2013-10-26 20:15:33

വത്തിക്കാനിലെ
വര്‍ണ്ണാഭയാര്‍ന്ന കുടുംബസംഗമം


26 ഒക്ടോബര്‍ 2013, വത്തിക്കാന്‍
വിശ്വാസവത്സരത്തിന്‍റെ ശ്രദ്ധേയമായ പരിപാടിയായിരുന്നു രണ്ടുദിവസം നീണ്ടുനിന്ന കുടുംബങ്ങളുടെ സംഗമം. ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍നിന്നും, വിശിഷ്യ ഇറ്റലിയില്‍നിന്ന് ധാരാളമായെത്തിയ കത്തോലിക്കാ കുടുംബങ്ങളുടെ ഒത്തുചേരല്‍ ചരിത്രസംഭവമായിരുന്നു. കുട്ടികളും യുവാക്കളും, അച്ഛനമ്മമാരും കാരണവന്മാരും ഉന്മേഷത്തോടെ പങ്കെടുത്ത പ്രാര്‍ത്ഥനയുടെയും പങ്കുവയ്ക്കലിന്‍റെയും, കലയുടെയും സംഗീതത്തിന്‍റെയും വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ ‘കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം’ എന്ന ക്രൈസ്തവദര്‍ശനത്തിന് മാറ്റേകുന്നതായിരുന്നു.

കുടുംബങ്ങള്‍ക്കായുള്ള പൊന്തിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച വത്തിക്കാനിലേയ്ക്കുള്ള കുടുംബങ്ങളുടെ തീര്‍ത്ഥാടമായിരുന്നു ഈ സംഗമം. ഒക്ടോബര്‍ 25, 26 വെള്ളി ശനി ദിവസങ്ങളില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെയും, സ്മൃതിമണ്ഡപത്തിന്‍റെയും സന്ദര്‍ശനമായിരുന്നു. ശനിയാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2.30-ന് വിശുദ്ധ പത്രോസിന്‍റെ വിശാലമായ ചത്വരത്തില്‍ ആരംഭിച്ച സമ്മേളനം പ്രാര്‍ത്ഥന, വചനപാരായണം, പങ്കുവയ്ക്കല്‍, സാക്ഷൃം എന്നിവയുടെയും, സാംസ്ക്കാരിക പരിപാടികളുടെയും വര്‍ണ്ണപ്പകിട്ടാര്‍ന്ന സങ്കരമായിരുന്നു. കൃത്യം 5 മണിക്ക് പാപ്പാ ഫ്രാന്‍സിസ് കുടുംബങ്ങളുടെ മദ്ധ്യേത്തിലേയ്ക്ക് കടന്നുവന്നത് സമ്മേളനത്തിന് ഹരംപകര്‍ന്നു. പാപ്പായുടെ ചുറ്റും വിവിധ പ്രായക്കാരായ കുട്ടികള്‍ വട്ടമിട്ടിരുന്നതും, പരിപാടികളില്‍ പങ്കെടുത്തതും, ആടിയതും പാടിയതും കായികാഭ്യാസങ്ങള്‍ കാഴ്ചവച്ചതുമെല്ലാം സ്നേഹവും ഐക്യവുമുള്ള കുടുംബകൂട്ടായ്മയുടെ ഹൃദ്യമായ അന്തരീക്ഷം സൃഷ്ടിച്ചു.
‘We are the World,’ ‘ഞങ്ങളാണീ ലോകം’ എന്ന മൈക്കിള്‍ ജാക്സന്‍റെ വിഖ്യതമായ ഗീതം ചത്വരത്തില്‍ തിങ്ങിനിന്ന കുടുംബങ്ങള്‍ ചേര്‍ന്ന് ഗായകസംഘത്തോടൊപ്പം ആലപിച്ചു. സദസ്സുനിറഞ്ഞുനിന്ന ആബാലവൃന്ദം ജനങ്ങള്‍ അത് ഏറ്റുപാടി. ഈരടിയുടെ അന്ത്യത്തില്‍ എല്ലാവരും ഒപ്പം വര്‍ണ്ണബലൂണുകള്‍ ആകാശത്തേയ്ക്കു പറത്തി. കുടുംബങ്ങള്‍ ലോകത്തിനു എന്നും നല്കുന്ന ജീവന്‍റെ പ്രത്യാശയുടെയും, ആനന്ദത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശമായി ബലൂണുകള്‍ നാലുദിക്കിലേയ്ക്കും പറന്നുപൊങ്ങിയത് സ്മരണാര്‍ഹമായ സംഭവമായിരുന്നു.

സമ്മേളനത്തിന്‍റെ അന്ത്യത്തില്‍ പാപ്പാ സന്ദേശം നല്കി:
പത്രോസിന്‍റെ വിരിച്ച കരങ്ങളാണ് കുടുംബങ്ങളെ വത്തിക്കാനിലേയ്ക്ക് സ്വീകരിച്ച് അനയിച്ചത്. സുഖദുഃഖങ്ങള്‍ ഇടകലര്‍ന്ന ജീവിതത്തില്‍ വിശ്വാസത്തിന്‍റെ ആനന്ദം പ്രത്യാശ പകരും. വിശ്വാസം നല്കുന്ന ആത്മീയാനന്ദത്തില്‍ ജീവിതങ്ങള്‍ മുന്നോട്ടുനയിക്കാന്‍ കുടുംബങ്ങള്‍ക്ക് കരുത്തുലഭിക്കുമെന്നും പാപ്പാ കുടുംബങ്ങളെ ഉദ്ബോധിപ്പിച്ചു. അനുദിന ജീവിതത്തില്‍ വ്യഗ്രതകള്‍ ഉണ്ടെങ്കിലും സ്നേഹമില്ലായ്മയാണ് കുടുംബങ്ങളെ തളര്‍ത്തുന്നത്. ‘അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങള്‍ എന്‍റെ പക്കല്‍ വരുവിന്‍,’ എന്ന് പറഞ്ഞ് സാന്ത്വനംപകരുന്ന ക്രിസ്തുവില്‍ കുടുംബങ്ങള്‍ സമാശ്വാസം തേടണമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.

ജീവിതത്തിന്‍റെ ബഹുലവും ആഴമുള്ളതുമായ ഉത്തരവാദിത്ത്വങ്ങളിലേയ്ക്ക് കുടുംബങ്ങള്‍ വളരുമ്പോള്‍ ദൈവത്തിലുള്ള വിശ്വാസമാണ് കരുത്തുപകരേണ്ടത്. ദൈവത്തില്‍ പ്രത്യാശവച്ചുകൊണ്ട് വിശ്വാസപൂര്‍വ്വം ഇറങ്ങിപ്പുറപ്പെട്ട അബ്രാഹത്തിന്‍റെയും കുടുംബത്തിന്‍റെയും മാതൃക പാപ്പാ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. ജീവിതത്തിന്‍റെ നീണ്ടയാത്രയില്‍ പതറാതിരിക്കാന്‍ ക്രിസ്തു നിങ്ങളുടെ സഹയാത്രികനായിരിക്കട്ടെ. കുടുംബജീവിതം ഭാരപ്പെടുമ്പോഴും, ദുഃഖങ്ങളും രോഗങ്ങളും വേദനയും ഉണ്ടാകുമ്പോഴും പതറാതിരിക്കാന്‍ ക്രിസ്തുവിനോട് ചേര്‍ന്ന് ജീവിതയാത്ര മുന്നോട്ടു നയിക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു.

ഭക്ഷണത്തിന്‍റെയും വിശ്രമത്തിന്‍റെയും, ഉല്ലാസയാത്രകളുടെയും, ബന്ധുമിത്രാദികളുടെ പക്കലേയ്ക്കുള്ള സന്ദര്‍ശനത്തിന്‍റെയും പരസ്പര സഹകരണത്തിന്‍റെയുമെല്ലാം കുടുംബജീവിത്തിലെ കൂട്ടായ മുഹൂര്‍ത്തങ്ങള്‍ പ്രധാനപ്പെട്ടതാണെന്നും, കൈവെടിയരുതെന്നും പാപ്പാ പ്രത്യേകം ഉദ്ബോധിപ്പിച്ചു.

സമ്മേളനവേദിയ്ക്ക് പശ്ചാത്തലമായിരുന്ന ‘ജരൂസലേം ദേവാലയത്തില്‍ യേശുവിനെ സമര്‍പ്പിച്ച’ സംഭവത്തിന്‍റെ ചിത്രം വിവരിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്. മൂന്നു തലമുറകളെ പ്രതിനിധാനംചെയ്യുന്ന പശ്ചാത്തല ചിത്രം, കുടുംബങ്ങള്‍ മാനിക്കേണ്ട തലമുറകളുടെ ചരിത്രമാണെന്ന് പാപ്പാ വ്യാഖ്യാനിച്ചു. യേശുവിന്‍റെ സമര്‍പ്പണ രംഗത്തില്‍ അന്നയും ശിമയോനും കാരണവന്മാരാണെങ്കില്‍, ജോസഫവും മറിയവും ഭദ്രതയുള്ള കുടുംബകൂട്ടായ്മയുടെ പ്രതീകവും, അവര്‍ സമര്‍പ്പിക്കുന്ന കുഞ്ഞ്, യേശു ദൈവിക വാഗ്ദാനത്തിന്‍റെ പൂര്‍ത്തീകരണവുമാണെന്ന് പാപ്പാ വിവരിച്ചു.
‘നിത്യജീവന്‍റെ ഉറവയായ അങ്ങിലേയ്ക്കല്ലാതെ, മറ്റാരിലേയ്ക്ക് ഞങ്ങള്‍ പോകും ...’ എന്ന് പത്രോസ്ലീഹാ ഏറ്റുപറഞ്ഞ് ക്രിസ്തുവിലുള്ള വിശ്വാസം പ്രഘോഷിച്ചതുപോലെ, അവിടുന്നില്‍ പ്രത്യാശയുള്ളവരായി ജീവിതയാത്രയില്‍ മുന്നോട്ടു ചരിക്കാമെന്നും, അവിടുത്തെ സാക്ഷികളായി ലോകത്ത് മറ്റുള്ളവര്‍ക്കും വിശ്വാസത്തിന്‍റെ ആനന്ദം പകര്‍ന്നുകൊടുക്കണമെന്നും പാപ്പാ കുടുംബങ്ങളെ ഉദ്ബോധിപ്പിച്ചു. ഏവര്‍ക്കും സ്നേഹപൂര്‍വ്വം നന്ദിപറഞ്ഞുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

പാപ്പാ നല്കിയ അപ്പസ്തോലിക ആശീര്‍വ്വാദത്തോടെ കുടുംബസംഗമത്തിന്‍റെ പ്രഥമദിന പരിപാടികള്‍ 7 മണിക്ക് സമാപിച്ചു. 27-ാം തിയതി ഞായറാഴ്ച രാവിലെ 10.30-ന് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ പ്രത്യേകവേദിയില്‍ പാപ്പാ ഫ്രാന്‍സിസ് കുടുംബങ്ങള്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിക്കും
Reported : nellikal, sedoc








All the contents on this site are copyrighted ©.