2013-10-24 19:03:26

ക്രൈസ്തവജീവിതത്തെ
ലാഘവത്തോടെ കാണരുത്


24 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ഒക്ടോബര്‍ 24-ാം വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തായില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോദിപ്പിച്ചത്. മനുഷ്യന്‍ അശുദ്ധിക്കും അനീതിക്കും അടിമകളായി ജീവിച്ചുരുന്ന കാലമുണ്ടായിരുന്നെന്നും, എന്നാല്‍ ജ്ഞാനസ്നാനത്തിലൂടെ ക്രിസ്തുവിനെ സ്വീകരിച്ചവര്‍ വിശുദ്ധിയിലും നീതിയിലും ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവെന്ന് പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്ക് എഴുതിയെ ലേഖനഭാഗത്തെ ആധാരമാക്കി പാപ്പാ ചിന്തകള്‍ പങ്കുവച്ചു.

പാപത്തിന് അടിമയായവന്‍ മ്ലേച്ഛമായ ജീവിതത്തിലൂടെ മരണവും നിത്യാനാശവും വിളിച്ചുവരുത്തുമ്പോള്‍, ക്രിസ്തുവിന് അടിമയാകുന്നവന്‍ ജീവിതവിശുദ്ധിയും നിത്യജീവനും സ്വായത്തമാക്കുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ക്രിസ്തുവില്‍ നവസൃഷ്ടിയായി രൂപംകൊള്ളേണ്ട ക്രൈസ്തവന്‍, അവിടുത്തെ തിരുരക്തത്താലാണ് പാപത്തിന്‍റെ അടിമത്ത്വത്തില്‍നിന്നും മോചിതനായി വിശുദ്ധിയില്‍ വളരുന്നത്. അങ്ങനെ ക്രിസ്തുവിലുള്ള വിശ്വാസമാണ് നമ്മെ നവസൃഷ്ടികളാക്കുന്നതും വിശുദ്ധിയുടെ ജീവിതത്തിലേയ്ക്ക് വിളിക്കുന്നതുമെന്ന് പാപ്പാ വ്യക്തമാക്കി. ‘പാപങ്ങള്‍ ക്ഷമിച്ച്, എന്നെ വീണ്ടെടുത്ത കര്‍ത്താവായ ക്രിസ്തുവില്‍ ഞാന്‍ വിശ്വസിക്കുന്നു,’ എന്നതാണ് കുഞ്ഞുംനാള്‍ മുതല്‍ നാം ഉരുവിടുന്ന വിശ്വാസപ്രമാണമെന്ന് വചനസമീക്ഷയില്‍ പാപ്പാ അനുസ്മരിപ്പിച്ചു.

ക്രിസ്തുവില്‍ വിശ്വസിക്കുകയും എന്നാല്‍ ഇഷ്ടമുള്ളതൊക്കെ പ്രവര്‍ത്തിച്ച് പാപത്തിന്‍റെ അടിമകളായി ജീവിക്കുന്നത് വൈരുദ്ധ്യമാണെന്നും, അങ്ങനെ ജീവിതത്തെ ലാഘവത്തോടെ കാണുന്നവര്‍ നാശത്തിലേയ്ക്കുള്ള വഴിതുറക്കുമെന്നും പാപ്പാ താക്കീതുനല്കി. ബലഹീനതിയിലും ദൈവത്തിലാശ്രയിച്ചും, വിശ്വാസബോധ്യത്തോടും പ്രത്യാശയോടുംകൂടെ ജീവിതവിശുദ്ധിക്കായി പരിശ്രമിക്കുന്നവര്‍ അനുരജ്ഞനത്തിന്‍റെ കൂദാശയിലൂടെയും നന്മയുടെവഴികളിലൂടെയും ദൈവികജീവനില്‍ വളരുകയും നിലനില്ക്കുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ‘പാപത്തിന്‍റെ വേദനം മരണവും, ദൈവത്തിന്‍റെ ദാനം നിത്യജീവനു’മാണെന്ന പൗലോസ് അപ്പോസ്തോലന്‍റെ വാക്കുകള്‍ (റോമ. 6, 23) ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ വചനചിന്തകള്‍ സമാഹരിച്ചത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.