2013-11-01 18:39:18

ജീവിതാന്ത്യം മരണമല്ല
സ്വര്‍ഗ്ഗീയജീവനെന്ന് പാപ്പാ ഫ്രാന്‍സിസ്


1 നവംബര്‍ 2013, വത്തിക്കാന്‍
സകലവിശുദ്ധരുടെ ദിനത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്ക്കുശേഷം പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശത്തിന്‍റെ പരിഭാഷ.

1. മനുഷ്യാസ്തിത്വത്തിന്‍റെ അന്ത്യം മരണമല്ല സ്വര്‍ഗ്ഗമാണെന്ന്, നാം ആഘോഷിച്ച സകലവിശുദ്ധരുടെ മഹോത്സവം അനുസ്മരിപ്പിക്കുന്നു. ജീവിതാന്ത്യത്തെക്കുറിച്ച് യോഹന്നാന്‍ ശ്ലീഹാ തന്‍റെ ഒന്നാമത്തെ ലേഖനത്തില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു. “പ്രിയപ്പെട്ടവരേ, നാം ദൈവത്തിന്‍റെ മക്കളാണ്. നാം എന്തായിത്തീരുമെന്ന് ഇനിയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരുകാര്യം നാം അറിയുന്നു. അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ അവിടുത്തെപ്പോലെ നാമും ആയിത്തീരും. നാം അവിടുത്തെ ദര്‍ശിക്കുകയും ചെയ്യും” (1 യോഹ. 3, 2). പ്രത്യാശയുള്ളവരായിരിക്കുക, ദൈവം നമ്മെ നിരാശരാക്കില്ല എന്നാണ് ദൈവത്തോട് അടുത്തു ജീവിച്ച വിശുദ്ധാത്മാക്കള്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നത്. പാവങ്ങളിലും പരിത്യക്തരിലും ദൈവത്തിന്‍റെ തിരുമുഖം ദര്‍ശിച്ചുകൊണ്ട് ഭൗമികജീവിതത്തില്‍ ദൈവത്തോട് ഗാഢമായി ഐക്യപ്പെട്ടു ജീവിച്ചവരാണ് വിശുദ്ധാത്മാക്കള്‍.
ഈ ജീവിതാനന്തരം സ്വര്‍ഗ്ഗീയജീവനില്‍ അവര്‍ ദൈവമഹത്വം ദര്‍ശിക്കുന്നു.

വിശുദ്ധര്‍ അതിമാനുഷരല്ല. പൂര്‍ണ്ണതയില്‍ ജനിച്ചവരുമല്ല. എല്ലാറ്റിലും അവര്‍ നമ്മെപ്പോലെയായിരുന്നു. ദൈവികമഹത്വം പ്രാപിക്കുംമുന്‍പ്, സുഖദഃഖ സമ്മിശ്രവും, ആശനിരാശകള്‍ ഇടകലര്‍ന്നതും വളരെ സാധാരണവുമായ ജീവിതമാണ് അവര്‍ നയിച്ചിരുന്നത്. ദൈവസ്നേഹം തിരിച്ചറിഞ്ഞ അവര്‍, പിന്നെ മുഴുഹൃദയത്തോടും കലവറയോ കാപട്യമോ ഇല്ലാതെയും ക്രിസ്തുവിനെ അനുഗമിച്ചു. പ്രതിബന്ധങ്ങളും പ്രയാസങ്ങളും ക്ഷമയോടെ സഹിച്ചുകൊണ്ടും, വെറുപ്പും വൈരാഗ്യവുമില്ലാതെയും അവര്‍ മറ്റുള്ളവര്‍ക്കുവേണ്ടി ജീവിതങ്ങള്‍ പൂര്‍ണ്ണമായും സമര്‍പ്പിച്ചു.

2. വിശുദ്ധരുടെ ജീവിതത്തില്‍ വെറുപ്പോ വിദ്വേഷമോ ഇല്ല. ദൈവം സ്നേഹമാണെന്ന് അറിഞ്ഞവര്‍, വിദ്വേഷം പൈശാചികമാണെന്നും മനസ്സിലാക്കി. പിന്നെ അതില്‍നിന്നും അവര്‍ ഓടിയകന്നു. തങ്ങളുടെ ഹൃദയത്തിലുതിരുന്ന സന്തോഷം മറ്റുള്ളവരുമായി പങ്കുവച്ചവരാണ് വിശുദ്ധാത്മാക്കള്‍. ആരെയും വെറുക്കാതെയും വെറുപ്പിക്കാതെയും, എല്ലാവരെയും, വിശിഷ്യാ പാവങ്ങളായവരെ ശുശ്രൂഷിച്ചും, അധികം സമയം പ്രാര്‍ത്ഥിച്ചും ആത്മീയ സന്തോഷത്തില്‍ അവര്‍ മുഴുകി ജീവിച്ചു. ഈ ത്യാഗസമര്‍പ്പണമാണ് വിശുദ്ധിയിലേയ്ക്ക് അവരെ നയിച്ച വഴി!

ജീവിതവിശുദ്ധി ആരുടെയും കുത്തകയോ അവകാശമോ അല്ല. സകലരും വിശുദ്ധിയിലേയ്ക്കു വിളിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ വിശുദ്ധി എല്ലാവരുടെയും വിളിയാണ്. അതിലേയ്ക്കുള്ള പാത അമൂര്‍ത്തമല്ല. അതിന് പേരും രൂപവുമുണ്ട് – ക്രിസ്തു! വിശുദ്ധരുടെ ഗുരുനാഥന്‍ ക്രിസ്തുവാണ്. സുവിശേഷത്തിലെ അഷ്ടഭാഗ്യങ്ങളിലൂടെയാണ് വിശുദ്ധിയുടെ പാഠങ്ങള്‍ അവിടുന്ന പകര്‍ന്നുനല്കുന്നത് (മത്തായി 5, 1-12). ഭൗതികവസ്തുക്കളുടെ പിറകെ പോകുന്നവര്‍ക്കുള്ളതല്ല ദൈവരാജ്യം. എളിമയും ലാളിത്യവും നീതിയുമുള്ളവര്‍ക്കും, അപരനെ വിധിക്കാത്തവര്‍ക്കും, പീഡിതരുടെ പക്ഷംചേരുന്നവര്‍ക്കും, മറ്റുള്ളവരുടെ നന്മയില്‍ സന്തോഷിക്കുന്നവര്‍ക്കും, സഹോദരങ്ങളോട് ക്ഷമിക്കുന്നവര്‍ക്കും, അവരോട് കാരുണ്യം കാട്ടുന്നവര്‍ക്കും, അനുരഞ്ജനത്തിന്‍റെയും ക്ഷമയുടെയും വക്താക്കളായവര്‍ക്കുമുള്ളതാണ് ദൈവരാജ്യമെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. അങ്ങനെ ക്രിസ്തുമാര്‍ഗ്ഗത്തില്‍ ചരിച്ച അനുരജ്ഞനത്തിന്‍റെയും സമാധനത്തിന്‍റെയും പ്രയോക്താക്കളും ശില്പികളുമാണ് വിശുദ്ധാത്മാക്കള്‍. മനുഷ്യര്‍ തമ്മില്‍ത്തമ്മിലും ദൈവവുമായും അനുരഞ്ജനപ്പെടാനും, അങ്ങനെ സമാധാനത്തില്‍ ജീവിക്കാനും അവര്‍ വഴിയൊരുക്കുന്നു. അവര്‍ പകര്‍ന്നുനല്കുന്ന വിശുദ്ധിയുടെ ലാവണ്യം വൈവിധ്യവും വര്‍ണ്ണനാതീതവുമാണ്!

3. ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചു ജീവിക്കുക – ഇതാണ് ഇന്ന് വിശുദ്ധാത്മക്കള്‍ നമുക്കു നല്കുന്ന സന്ദേശം. ദൈവം നമ്മെ ഒരിക്കലും കൈവിടില്ല. അവിടുന്ന ജീവിതവഴികളില്‍ നമ്മോടൊത്തു ചരിക്കുന്ന സ്നേഹിതനും സഹയാത്രികനുമാണ്. ക്രിസ്തുവിനെയും സുവിശേഷത്തെയുംപ്രതി ‘ഭൂമിയില്‍ മനുഷ്യരാല്‍ നന്ദിക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ, എല്ലാവിധ തിന്മകളും നിങ്ങളുടെമേല്‍ വ്യാജമായി ആരോപിക്കപ്പെടുമ്പോഴും ഭയപ്പെടരുത്, നിങ്ങള്‍ ഭാഗ്യവാന്മാരാണ്. കാരണം സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കുള്ള പ്രതിഫലം വലുതായിരിക്കും’.

ഈ പ്രത്യാശയിലാണ് പരേതരായ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കേണ്ടത്. സഭ സകലവിശുദ്ധരുടെയും പരേതാത്മാക്കളുടെയും ദിനങ്ങള്‍ ചേര്‍ത്തുവയ്ക്കുന്നതും ഏറെ അര്‍ത്ഥവത്തും പ്രതീകാത്മകവുമാണ്. സ്വര്‍ഗ്ഗീയമദ്ധ്യസ്ഥരായ വിശുദ്ധാത്മാക്കോളോടുള്ള നമ്മുടെ പ്രാര്‍ത്ഥന ഭൗതികജീവിതം കടന്നുപോകുന്ന നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് നിത്യതയുടെ തീരങ്ങള്‍ പ്രാപിക്കാനുള്ള പ്രേരണയും തുണയുമാണ്.

നമ്മുടെ എളിയ പ്രാര്‍ത്ഥനകള്‍ യേശുവിന്‍റെ അമ്മയും സകലവിശുദ്ധരുടെ രാജ്ഞിയുമായ കന്യാനാഥയ്ക്കു സമര്‍പ്പിക്കാം, എന്ന ആഹ്വാനത്തോടെയാണ് പാപ്പാ ത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണം ഉപസംഹരിച്ചത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.