2013-10-31 17:27:47

ഉപവിപ്രസ്ഥാനങ്ങള്‍ സ്നേഹത്തിന്‍റെ
ആത്മവിദ്യാലയങ്ങള്‍


31 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ഉപവിപ്രസ്ഥാനങ്ങള്‍ ക്രിസ്തുസ്നേഹത്തിന്‍റെ ആത്മവിദ്യാലയങ്ങളാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.
ഒക്ടോബര്‍ 31-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ Circolo San Pietro ‘പത്രോസിന്‍റെ കൂട്ടായ്മ’ എന്ന ഇറ്റാലിയന്‍ സന്നദ്ധ സംഘടയിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

സമൂഹത്തില്‍ ജീവിക്കുന്ന വിശ്വാസം ദൈവസ്നേഹത്തിന്‍റെ സാക്ഷൃമാണെന്നും, വിശ്വാസവത്സരത്തിന്‍റെ അന്ത്യഘട്ടത്തില്‍ ക്രിസ്തുവിലുള്ള വിശ്വാസവും അവിടുത്തെ സ്നേഹത്തില്‍ ഇനിയും ഉപവി പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു ചരിക്കാനുള്ള കരുത്തും, അല്‍മായപ്രേഷിതവൃത്തിയുടെ സമര്‍പ്പണവും പത്രോശ്ലീഹായുടെ നാമത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബങ്ങളുടെ ഈ കൂട്ടായ്മയ്ക്കു ലഭിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. ജീവിതത്തില്‍ ഓരോ ദിവസവും ക്രിസ്തു സ്നേഹത്തിന്‍റെ സാക്ഷികളാകാനും അവിടുത്തെ സ്നേഹവും കാരുണ്യവും പാവങ്ങളും പരിത്യക്തരുമായവര്‍ക്ക് പകര്‍ന്നുകൊടുക്കുവാനുമുള്ള സംഘടനയുടെ ക്രൈസ്തവ നിയോഗത്തെ പാപ്പാ ശ്ലാഘ്ച്ചു. ‘പത്രോസിന്‍റെ ചില്ലിക്കാശ്’ എന്ന പേരില്‍ സഭയുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായി സംഘന സംഭരിച്ചു നല്കുന്ന ധനശേഖരത്തിനും പ്രത്യേകം നന്ദിയര്‍പ്പിച്ചുകൊണ്ടാണ് തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.

മദ്ധ്യേകാലഘട്ടം മുതല്‍ വത്തിക്കാന്‍റെ ആത്മീയവും ഭൗതികവുമായ വിവിധ ആവശ്യങ്ങളില്‍ സഹായിക്കുവാന്‍ രൂപംകൊണ്ട സമ്പന്നകുടുംബങ്ങളുടെ സംഘടയുടെ പിന്‍തലമുറക്കാരാണ് Circolo San Pietro എന്ന പേരില്‍ ഇന്നും നിലനില്ക്കുന്നത്. വത്തിക്കാനില്‍ ആസ്ഥാനമുണ്ടായിരുന്ന സംഘടനയുടെ ഔദ്യോഗികപദവി പോള്‍ ആറാന്‍ പാപ്പായുടെ കാലംമുതല്‍ ഇല്ലാതായി. എന്നാല്‍ കാലികമായ വ്യതിയാനങ്ങളോടെ സംഘടന ഇന്നും സഭയുടെ പ്രവര്‍ത്തനങ്ങളില്‍, വിശിഷ്യാ റോമാ നഗരത്തില്‍ ചെയ്യുന്ന ഉപവിപ്രവര്‍ത്തനങ്ങളിലൂടെ സജീവസാന്നിദ്ധ്യം പ്രകടമാക്കുന്നു.
Reported : nellikal, sedoc








All the contents on this site are copyrighted ©.