2013-10-30 17:34:27

നഷ്ടമല്ലീ ത്യാഗത്തില്‍
ജീവിതമീ ഭൂമിയില്‍


30 ഒക്ടോബര്‍ 2013, റോം
കൊഴിഞ്ഞുപോകുന്ന ദൈവവിളികള്‍ക്കു കാരണം ത്യാഗമില്ലായ്മയെന്ന്, സമര്‍പ്പിതരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് റോഡ്രിക്സ് കര്‍ബാലോ പ്രസ്താവിച്ചു. ഒക്ടോബര്‍ 29-ാം തിയതി റോമിലെ അന്തോണിയാനും യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന ദൈവവിളിയെക്കുറിച്ചുള്ള സമ്മേളനത്തിലാണ്, ‘മാറുന്ന ലോകത്ത് കൊഴിഞ്ഞുപോകുന്ന സമര്‍പ്പിതരെ’ക്കുറിച്ച് പഠനം നടന്നത്.

സുഖസൗകര്യങ്ങളുടെ സുന്ദരമായ ലോകത്ത് സഹനത്തിന് സ്ഥാനമില്ലാത്തതാണ് സന്ന്യാസ പൗരോഹിത്യ ജീവിതങ്ങള്‍ ഉപേക്ഷിച്ചുപോകുന്നവരുടെ എണ്ണത്തിലെ ഗണ്യമായ വര്‍ദ്ധനവിനു കാരണമെന്ന് ആര്‍ച്ചുബിഷപ്പ് കര്‍ബാലോ പഠനങ്ങളുടെ വെളിച്ചത്തില്‍ ചൂണ്ടിക്കാട്ടി. സഭ വിട്ടുപോകുന്നതിന് പലകാരണങ്ങളും രേഖാപരമായി വ്യക്തികള്‍ വത്തിക്കാനില്‍ നല്കാറുണ്ടെങ്കിലും, അടിസ്ഥാനപരമായും ത്യാഗമനഃസ്ഥിതി ഇല്ലാത്തതാണ് സമര്‍പ്പണജീവിതം വിട്ടുപോകുന്നവരുടെ പ്രവാഹത്തിനു കാരണമെന്ന് ആര്ച്ചുബിഷപ്പ് കര്‍ബാലോ സമര്‍ത്ഥിച്ചു.
ത്യാഗത്തില്‍ അധിഷ്ഠിതമായ സമര്‍പ്പണമാണ് renunciation ദൈവവിളിയുടെ അടിസ്ഥാനമെന്നും, അതില്ലാത്തതിനാലാണ് സഭയിലും, സമൂഹത്തിലും, അജപാലനമേഖലയിലും വ്യക്തിബന്ധങ്ങളിലും വിളിക്കപ്പെട്ടവര്‍ പാരാജിതരാകുന്നതിനും, സാവാധാനം ജീവിതാന്തസ്സ് ഉപേക്ഷിച്ചു പോകുന്നതിനും കാരണമാകുന്നതെന്ന് ആര്‍ച്ചുബിഷപ്പ് കര്‍ബാലോ വ്യക്തമാക്കി.

പൊതുവെ കാണുന്ന, ‘എനിക്കെന്തു കിട്ടും’എന്ന വ്യക്തിയുടെ നേട്ടത്തിലും, ലാഭത്തിലും സുഖസൗകര്യങ്ങളിലും ഭാവിസുരക്ഷയിലും വളര്‍ച്ചയിലും വ്യാകുലപ്പെടുന്നവരാണ് സഭ വിട്ടുപോകുന്നത്. ജീവിതസമര്‍പ്പണത്തിന്‍റെ മൂല്യച്യുതിയെ തുടര്‍ന്ന് പ്രാര്‍ത്ഥാനജീവിതം, സമൂഹം, ധാര്‍മ്മികത, വ്യക്തിബന്ധങ്ങള്‍, സഭാസേവനം എന്നീ മേഖലകളിലും തകര്‍ച്ചകള്‍ സംഭവിക്കുന്നത് ദൈവവിളി ഉപേക്ഷിക്കാനും, ചിലപ്പോഴെങ്കിലും വിശ്വാസജീവിതത്തില്‍ത്തന്നെ തകര്‍ച്ച സംഭവിക്കാന്‍ കാരണമാകുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് കര്‍ബാലോ വ്യക്തമാക്കി. സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ജോ ബ്രാസ് ആവിസ് സന്നിഹിതനായിരുന്നു. ദൈവവിളിയുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 70 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Reported : nellikal, sedoc








All the contents on this site are copyrighted ©.