2013-11-07 18:46:40

സ്നേഹത്തില്‍ ധൂര്‍ത്തനായ
പിതാവിനെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ്


7 നവംബര്‍ 2013, വത്തിക്കാന്‍
പാപിയുടെ മരണമല്ല, അവന്‍റെ തിരിച്ചുവരവും ജീവനുമാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. നവംമ്പര്‍ 7-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താമാര്‍ത്തിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയുള്ള വചനധ്യാനത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

വിശുദ്ധ ലൂക്കായുടെ സുവിഷേത്തില്‍ ക്രിസ്തു പറഞ്ഞ നല്ലയിടയന്‍റെ ഉപമ വ്യാഖ്യാനിച്ചുകൊണ്ട് (ലൂക്കാ 15, 1-10), ഫരിസേയരുടെ കാപട്യത്തിന്‍റെ മുറുമുറുപ്പു കേട്ടിട്ടാണ് സന്തോഷദായകവും പ്രത്യാശ പകരുന്നതുമായ ഉപമ അവിടുന്നു പറഞ്ഞതെന്ന് പാപ്പാ വചനസമീക്ഷയ്ക്ക് ആമുഖമായി പ്രസ്താവിച്ചു. ‘സന്തോഷം,’ എന്ന വാക്ക് ഈ ചെറിയ ഉപമയില്‍ ക്രിസ്തു ആവര്‍ത്തിച്ച് ഉപയോഗിച്ചിരിക്കുന്നു. ഒന്നുപോലും നഷ്ടപ്പെടാനോ നശിച്ചുപോകാനോ ആഗ്രഹിക്കാത്ത പിതാവായ ദൈവത്തിന്‍റെ സന്തോഷത്തെയാണ് ഉപമ ഈ വാക്കില്‍ ഉള്‍ക്കൊള്ളുന്നത്. നഷ്ടപ്പെട്ട ആടിനെ നല്ലിടയന്‍ എപ്പോഴും അന്വേഷിച്ചിറങ്ങും. അതുപോലെ ദൈവവും ഒരുന്വേഷകനാണ്. വഴിതെറ്റിയതിനെ, തിന്മയില്‍ ഇടറിപ്പോയ മനുഷ്യനെ അവിടുന്ന് തേടിയിറങ്ങുന്നു.

പെസഹാചരണത്തിലെ പ്രാര്‍ത്ഥനയിലെന്നപോലെ, ‘പിതാവ് എന്നെ ഏല്പിച്ചവരില്‍ ഒന്നുപോലും നഷ്ടപ്പെടാന്‍ ഇടയാവല്ലേ,’ എന്നാണ് ക്രിസ്തുവിന്‍റെ പ്രത്യേക പ്രാര്‍ത്ഥന. ഒറ്റപ്പെടുന്നവനോടും, വഴിതെറ്റിയവനോടും സ്നേഹത്തിന്‍റെ ബലഹീനതയുള്ളവനാണ് ദൈവം. അവനെ കണ്ടുകിട്ടുംവരെ, തിരികെ കൊണ്ടുവരുംവരെ അവിടുന്ന് അന്വേഷിക്കുന്നു, തേടിനടക്കുന്നു. തന്‍റെ നഷ്ടപ്പെട്ട ചില്ലിക്കാശിനായി വിളക്കു കത്തിച്ച്, അടിച്ചുവാരി നോക്കുന്ന സ്ത്രീയെപ്പോലെയാണ് ദൈവം. ഒരോ മനുഷ്യനും തന്‍റെ സൃഷ്ടയാണ്, പിതാവിന്‍റെ പുത്രരാണ്, എന്ന പ്രിയത്തോടും വാത്സല്യത്തോടുംകൂടെ ദൈവം മനുഷ്യരെ അന്വേഷിക്കുന്നു, തേടിയിറങ്ങുന്നു.

മുറുമുറുപ്പിന്‍റെ കാപട്യത്തിലും, ദൈവത്തെ നിഷേധിച്ച് ഇറങ്ങിപ്പോകുമ്പോഴും സ്നേഹമായ അവിടുന്ന്, വഴിതെറ്റിപ്പോകുന്നവരെ തേടിയെത്തുന്ന കാരുണ്യവാനായ നല്ലയിടയനാണെന്ന് പാപ്പാ വചനചിന്തയില്‍ സമര്‍ത്ഥിച്ചു. പിതാവിന്‍റെ സന്തോഷം സ്നേഹത്തില്‍ അധിഷ്ഠിതമാണ്. ‘ദൈവമേ, ഞാനൊരു പാപിയാണേ,’ എന്നു ഏറ്റുപറഞ്ഞ് ഒഴിഞ്ഞുമാറിയാലും അവിടുന്ന് നമ്മെ പരിത്യജിക്കുന്നില്ല, സ്നേഹിക്കുന്നു, നമ്മെ അവിടുത്തെ ആലയുടെ സ്നേഹത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ഇതാണ് പിതാവായ ദൈവത്തിന്‍റെ ഭാവവും രൂപവും – നല്ലിടയന്‍!
Reported : nellikal, sedoc










All the contents on this site are copyrighted ©.