2013-10-29 16:54:29

‘മനുഷ്യക്കടത്ത്, അടിമത്വത്തിന്‍റെ ആധുനിക രൂപം’: ദ്വിദിന പഠനശിബിരം വത്തിക്കാനില്‍


29 ഒക്ടോബര്‍ 2013, വത്തിക്കാന്‍
അടിമത്വത്തിന്‍റെ ആധുനിക രൂപമായ മനുഷ്യക്കടത്തിനെക്കുറിച്ചു പഠിക്കുന്നതിന് ഒരു അന്താരാഷ്ട്ര പഠന ശിബിരം നവംബര്‍ 2-3 തിയതികളില്‍ വത്തിക്കാനില്‍ നടക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക താല്‍പര്യപ്രകാരം, പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാദമിയും സാമൂഹ്യ ശാസ്ത്ര അക്കാദമിയും സംയുക്തമായി അഖില ലോക കത്തോലിക്കാ മെഡിക്കല്‍ അസോസിയേഷന്‍റെ സഹകരണത്തോടെയാണ് പഠന ശിബിരം സംഘടിപ്പിച്ചിരിക്കുന്നത്. മനുഷ്യക്കടത്തിനെക്കുറിച്ച് ശാസ്ത്ര സാങ്കേതിക സഹായത്തോടെ വിലയിരുത്തുന്നത് മനുഷ്യാന്തസിനെതിരേയുള്ള ഈ ഹീനകൃത്യത്തിനെതിരേ വ്യക്തമായ നിലപാട് സ്വീകരിക്കാനും അതിനെതിരേ പടപൊരുതാനും സഹായിക്കുമെന്ന് പഠനശിബിരത്തിന്‍റെ സംഘാടകര്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു. കാണാതാകുന്ന കുട്ടികളുടേയും മറ്റു വ്യക്തികളുടേയും ഡി.എന്‍.എ ശ്രേണി പരിശോധിച്ചറിഞ്ഞ് അവരെ കണ്ടെത്താന്‍ സഹായിക്കുന്ന ഡിജിറ്റല്‍ രജിസ്ട്രേഷന്‍ സംവിധാനം തുടങ്ങിയ നൂതന സംവിധാനങ്ങള്‍ മനുഷ്യക്കടത്തിനെതിരേ പൊരുതാന്‍ വലിയ സഹായമാകുമെന്ന് സംഘാടകര്‍ വിശദീകരിച്ചു.
മനുഷ്യക്കടത്ത് വര്‍ദ്ധിച്ചുവരുന്ന പ്രതിഭാസം 2012ലെ യു.എന്‍ റിപ്പോര്‍ട്ട് (UNODC 2012 Report on Trafficking) ഭയാശങ്കകളോടെയാണ് വീക്ഷിച്ചത്. 2012ല്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടന നടത്തിയ കണക്കെടുപ്പില്‍ 2002നും 2010നും ഇടയില്‍ 20.9 ദശലക്ഷത്തോളം പേര്‍ അടിമവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി കണ്ടെത്തി. ഓരോ വര്‍ഷവും 2 ദശലക്ഷം പേരാണ് ലൈംഗിക വാണിഭത്തിനിരയാകുന്നത്. അതില്‍ 60% പെണ്‍കുട്ടികളാണ്. പ്രതിവര്‍ഷം ഇരുപതിനായിരത്തിലേറെ പേര്‍ അവയവ കച്ചവടത്തിനിരയാകുന്നുണ്ടെന്നും കണക്കുകള്‍ വെളിപ്പെടുത്തി. നാനാവിധ താല്‍പര്യങ്ങള്‍ ഇടകലര്‍ന്നിരിക്കുന്ന സംഘടിതമായ ഒരു കുറ്റകൃത്യ ശൃംഖലയാണിത്. മാനുഷികവും ധാര്‍മ്മികവുമായ ഈ സാമൂഹ്യ തിന്‍മയ്ക്കെതിരേ പോരാടാന്‍ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ പോലും വൈമുഖ്യം കാണിക്കുന്ന പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാദമിയും സാമൂഹ്യ ശാസ്ത്ര അക്കാദമിയും അഖില ലോക കത്തോലിക്കാ മെഡിക്കല്‍ അസോസിയേഷന്‍റെ സഹായത്തോടെ ഈ വിഷയത്തെക്കുറിച്ച് വിദഗ്ദ പഠനം നടത്താന്‍ നിശ്ചയിച്ചതെന്ന് വാര്‍ത്താക്കുറിപ്പ് വിശദീകരിച്ചു.








All the contents on this site are copyrighted ©.