2013-11-06 18:42:27

സഭയ്ക്കെതിരായി
സിറിയന്‍ ആക്രമണം


6 നവംബര്‍ 2013, ഡമാസ്ക്കസ്
സിറിയയില്‍ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തിനു നേരെ ആക്രമണമുണ്ടായി. നവംബര്‍് 5-ാം തിയതി ചൊവ്വാഴ്ച രാവിലെയാണ് ഡമാസ്ക്കസ്സിലുള്ള മന്ദിരത്തിനുനേരെ ഷെല്ല്/മോര്‍ട്ടാര്‍ ആക്രമണം ഉണ്ടായതെന്ന്, സിറിയയിലെ വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് മാരിയോ സെനാരി അറിയിച്ചു. രാവിലെ 6.30-ന് പ്രവൃത്തിസമയത്തിന് വളരെ മുന്നെ ആയതിനാല്‍ ആള്‍ ആപായമൊന്നും ഉണ്ടായില്ലെന്നും, കെട്ടിടത്തിന്‍റെ മേല്‍ക്കുരയുടെ ഒരു ഭാഗവും ഭിത്തികളും തകര്‍ന്നിട്ടുണ്ടെന്നും ആര്‍ച്ചുബിഷപ്പ് സെനാരി വ്യക്തമാക്കി.

ചെറിയ ഷെല്ലാക്രമണങ്ങളെ അതിജീവിച്ചിട്ടുള്ള വത്തിക്കാന്‍റെ മന്ദിരത്തിന് ഇത്രത്തോളം നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ ആക്രമണം ആദ്യമാണെന്ന് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ ആര്‍ച്ചുബിഷപ്പ് സെനാരി പ്രസ്താവിച്ചു. ഡമാസ്ക്കസ്സിലെ മാരോനൈറ്റ്, മെല്‍ക്കൈറ്റ് ദേവാലയങ്ങളും ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസികളുടെ ആശ്രമവും ഇതിനു മുന്‍പ് ആക്രമണ വിധേയമായിട്ടുണ്ടെന്നും, ക്രൈസ്തവരുടെ സിറിയയിലെ വാസം ഭീതിജാനകമാണെന്നും ആര്‍ച്ചുബിഷപ്പ് സെനാറി വ്യക്തമാക്കി. ഗവണ്‍മെന്‍റെ പക്ഷവും വിമതസഖ്യങ്ങളും തമ്മിലുള്ള നിരന്തരമായ പോരാട്ടത്തില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണത്തിന്‍റെ സ്രോതസ്സ് ഏതെന്ന് ചൂണ്ടിക്കാണിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് ആര്‍ച്ചുബിഷപ്പ് സെനാരി പ്രസ്താവിച്ചു.

പാപ്പാ ഫ്രാന്‍സിസ് സന്ദേശങ്ങളിലൂടെയും പ്രാര്‍ത്ഥനാ ദിനത്തിലൂടെയും ലോകത്തോട് അഭ്യര്‍ത്ഥിച്ച സംവാദത്തിന്‍റെ പാതയിലുടെ സമാധാനം നേടിയെടുക്കണമെന്നും, പാപ്പായുടെ ധാര്‍മ്മിക ഇടപെടല്‍ ഒരു പരിധിവരെ യുദ്ധത്തിന്‍റെ വന്‍കെടുതി അകറ്റിയിട്ടുണ്ടെന്നും അഭിമുഖത്തില്‍ ആര്‍ച്ചുബിഷപ്പ് സെനാരി അഭിപ്രായപ്പെട്ടു.
Reported : nellikal, sedoc









All the contents on this site are copyrighted ©.