത്യനാണ്. മനുഷ്യന്‍റെ ദൈവത്തോടൊപ്പമുള്ള ജീവനാണ് പുനരുത്ഥാനം, നിത്യത. ദൈവിക ജീവനിലുള്ള മനുഷ്യന്‍റെ പങ്കാളിത്തമാണത്. അത് ദൈവികജീവിന്‍റെ കതിരും കനലും കനിവുമാണെന്ന് സമര്‍ത്ഥിച്ചുകൊണ്ടാണ് ത്രികാലപ്രാര്‍ത്ഥനയുടെ ഭാഗമായ തന്‍റെ പ്രഭാഷണം പാപ്പാ ഉപസംഹരിച്ചത്.
Translated : nellikal, Vatican Radio








All the contents on this site are copyrighted ©.