2013-10-29 10:11:30

കുടുംബങ്ങള്‍ക്കുള്ള
പാപ്പാ ഫ്രാന്‍സിസിന്‍റെ സ്നേഹസന്ദേശം


വിശ്വാസവത്സരത്തിന്‍റെ ഭാഗമായി വത്തിക്കാനില്‍ നടന്ന അന്തര്‍ദേശീയ കുടുംബദിനത്തില്‍
(26 ഒക്ടോബര്‍) പാപ്പാ നല്കിയ സന്ദേശം

പ്രിയ കുടുംബങ്ങളേ,
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിച്ചേര്‍ന്ന നിങ്ങളെ വിരിച്ച കരങ്ങളുമായി വിശുദ്ധ പത്രോസിന്‍റെ ചത്വരം സ്വാഗതംചെയ്യുന്നു. വിശ്വാസത്തിന്‍റെ ആനന്ദമാണ് നിങ്ങളെ ഇവിടെ എത്തിച്ചത്. ക്രിസ്തു സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ജനമാണു നിങ്ങള്‍. ഈ സംഗമത്തില്‍ ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള മറ്റു കുടുംബങ്ങളും മാധ്യമങ്ങളിലൂടെ പങ്കുചേരുന്നുണ്ട്. അവരെയും ഞാന്‍ അഭിവാദ്യംചെയ്യുന്നു.

1. ക്രിസ്തുവില്‍ പൂര്‍ണ്ണമാകുന്ന ആനന്ദം
‘വിശ്വാസത്തിന്‍റെ സന്തോഷം ജീവിക്കുന്ന കുടുംബങ്ങള്‍’ എന്ന മനോഹരമായ സന്ദേശവുമായിട്ടാണ് നാം കൂടിയിരിക്കുന്നത്. നിങ്ങള്‍ പങ്കുവച്ച ജീവിതാനുഭവങ്ങള്‍ ശ്രദ്ധയോടെ ഞാന്‍ കേള്‍ക്കുകയായിരുന്നു. കുട്ടികളും മാതാപിതാക്കളും കാരണവന്മാരും ഒത്തൊരുമിച്ചുള്ള നിങ്ങളുടെ നിറസാന്നിദ്ധ്യം ആനന്ദദായകമാണ്. വിവാഹജീവിതത്തിലേയ്ക്ക് പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങളുടെ സാന്നിദ്ധ്യത്തെയും അഭിനന്ദിക്കുന്നു. അവരുടെ ആശകളെയും പ്രത്യാശകളെയും ആശീര്‍വ്വദിക്കുന്നു. ഇന്നത്തെ സാമൂഹ്യചുറ്റുപാടില്‍ ‘വിശ്വാസം നല്കുന്ന ആനന്ദം’ എങ്ങനെ ജീവിക്കാമെന്ന് നമുക്കു ചിന്തിക്കാം.

‘അദ്ധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരുമായ നിങ്ങള്‍ എന്‍റെ പക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ സമാശ്വിസിപ്പിക്കാം,’ എന്ന ക്രിസ്തുവിന്‍റെ ആഹ്വാനം ഓര്‍ക്കുക (മത്തായ 11, 12). ജീവിതം എപ്പോഴും ബദ്ധപ്പാടുകള്‍ നിറഞ്ഞതാണ്. ജീവിതത്തിന്‍റെ അദ്ധ്വാനം ശ്രമകരവുമാണ്. തൊഴില്‍ തേടുക അതിലേറെ ആയാസകരമാണ്. എന്നാല്‍ ജീവിതത്തെ ഏറ്റവുമധികം ക്ലേശപൂര്‍ണ്ണമാക്കുന്നത് സ്നേഹമില്ലായ്മയാണ്. ഒരിക്കലും പുഞ്ചിരിക്കാനും മറ്റുള്ളവരെ ജീവിതത്തില്‍ സ്വീകരിക്കാനും സാധിക്കാത്തവിധത്തില്‍ ഈ സ്നേഹമില്ലായ്മ നമ്മെ ഭാരപ്പെടുത്തും. കുടുംബജീവിതത്തിന്‍റെ പശ്ചാത്തലത്തില്‍, മാതാപിതാക്കള്‍ പരസ്പരവും, മക്കളും മാതാപിതാക്കളും തമ്മിലും, ചിലപ്പോള്‍ മക്കളുടെ ഇടയില്‍ത്തന്നെയും ഉണ്ടാകുന്ന സ്നേഹമില്ലായ്മയും അതുമായി ബന്ധപ്പെട്ടുയരുന്ന മ്ലാനതയും ജീവിതത്തെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്. എന്നാല്‍ ക്രിസ്തു എപ്പോഴും നമ്മെ വിളിക്കുന്നു, “അദ്ധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരുമായ നിങ്ങള്‍ എന്‍റെ പക്കല്‍ വരുവിന്‍”.

പ്രിയ കുടുംബങ്ങളേ, നിങ്ങളുടെ ജീവിതക്ലേശങ്ങളും പ്രതിബന്ധങ്ങളും ക്രിസ്തുവിനറിയാം. അതുപോലെ സന്തോഷിക്കുവാനും സമൃദ്ധിയില്‍ ജീവിക്കുവാനുമുള്ള നിങ്ങളുടെ അഭിവാഞ്ച്ഛയും അവിടുത്തേയ്ക്കറിയാം., “എന്‍റെ സന്തോഷം നിങ്ങളില്‍ കുടികൊള്ളുവാനും നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകാനും വേണ്ടിയാണ്.” എന്ന് തന്‍റെ ശിഷ്യന്മാരോടു പറഞ്ഞ ഈ വാക്കുകള്‍ ഇന്ന് ഓരോ കുടുംബങ്ങളോടും, നമ്മോട് ഓരോരുത്തരോടും ക്രിസ്തു പറയുകയാണ്. മേലുദ്ധരിച്ച അവിടുത്തെ സ്നേഹാര്‍ദ്രമായ രണ്ടു വചസ്സുകളും കൂട്ടിവായിക്കുകയാണെങ്കില്‍, ‘കുടുംബങ്ങളേ, നിങ്ങള്‍ എന്‍റെ പക്കല്‍ വരുവിന്‍, നിങ്ങളെ ഞാന്‍ സമാശ്വസിപ്പിക്കാം, അങ്ങനെ നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകട്ടെ’.

2. ഒരുമിച്ചു മുന്നേറേണ്ട ജീവിതയാത്ര
‘സന്തോഷത്തിലും സന്താപത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, സ്നേഹിച്ചും ആദരിച്ചും മരണംവരെ വിശ്വസ്തതയോടെ ജീവിക്കാമെന്നാണ്’ വിവാഹ സമയത്ത് ക്രൈസ്തവ ദമ്പതിമാര്‍ വാഗ്ദാനംചെയ്യുന്നത്. വരാനിരിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ധാരണയൊന്നുമില്ലാതെയാണ് ആ മുഹൂര്‍ത്തത്തില്‍ വിവാഹവാഗ്ദാനം നടക്കുന്നത്. പൂര്‍വ്വപിതാവായ അബ്രാഹത്തെപ്പോലെ വിശ്വാസത്തിലുള്ള അന്ധമായൊരു ചുവടുവയ്പ്പാണത്. അതുതന്നെയാണ് വിവാഹം. വിശ്വാസത്തിലും സ്നേഹത്തിലുമുള്ള അന്ധമായൊരു കാല്‍വയ്പാണത്! ദൈവത്തിന്‍റെ ശക്തമായ കരങ്ങളില്‍ ദമ്പതിമാര്‍ തങ്ങളെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് പുറപ്പെടുകയും, ജീവിതയാത്രയില്‍ ഒരുമിച്ച് മുന്നേറുകയും ചെയ്യുന്ന പ്രത്യാശയുടെ ചുവടുവയ്പ്പാണ് വിവാഹം, കുടുംബം.

ദൈവപരിപാലനയിലും അവിടുത്തെ വിശ്വസ്തതയിലും ആശ്രയിക്കുകയാണെങ്കില്‍ ഭയപ്പെടാതെ അനുദിന ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കും. ഇന്നത്തെ ലോകത്തിന്‍റെ പ്രലോഭനങ്ങളും പ്രതിസന്ധികളും അറിയാന്‍പാടില്ലാത്ത, അല്ലെങ്കില്‍ മനസ്സിലാകാത്ത ശുദ്ധാത്മാക്കളാണ് ക്രൈസ്തവ ദമ്പതികള്‍ എന്നു ഞാന്‍ കരുതുന്നില്ല. ദൈവത്തിന്‍റെയും സമൂഹത്തിന്‍റെ മുന്‍പാകെയും ഉത്തരവാദിത്വപൂര്‍ണ്ണമായി ജീവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കണം. കുടുംബം രൂപീകരിക്കുന്നതിലും, കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുന്നതിലുമുള്ള വലിയ ഉത്തരവാദിത്തം മാറ്റിവയ്ക്കുകയോ, അതില്‍നിന്ന് ഒളിച്ചോടുകയോ, ഒഴിഞ്ഞുമാറുകയോ ചെയ്യരുത്.

തീര്‍ച്ചയായും കുടുംബത്തിന്‍റെ ഉത്തരവാദിത്തം കഠിനമാണ്. അത് വിശ്വസ്തയോടെ നിര്‍വ്വഹിക്കുന്നതിന് ദൈവിക കൃപയുടെ സമൃദ്ധി ആവശ്യമാണ്. ക്രൈസ്തവ കൂദാശകള്‍ ജീവിതത്തിന് ആടയാഭരണമോ അലങ്കാരമോ അല്ല, അത് കൃപയുടെ സ്രോതസ്സാണ്. ജീവതയാത്രയില്‍ ഭാര്യഭര്‍ത്താക്കന്മാര്‍ ഒരുമിച്ചു പാര്‍ക്കുന്നതിനും നല്ല മാതാപിതാക്കളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ച് ജീവിക്കുന്നതിനും കൂദാശകള്‍ അനിവാര്യമാണ്. ഇതു മനസ്സിലാക്കുന്ന ദമ്പതികള്‍ കൂദാശകള്‍ സ്വീകരിക്കുകയും, ഇന്നും സമൂഹത്തില്‍ സന്തോഷപൂര്‍വ്വം അവ ജീവിക്കുകയും ചെയ്യുന്നു. വിവാഹം പരികര്‍മ്മംചെയ്യപ്പെടുന്നതിലൂടെ ദമ്പതികള്‍ പരസ്പരം ഒത്തുചേരുന്നതുപോലെ, അവര്‍ സമൂഹത്തിന്‍റെയും ഭാഗമായിത്തീരുന്നു. ഈ കാഴ്ചപ്പാടും അവബോധവും തികച്ചും അനുദിന ജീവിതത്തില്‍ അന്വര്‍ത്ഥവും സഹായകവുമാണ്. കാരണം നീണ്ട ജീവിതയാത്രയില്‍ നാം ഒറ്റയ്ക്കല്ല, മറ്റുള്ളവരോടു ചേര്‍ന്നും സമൂഹത്തിന്‍റെ പിന്‍തുണയോടെയുമാണ് മുന്നോട്ടു ചരിക്കേണ്ടത്. അതുപോലെ, പരസ്പരം സ്നേഹിച്ചും ആദരിച്ചും ജീവിക്കുന്നതിനും കൈകോര്‍ത്തു മുന്നേറുന്നതിനും, അന്വോന്യം സഹായിച്ചും ക്ഷമിച്ചും മുന്നേറുന്നതിനും ദൈവസഹായവും ആവശ്യമാണ്.

ഒരുമിച്ചു വിശ്രമിക്കുന്നതും, ഭക്ഷിക്കുന്നതും, പാര്‍ക്കിലോ തുറസ്സായിടങ്ങളിലോ ഒരുമിച്ചു നടക്കുന്നതും കാരണവന്മാര്‍ക്കൊപ്പം ഉല്ലസിക്കുന്നതുമെല്ലാം കുടുംബജീവിതത്തിലെ സുന്ദരമുഹൂര്‍ത്തങ്ങളാണ്. എന്നാല്‍ സ്നേഹമില്ലെങ്കില്‍ സന്തോഷമില്ലാതാകും. പിന്നെങ്ങിനെ ഉല്ലാസമുണ്ടാകും!?
ക്രിസ്തു സ്നേഹദാതാവാണ്, തന്‍റെ ദിവ്യസ്നേഹം സദാ പകര്‍ന്നുനല്കാന്‍ അവിടുത്തേയ്ക്കാകും. ദിവ്യകാരുണ്യത്തില്‍ തന്നെത്തന്നെ ഇന്നും നമുക്കായി നല്കുന്ന സ്നേഹത്തിന്‍റെ വറ്റാത്ത സ്രോതസ്സാണ് ക്രിസ്തു!!

3. ക്രിസ്തുവിനെ പ്രഘോഷിക്കുന്ന തലമുറകളുടെ കൂട്ടായ്മ
കുടുംബസംഗമ വേദിക്ക് പശ്ചാത്തലമായിരിക്കുന്നത് മാതാപിതാക്കള്‍ ഉണ്ണിയേശുവിനെ ദേവാലയത്തില്‍ സമര്‍പ്പിക്കുന്ന രംഗമാണ്. വളരെ മനോഹരവും അര്‍ത്ഥസമ്പുഷ്ടവുമായ ചിത്രീകരണമാണിത്. നമ്മെ ഓരോരുത്തരെയും പോലെ ഈ ചിത്രത്തിലുള്ള എല്ലാ വ്യക്തികള്‍ക്കും അവരുടേതായ ഉത്തരവാദിത്വങ്ങളുണ്ട്, അവരുടേതായ ജീവിതപങ്കുകള്‍ നിര്‍വ്വഹിക്കാനുണ്ട്. ആദ്യമായി, ജോസഫും മേരിയും കര്‍ത്തൃനിയമത്തിന് വിധേയരായിട്ടാണ് ജരൂസലേം ദേവാലയത്തിലേയ്ക്ക് തീര്‍ത്ഥാടനം നടത്തിയത്. രണ്ടാമതായി, പരിശുദ്ധാത്മാവിനാല്‍ നിയുക്തരും പ്രചോദിതരുമായിട്ടാണ് ദീര്‍ഘദര്‍ശിയായ ശിമയോനും പ്രവാചികയായ അന്നയും തല്‍സമയത്ത് ദേവാലായത്തിലെത്തിയത്. മൂന്നു തലമുറകള്‍ സമ്മേളിക്കുന്ന അപൂര്‍വ്വ മുഹൂര്‍ത്തമായിരുന്നു അത്. ഉണ്ണിയേശുവിനെ തന്‍റെ കരങ്ങളില്‍ എടുത്ത് ശിമയോന്‍ ദൈവപുത്രനായ മിശിഹായെ തിരിച്ചറിഞ്ഞു. പ്രവാചിക അന്നയാവട്ടെ, ഇസ്രായേലിന്‍റെ വിമോചനം പാര്‍ത്തിരുന്നവര്‍ക്ക് ആസന്നമായ രക്ഷയുടെ വാഗ്ദാനങ്ങള്‍ക്ക് ദൈവത്തിന് നന്ദിപറഞ്ഞു. നസ്രത്തിലെ തിരുക്കുടുംബത്തെപോലെ ലോകത്തെ ഓരോ കുടുംബവും ചരിത്രത്തിന്‍റെ ഭാഗമാണ്. കടന്നുപോകുന്ന തലമുറകളുടെ പിന്‍തുണയില്ലാതെ നമുക്ക് നിലനില്പില്ല എന്നു മനസ്സിലാക്കണം.

പ്രിയ കുടുംബങ്ങളേ, നിങ്ങള്‍ ദൈവജനത്തിന്‍റെ ഭാഗമാണ്. ഈ സ്നേഹസഞ്ചയത്തില്‍ നിങ്ങള്‍ സന്തോഷത്തോടെ പങ്കുചേരുക. ക്രിസ്തുവിനോട് ചേര്‍ന്നുനില്ക്കുക, നിങ്ങളുടെമദ്ധ്യേയുള്ള അവിടുത്തെ മറ്റുള്ളവര്‍ക്കും കാണിച്ചുകൊടുക്കുക, അവരുമായി സുവിശേഷം പങ്കുവയ്ക്കുക. കുടുംബങ്ങളുടെ ഈ വലിയ കൂട്ടായ്മയ്ക്ക് ഞാന്‍ നന്ദിയര്‍പ്പിക്കുന്നു. ജീവിതപ്രതിസന്ധികളില്‍ കരുത്തേകുന്നതും വിശ്വാസത്തില്‍ ദൃഢപ്പെടുത്തുന്നതുമായ പത്രോശ്ലീഹായുടെ വാക്കുകള്‍ സ്വായത്തമാക്കാം. “കര്‍ത്താവേ, ഞങ്ങള്‍ ആരുടെ പക്കലേയ്ക്കു പോകാനാണ്? നിത്യജീവന്‍റെ വചസ്സുകള്‍ അങ്ങേ പക്കലുണ്ടല്ലോ!” (യോഹന്നാന്‍ 6, 68). ക്രിസ്തുവിന്‍റെ കൃപാസ്പര്‍ശത്താല്‍ വിശ്വാസത്തിന്‍റെ ആനന്ദം ജീവിക്കാനും പങ്കുവയ്ക്കാനും ഏവര്‍ക്കും സാധിക്കട്ടെ! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, നസ്രത്തിലെ കുടുംബത്തിന്‍റെ അമ്മ, പരിശുദ്ധ കന്യകാനാഥ നമ്മുടെ എല്ലാകുടുംബങ്ങളെയും കാത്തുപാലിക്കട്ടെ!

Message of His Holiness Pope Francis to the International Gathering of Families in Vatican 26th October 2013. Translated : nellikal, Vatican Radio








All the contents on this site are copyrighted ©.