2013-11-07 20:24:16

ജീവന്‍റെ പോഷണത്തെ
തുണയ്ക്കേണ്ട ശാസ്ത്രലോകം


7 നവംബര്‍ 2013, വത്തിക്കാന്‍
ശാസ്ത്ര-സാങ്കേതിക പരിജ്ഞാനം ജീവന്‍റെ പോഷണത്തിന് ഉപയോഗപ്പെടുത്തണമെന്ന് വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമിയുടെ സമ്മേളനം അഭിപ്രായപ്പെട്ടു. നവംബര്‍ 6-ാം തിയതി വത്തിക്കാനില്‍ സമാപിച്ച പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയുടെ ത്രിദിനസമ്മേളനമാണ് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന് വിദ്യാഭ്യാസത്തോടൊപ്പം ശാസ്ത്ര-സാങ്കേതികയുടെ നേട്ടങ്ങളും ഉപയോഗപ്പെടുത്താമെന്ന് അഭിപ്രായപ്പെട്ടത്.

പാവങ്ങളായവര്‍ക്ക് വിശിഷ്യ കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ പോഷകാഹാരം നല്കിയാല്‍ ബൗദ്ധിക വികസനത്തിലൂടെയും, ആരോഗ്യമുള്ള ശൈശവത്തിലൂടെയും വ്യക്തിത്വത്തിന്‍റെ സമഗ്രവികസന പാതിയിലേയ്ക്ക് അവരെ ഉയര്‍ത്താമെന്ന്, സാമൂഹ്യശാസ്ത്രജ്ഞന്മാരും, സാമ്പത്തിക വിദഗ്ദ്ധരും, ശാസ്ത്രഗവേഷകരും, ഡോക്ടര്‍മാരും പങ്കെടുത്ത സമ്മേളനം അഭിപ്രായപ്പെട്ടു. ലോകത്തുള്ള പാവങ്ങളോട് സഭയ്ക്കുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഇക്കുറി പൊന്തിഫിക്കല്‍ അക്കാഡമി, ലോകത്തിന്‍റെ ദാരിദ്ര്യാവസ്ഥ ചര്‍ച്ചാവിഷയമാക്കിയത്.

ദാരിദ്ര്യമകറ്റാന്‍ ഭക്ഷണം മാത്രമല്ല, ബൗദ്ധികമായ വികസനവും വിദ്യാഭ്യാസവും അനിവാര്യമാണെന്ന നവമായ കാഴ്ചപ്പാടിലേയ്ക്കാണ് ശാസ്ത്ര അക്കാഡമിയുടെ ചര്‍ച്ചകള്‍ നീങ്ങിയത്. സൂക്ഷ്മമായ പോഷകങ്ങളാണ് ആരോഗ്യത്തോടൊപ്പം ബുദ്ധിപരമായ വികസനത്തിനു കാരണമെന്ന് ശാസ്ത്ര-സാങ്കേതികതയുടെ വിവിധ മേഖലയില്‍നിന്നുള്ള പ്രമുഖരുടെ സമ്മേളനം അഭിപ്രായപ്പെട്ടു.
Reported : nellikal, sedoc








All the contents on this site are copyrighted ©.