2013-10-31 17:20:14

പാപ്പാ വോയ്ത്തീവയുടെ
സ്മരണയില്‍ ഒരു ബലിയര്‍പ്പണം


31 ഒക്ടോബര്‍ 2013, വത്തിക്കാന്‍
പതിവുതെറ്റിച്ച് പാപ്പാ ഫ്രാന്‍സിസ് വ്യാഴാഴ്ച ദിവ്യബലിയര്‍പ്പിച്ചത് വത്തിക്കാനിലെ ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്‍റെ നാമത്തിലുള്ള ചെറിയ അള്‍ത്താരയിലാണ്. വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ഭൗതികശേഷിപ്പികള്‍ സൂക്ഷിച്ചിരിക്കുന്നത് ഈ അള്‍ത്താരയിലാണ്. ആസന്നമാകുന്ന സകലവിശദ്ധരുടെയും ആത്മാക്കാളുടെയും അനുസ്മരണയിലായിരിക്കണം പുണ്യശ്ലോകനും 2014 ഏപ്രില്‍ 14-ന് വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തപ്പെടാന്‍ പോകുന്ന പാപ്പാ വോയ്ത്തീവയുടെ പൂജ്യശേഷിപ്പുകളുടെ മുന്നില്‍ പാപ്പാ ഫ്രാന്‍സിസ് ബലിയര്‍പ്പിച്ചത്. ദിവ്യബലിമദ്ധ്യേ പാപ്പാ വചനചിന്തകള്‍ പങ്കുവച്ചു.

പൗലോസ് അപ്പസ്തോലന്‍റെ ക്രിസ്തുസ്നേഹത്തില്‍ അടിയുറച്ച വിശ്വാസം മാതൃകയാക്കണമെന്ന്
പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. പൗലോശ്ലീഹായുടെ ദൈവസ്നേഹത്തോടുള്ള വിശ്വസ്തതയുടെയും ജരൂസലേംനഗരം കാണിച്ച അവിശ്വസ്തതയുടെയും വൈരുദ്ധ്യമാണ് ദിവ്യബലിമദ്ധ്യേയുള്ള വചനചിന്തയില്‍ പാപ്പാ പങ്കുവച്ചത്. ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്നും ആര്‍ക്കാണ് നമ്മെ വേര്‍പെടുത്താനാവുന്നത്. ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ..., ഇവയ്ക്കൊന്നിനും അകറ്റാനാവാത്ത ആഴമായ ബന്ധമാണ് ക്രിസ്തുവിലൂടെ നമുക്കു ലഭ്യാമായ ദൈവസ്നേത്തിലുള്ളതെന്ന് (റോമ. 31-39) റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ അപ്പസ്തോലന്‍ സമര്‍ത്ഥിക്കുന്നത്, പാപ്പാ ഉദ്ധരിച്ചു. മറുഭാഗത്ത് പ്രവാചകന്മാരെ കൊല്ലുകയും, ദൈവത്താല്‍ അയക്കപ്പെട്ടവരെ കല്ലെറിയുകയും ചെയ്തുകൊണ്ട് ദൈവസ്നേഹത്തെ തളളിക്കളഞ്ഞ ജരൂസലേം പട്ടണത്തെയോര്‍ത്ത് ക്രിസ്തു വിലപിക്കുന്ന ഭാഗം ലൂക്കായുടെ സുവിശേഷത്തില്‍നിന്നും (ലൂക്കാ 13, 31-35) പാപ്പാ ചൂണ്ടിക്കാട്ടി.

ക്രിസ്തുവിനെ വേദനിപ്പിക്കുന്നത് ഇന്നും ദൈവസ്നേഹത്തോടുള്ള അവജ്ഞയാണെന്നും, പീഡനങ്ങളിലും ജീവിതക്ലേശങ്ങളിലും അവസാനംവരെ ക്രിസ്തുവിനോടുള്ള സ്നേഹത്തില്‍ പതറാതെ വിശ്വസ്തരായി ജീവിക്കുന്നവര്‍ക്ക് മുന്നേറാനുള്ള കരുത്തുലഭിക്കുമെന്നും, നീതിയുടെ പ്രതിസമ്മാനം ദൈവം അവര്‍ക്ക് നല്കുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ മാദ്ധ്യസ്ഥ്യത്താല്‍ പൗലോസ് അപ്പസ്തോലന്‍ പകര്‍ന്നുതന്ന മാതൃകാപരമായ വിശ്വാസം ജീവിക്കാന്‍ കരുത്തുലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.

പുണ്യശ്ലോകനായ ജോണ്‍ പോള്‍ രാണ്ടാമന്‍ പാപ്പായുടെ സ്മൃതിമണ്ഡപത്തോടു ചേര്‍ന്നുള്ള അള്‍ത്താരയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പതിവില്‍ കൂടുതല്‍ പോളിഷ് തീര്‍ത്ഥാടകര്‍ സന്നിഹിതരായിരുന്നു.
Reported : nellikal, sedoc








All the contents on this site are copyrighted ©.