2013-10-28 17:04:55

“വിശ്വാസത്തിന്‍റെ ആനന്ദത്തില്‍ ജീവിക്കുന്ന കുടുംബം”


28 ഒക്ടോബര്‍ 2013, വത്തിക്കാന്‍

വിശ്വാസവര്‍ഷത്തിലെ കുടുംബ സംഗമത്തിന് ഒക്ടോബര്‍ 26, 27 (ശനി, ഞായര്‍) തിയതികളില്‍ വത്തിക്കാന്‍ വേദിയായി. “വിശ്വാസത്തിന്‍റെ ആനന്ദത്തില്‍ ജീവിക്കുന്ന കുടുംബങ്ങള്‍” എന്ന ശീര്‍ഷകത്തിലുള്ള ഈ സംഗമം കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും നവസുവിശേഷവല്‍ക്കരണത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും സംയുക്തമായാണ് സംഘടിപ്പിച്ചത്. ലോകത്തിന്‍റെ നാനാഭാഗത്തു നിന്നും മാതാപിതാക്കളും, മക്കളും, കൊച്ചുമക്കളും, അപ്പൂപ്പന്‍മാരും അമ്മൂമമാരും അടങ്ങുന്ന ചെറുതും വലുതമായ കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ശനിയാഴ്ച വൈകീട്ട് മാര്‍പാപ്പ നയിച്ച വിശ്വാസപ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കാന്‍ നാനവര്‍ണ്ണ ബലൂണുകളുമായാണ് കുടുംബങ്ങളെത്തിയത്. വിശ്വാസം പ്രഖ്യാപിക്കാനെത്തിയ കുടുംബങ്ങളുടെ ആനന്ദത്തോടൊപ്പം ആയിരക്കണക്കിന് വര്‍ണ്ണബലൂണുകളും ആകാശത്തേക്കു പറന്നുയര്‍ന്നു. കുട്ടികളുടെ സംഘം മാര്‍പാപ്പയെ വേദിയിലേക്ക് ആനയിച്ചതും, മുഖ്യവേദിയില്‍ മാര്‍പാപ്പയുടെ അടുത്തുതന്നെ കുട്ടികള്‍ക്കും വയോധികര്‍ക്കും ഇടമൊരുക്കിയിരുന്നതും ഏറെ ശ്രദ്ധേയമായി. ക്രിസ്തീയ കുടുംബങ്ങളുടേയും ഗൃഹസ്ഥരായ പ്രേഷിതരുടേയും സാക്ഷൃം വിശ്വാസം പ്രഘോഷിക്കാന്‍ ക്രൈസ്തവ കുടുംബങ്ങള്‍ക്ക് പ്രചോദനമേകി. ഭിന്നിപ്പിന്‍റേയും വേര്‍പാടിന്‍റേയും വേദനയില്‍ കഴിയുന്നവരുടേയും സ്വന്തം വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്ന അഭയാര്‍ത്ഥികുടുംബങ്ങളുടേയും കരളലിയിക്കുന്ന അനുഭവങ്ങളും സംഗമത്തില്‍ പങ്കുവയ്ക്കപ്പെട്ടു. സുവിശേഷ കഥകളും സംഗീത പരിപാടികളുമൊക്കെയായി ഒരു ഉത്സവാന്തരീക്ഷത്തിലായിരുന്നു വത്തിക്കാന്‍.

കുടുംബ സംഗമത്തിന്‍റെ രണ്ടാം ദിനമായ ഞായറാഴ്ച കുടുംബ സംഗമത്തിലെ പരിപാടികള്‍ ആരംഭിച്ചത് രാവിലെ 9.30ന് ജപമാല സമര്‍പ്പണത്തോടെയാണ്. തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച പരിശുദ്ധ കുര്‍ബ്ബാനയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ സംബന്ധിച്ചു. കുടുംബങ്ങളിലെ പ്രാര്‍ത്ഥന, വിശ്വാസ സംരക്ഷണം, ആനന്ദം എന്നീ മൂന്ന് വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് ദിവ്യബലിമധ്യേ മാര്‍പാപ്പ വചന സന്ദേശം നല്‍കിയത്. പാപ്പായുടെ വചന സന്ദേശത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

പ്രാര്‍ത്ഥനയുടെ മനോഭാവങ്ങള്‍

1. പ്രാര്‍ത്ഥന: പ്രാര്‍ത്ഥിക്കുന്ന കുടുംബം. പ്രാര്‍ത്ഥനയുടെ രണ്ടുതരം മനോഭാവങ്ങളെക്കുറിച്ച് സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ട്. കപടവും ആത്‍മാര്‍ത്ഥതവും; ഫരിസേയന്‍റേത് കപടവും ചുങ്കക്കാരന്‍റെ ആത്മാര്‍ത്ഥവുമായ മനോഭാവമാണ്. ദൈവിക കാരുണ്യത്തിനോ, ദൈവം നല്‍കിയ കൃപകള്‍ക്കോ കൃതജ്ഞത പ്രകടിപ്പിക്കുന്നതിനു പകരം ആത്മസംതൃപ്തിയുടെ മനോഭാവമാണ് ഫരിസേയന്‍റെ പ്രാര്‍ത്ഥനയില്‍ തെളിയുന്നത്. താന്‍ നീതിമാനാണെന്ന് സ്വയം അഭിമാനിക്കുന്ന അയാള്‍ അന്യരെ വിധിക്കാനും മുതിര്‍ന്നു. ഇതില്‍ നിന്നും നേര്‍വിപരീതമാണ് ചുരുങ്ങിയ വാക്കുകളുപയോഗിച്ച് പ്രാര്‍ത്ഥിക്കുന്ന ചുങ്കകാരന്‍റെ മനോഭാവം സ്വന്തം അയോഗ്യതയും ബലഹീനതയും തിരിച്ചറിയുന്ന അയാളുടെ പ്രാര്‍ത്ഥന എളിമയാര്‍ന്നതും ലളിതവുമാണ്. ദൈവ കാരുണ്യവും ദൈവത്തിന്‍റെ ക്ഷമയും തനിക്ക് ആവശ്യമുണ്ടെന്ന് ഈ ചുങ്കക്കാരന്‍ യഥാര്‍ത്ഥത്തില്‍ തിരിച്ചറിയുന്നു. ചുങ്കകാരന്‍റെ പ്രാര്‍ത്ഥന, ദൈവത്തിനു പ്രീതികരമായ ദരിദ്രന്‍റെ പ്രാര്‍ത്ഥനയാണ്. വിശുദ്ധ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ‘ദരിദ്രന്‍റെ പ്രാര്‍ത്ഥന മേഘങ്ങളോളം എത്തുന്നു’ (പ്രഭാ35,20). ഫരിസേയന്‍റെ പ്രാര്‍ത്ഥനയാകട്ടെ, വ്യര്‍ത്ഥാഭിമാനത്തിന്‍റെ ഭാരം മൂലം താഴ്ന്നുപോകുന്നു.

കുടുംബ പ്രാര്‍ത്ഥന
പ്രിയ കുടുംബങ്ങളേ നിങ്ങളോടൊന്നു ചോദിക്കട്ടെ, നിങ്ങള്‍ കുടുംബങ്ങളില്‍ പ്രാര്‍ത്ഥിക്കാറുണ്ടോ? ചിലരൊക്കെ അതെയെന്നു മറുപടി നല്‍കുന്നുണ്ട്. പക്ഷേ ‘ഞങ്ങള്‍ എങ്ങനെയാണ് പ്രാര്‍ത്ഥിക്കുക’ എന്നു ചോദിക്കുന്നവരാണ് അധികവും. ചുങ്കകാരനെപ്പോലെ ലളിതമായി പ്രാര്‍ത്ഥിക്കാന്‍ എളുപ്പമാണ്. ദൈവ സന്നിധിയില്‍ എളിമയോടെ പ്രാര്‍ത്ഥിക്കുക. ദൈവിക ദൃഷ്ടിയില്‍ ആയിരുന്നുകൊണ്ട്, ദൈവസാമീപ്യവും ദൈവിക കരുണയും യാചിക്കുക. കുടുംബങ്ങളില്‍ അങ്ങനെ പ്രാര്‍ത്ഥിക്കാന്‍ സാധിക്കുമോ? പ്രാര്‍ത്ഥന വ്യക്തിപരമല്ലേ? മാത്രമല്ല, തിരക്കിട്ട കുടുംബ ജീവിതത്തില്‍ ശാന്തമായിരുന്നു പ്രാര്‍ത്ഥിക്കാന്‍ സമയം എവിടെ? അതെല്ലാം ശരിയാണ്. പക്ഷേ ഓര്‍ക്കുക, ആ ചുങ്കക്കാരനെപ്പോലെ എളിമയുള്ളവരായിരിക്കണം നാം. നമുക്കെല്ലാവര്‍ക്കും, എല്ലാ കുടുംബങ്ങള്‍ക്കും ദൈവത്തെ ആവശ്യമുണ്ട്. ദൈവസഹായവും ദൈവത്തിന്‍റെ കാരുണ്യവും, അനുഗ്രഹവും, കൃപയും, കരുത്തും, ക്ഷമയും നമുക്കാവശ്യമുണ്ട്. ഒരു കുടുംബമായി ഒന്നിച്ചു പ്രാര്‍ത്ഥിക്കാനുള്ള ലാളിത്യം നമുക്കുണ്ടായിരിക്കണം, ലാളിത്യം പ്രാര്‍ത്ഥനയില്‍ അനിവാര്യമാണ്. ഭക്ഷണ മേശയ്ക്കു ചുറ്റും ഇരുന്ന് സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ഒരുമിച്ചു ചൊല്ലുന്നത് അസാധാരണമായ കാര്യമൊന്നുമല്ല, അതെത്ര ലളിതമാണ്! കുടുംബാംഗങ്ങള്‍ ഒരുമിച്ച് ജപമാല ചൊല്ലിപ്രാര്‍ത്ഥിക്കുന്നത് മനോഹരമല്ലേ! അത് കുടുംബങ്ങള്‍ക്ക് ഏറെ കരുത്തു പകരും. കുടുംബത്തിലെ ഓരോ അംഗവും മറ്റംഗങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം. ഭര്‍ത്താവ് ഭാര്യയ്ക്കുവേണ്ടിയും, ഭാര്യ ഭര്‍ത്താവിനു വേണ്ടിയും പ്രാര്‍ത്ഥിക്കണം, മാതാപിതാക്കള്‍ ഒരുമിച്ച് മക്കള്‍ക്കുവേണ്ടിയും, മക്കള്‍ അവരുടെ മുത്തച്ഛനും മുത്തശ്ശിക്കും വേണ്ടിയും പ്രാര്‍ത്ഥിക്കണം. കുടുംബാംഗങ്ങള്‍ക്കുവേണ്ടി പരസ്പരം പ്രാര്‍ത്ഥിക്കുക.
കുടുംബങ്ങളിലെ പ്രാര്‍ത്ഥന ഇങ്ങനെയായിരിക്കണം. പ്രാര്‍ത്ഥന കുടുംബങ്ങള്‍ക്കു കരുത്തു നല്‍കും.

വിശ്വാസം കാത്തുസൂക്ഷിക്കുന്ന കുടുംബം

2. വിശ്വാസം കാത്തുസംരക്ഷിക്കുന്ന കുടുംബം. ജീവിതത്തിന്‍റെ അവസാന ഘട്ടത്തില്‍ വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ തന്‍റെ ജീവിതം പൂര്‍ണ്ണമായി അവലോകനം ചെയ്തുകൊണ്ടു പറയുകയാണ്, ഞാന്‍ ‘വിശ്വാസം കാത്തു’(2 തിമോ 4,7). എങ്ങനെയാണ് അദ്ദേഹം വിശ്വാസം കാത്തത്? ഒരു ഇരുമ്പുപ്പെട്ടിക്കുള്ളില്‍ അടച്ചുപൂട്ടിക്കൊണ്ടോ, മടിയനായ ഭൃത്യനെപ്പോലെ ഭൂമിക്കടിയില്‍ പൂഴ്ത്തിവച്ചുകൊണ്ടോ അല്ല. ഒരു യുദ്ധത്തോടും ഓട്ടത്തോടുമാണ് അപ്പസ്തോലന്‍ തന്‍റെ ജീവിതത്തെ ഉപമിക്കുന്നത്. സ്വന്തം വിശ്വാസം കാത്തു സംരക്ഷിക്കുക മാത്രമല്ല അതു പ്രഘോഷിക്കുകയും പ്രചരിപ്പിക്കുകയും ദൂരദേശങ്ങളിലേക്കെത്തിക്കുകയും ചെയ്തു അപ്പസ്തോലന്‍. ക്രിസ്തുവിന്‍റെ സന്ദേശം പലസ്തീന്‍ അതിര്‍ത്തിക്കുള്ളില്‍ കാത്തുസൂക്ഷിക്കാനാഗ്രഹിച്ചവരെ എതിര്‍ത്തുകൊണ്ട് വിദൂര ദേശങ്ങളിലേക്കും ജനതകളിലേക്കും വിശ്വാസമെത്തിക്കാനുള്ള ധീരമായ തീരുമാനമെടുത്തു അദ്ദേഹം. അപരിചിതമായ നാടുകളിലേക്കും വ്യത്യസ്ത സംസ്ക്കാരങ്ങളിലേക്കും കടന്നുചെന്ന അപ്പസ്തോലന്‍ നിര്‍ഭയം അവരോട് വിശ്വാസപ്രഘോഷണം നടത്തി. വിശ്വാസം താന്‍ സ്വീകരിച്ചതു പോലെ, അതു മറ്റുള്ളവരുമായി പങ്കുവച്ചുകൊണ്ടാണ് വി.പൗലോസ് അപ്പസ്തോലന്‍ തന്‍റെ വിശ്വാസം കാത്തത്. തനിക്കുവേണ്ടി അഭയ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാതെ, അദ്ദേഹം അതിര്‍ത്തികളിലേക്ക് ഇറങ്ങിപ്പുറപ്പെട്ടു.

വിശ്വാസം, പങ്കുവയ്ക്കപ്പെടേണ്ട ദാനം: ക്രിസ്തീയ കുടുംബം, മിഷനറി കുടുംബം.

ഇവിടെ നമുക്കും സ്വയം ചോദിക്കാം. നമ്മുടെ കുടുംബങ്ങളിലും വ്യക്തിജീവിതത്തിലും നാം വിശ്വാസം കാത്തുസംരക്ഷിക്കുന്നത് എങ്ങനെയാണ്? നമ്മുടെ വിശ്വാസം ഒരു സ്വകാര്യസ്വത്തോ, സമ്പാദ്യമോ ആയിട്ടാണോ നാം പരിഗണിക്കുന്നത്? നമ്മുടെ ജീവിത സാക്ഷൃത്തിലൂടെ വിശ്വാസം പങ്കുവയ്ക്കാന്‍ നമുക്കു സാധിക്കുന്നുണ്ടോ? അന്യരെ സ്വീകരിക്കുന്ന രീതിയും നമ്മുടെ തുറന്ന മനോഭാവും വഴിയായി വിശ്വാസപ്രഘോഷണം നടത്തുന്നവരാണോ നാം?
നമുക്കറിയാം കുടുംബങ്ങള്‍, പ്രത്യേകിച്ച് യുവകുടുംബങ്ങള്‍ എല്ലായ്പ്പോഴും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കുള്ള ഓട്ടത്തിലാണ്. അവര്‍ക്ക് ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഈ ഓട്ടം വിശ്വാസത്തിന്‍റെ ഓട്ടമാക്കാമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ക്രിസ്തീയ കുടുംബങ്ങള്‍ മിഷനറി കുടുംബങ്ങളാണ്. മിഷനറി കുടുംബങ്ങളുടെ സാക്ഷൃം നാം ഇവിടെ ശ്രവിച്ചു. അനുദിന ജീവിതത്തിലെ മിഷനറിമാരാണ് അവര്‍. തങ്ങളുടെ അനുദിന ജീവിത കര്‍ത്തവ്യങ്ങള്‍ നിറവേറ്റിക്കൊണ്ട്, എല്ലാക്കാര്യങ്ങളിലും അവര്‍ വിശ്വാസത്തിന്‍റെ ഉപ്പും പുളിമാവും ചേര്‍ക്കുന്നു.
അനുദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും വിശ്വാസത്തിന്‍റെ ഉപ്പും പുളിമാവും ചേര്‍ത്തുകൊണ്ടാണ് കുടുംബങ്ങളില്‍ വിശ്വാസം കാത്തുപാലിക്കേണ്ടത്.

കര്‍ത്താവില്‍ സന്തോഷിക്കുന്ന കുടുംബം

3. ആനന്ദത്തില്‍ ജീവിക്കുന്ന കുടുംബം. “എളിയവര്‍ അതുകേട്ട് ആനന്ദിച്ചു (സങ്കീ. 33/34:2) ” എന്ന് പ്രതിവചന സങ്കീര്‍ത്തനത്തില്‍ നാം ആവര്‍ത്തിച്ചു. ഈ സങ്കീര്‍ത്തനം മുഴുവന്‍ കര്‍ത്താവിന്‍റെ സ്തുതി ഗീതമാണ്. ആനന്ദത്തിന്‍റേയും സമാധാനത്തിന്‍റേയും ഉറവിടമായ ദൈവത്തെ പുകഴ്ത്തുകയാണ് സങ്കീര്‍ത്തകന്‍. ഈ സന്തോഷത്തിന്‍റെ കാരണമെന്താണ്? സങ്കീര്‍ത്തകന്‍ വെളിപ്പെടുത്തുന്നു, “കര്‍ത്താവ് സമീപസ്ഥനാണ്. എളിയവന്‍റെ നിലവിളി അവിടുന്നു ശ്രവിക്കുന്നു. തിന്‍മയില്‍ നിന്ന് നമ്മെ മോചിക്കുന്നു.” വിശുദ്ധ പൗലോസ് അപ്പസ്തോലനും അതേ വാക്കുകള്‍ ആവര്‍ത്തിക്കുന്നുണ്ട്: “നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍.....കര്‍ത്താവ് അടുത്തെത്തിയിരിക്കുന്നു” (ഫിലിപ്പി 4,4-5). നിങ്ങളോടൊന്നു ചോദിക്കട്ടെ, നിങ്ങളുടെ ഹൃദയത്തിലും വീട്ടിലും ഈ സന്തോഷം ഉണ്ടോ? ഓരോരുത്തരും സ്വന്തം ഹൃദയത്തില്‍ മറുപടി നല്‍കുക. നിന്‍റെ ഭവനത്തില്‍, കുടുംബാംഗങ്ങള്‍ക്കിടയില്‍ സന്തോഷമുണ്ടോ? ഓരോരുത്തരും ഉള്ളിന്‍റെ ഉള്ളില്‍ മറുപടി നല്‍കുക.

ദൈവം നല്‍കുന്ന ആനന്ദം
പ്രിയ കുടുംബങ്ങളേ, കുടുംബ ജീവിതത്തിലെ ആനന്ദം ഉപരിപ്ലവമല്ലെന്ന് നിങ്ങള്‍ക്കറിയാം. വസ്തുവകകളോ, അനുകൂല ജീവിത സാഹചര്യങ്ങളോ അല്ല കുടുംബ ജീവിതം സന്തോഷപ്രദമാക്കുന്നത്. വ്യക്തികള്‍ തമ്മില്‍ ഐക്യവും കൂട്ടായ്മയും ഉണ്ടാകുമ്പോഴാണ് ഹൃദയത്തില്‍ സന്തോഷമുണ്ടാകുന്നത്. ഒരുമിച്ച് ആയിരിക്കുന്നതിലുള്ള സന്തോഷമാണത്. പരസ്പരം സഹകരിച്ചും സഹായിച്ചും ജീവിതവഴിത്താരിലൂടെ ഒരുമിച്ചു നടക്കുന്നതിലെ സന്തോഷം. ദൈവിക സാന്നിദ്ധ്യമാണ് ഈ സന്തോഷത്തിന്‍റെ അടിസ്ഥാനം. ദൈവസാന്നിദ്ധ്യവും ഏവരേയും ആദരവോടെ സ്വീകരിക്കുന്ന കരുണാര്‍ദ്രമായ ദൈവിക സ്നേഹവും കുടുംബത്തില്‍ അനുഭവപ്പെടുമ്പോഴാണ് അവിടെ സന്തോഷമുണ്ടാകുന്നത്. ക്ഷമാശീലനാണ് ദൈവം. ക്ഷമ എന്ന പുണ്യം ദൈവം നമ്മെ പഠിപ്പിക്കുന്നു. കുടുംബാംഗങ്ങള്‍ തമ്മില്‍ ക്ഷമയോടെ പെരുമാറണം. സ്നേഹം ക്ഷമയാണ്. വൈവിധ്യങ്ങള്‍ തമ്മില്‍ കൂട്ടിയിണക്കി ഐക്യം നല്‍കാന്‍ ദൈവത്തിനു മാത്രമേ സാധിക്കൂ. ദൈവസ്നേഹത്തിന്‍റെ അഭാവത്തില്‍ കുടുംബങ്ങളുടെ ഐക്യം നഷ്ടമാകും. അവിടെ സ്വാര്‍ത്ഥത ഉടലെടുക്കുകയും സന്തോഷം അസ്തമിക്കുകയും ചെയ്യും. നേരെ തിരിച്ച്, വിശ്വാസത്തിന്‍റെ ആനന്ദം പങ്കുവയ്ച്ച് ജീവിക്കുന്ന കുടുംബങ്ങളില്‍ ഐക്യമുണ്ടാകും. അവരാണ് ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവും സമൂഹം മുഴുന്‍റേയും പുളിമാവും.

പ്രിയ കുടുംബങ്ങളേ, നസ്രത്തിലെ കുടുംബത്തെപോലെ ലാളിത്യത്തോടെ വിശ്വാസത്തില്‍ അടിയുറച്ച് ജീവിക്കുക. നമ്മുടെ കര്‍ത്താവായ ദൈവത്തിന്‍റെ സമാധാനവും ആനന്ദവും എല്ലായ്പ്പോഴും നിങ്ങളോടു കൂടെ ഉണ്ടായിരിക്കട്ടെ........








All the contents on this site are copyrighted ©.