2013-10-24 20:12:24

അവഗണിക്കപ്പെടുന്ന
ആദിവാസി ഗോത്രങ്ങള്‍


24 ഒക്ടോബര്‍ 2013, റാഞ്ചി
ആദിവാസി ഗോത്രങ്ങള്‍ ഭാരതത്തില്‍ ഇനിയും അവഗണിക്കപ്പെടുന്നുണ്ടെന്ന്, ദേശീയ മെത്രാന്‍ സമിതിയുടെ നീതിക്കും സമാനാധത്തിനുവേണ്ടിയുള്ള കമ്മിഷന്‍ സെക്രട്ടറി, ഫാദര്‍ ചാള്‍സ് ഇറുദയം പ്രസ്താവിച്ചു.
റാഞ്ചിയില്‍ ഒക്ടോബര്‍ 21, 22 തിയതികളില്‍ സംഘടിപ്പിച്ച സാമൂഹ്യ സേവകരുടെ പ്രാദേശിക സമ്മേളനത്തിലാണ് സിബിസിഐ-യുടെ വക്താവ് ഇങ്ങനെ പ്രസ്താവിച്ചത്.

മനുഷ്യന്‍റെ സമഗ്ര വികസനമാണ് സഭയുടെ സാമൂഹ്യ പ്രബോധനങ്ങളുടെ അന്തര്‍ധാരയെങ്കില്‍ വികസനത്തിന്‍റെ വെളിച്ചംകാണാതെ ഗോത്രങ്ങളും സമൂഹങ്ങളും ഭാരതത്തില്‍ ഇനിയും ക്ലേശിക്കുന്നത് ഖേദകരമാണെന്നും, പ്രാദേശിക സഭകള്‍ ഇനിയും കീഴ്ത്തട്ടിലേയ്ക്കിറങ്ങി പ്രവര്‍ത്തിക്കണമെന്നും ഫാദര്‍ ഇറുദയം അഭിപ്രായപ്പെട്ടു.
വികസനത്തിന്‍റെ പേരില്‍ ആദിവാസിഭൂമി പിടിച്ചെടുക്കുന്ന സര്‍ക്കാര്‍ നയങ്ങളും, അവരുടെ ഉപജീവനോപാധികളും പാര്‍പ്പിടംപോലും തട്ടിയെടുക്കുന്ന സമീപനവുമാണ് ആദിവാസി ഗോത്രങ്ങളുടെ ജീവിതം ക്ലേശകരമാക്കുന്ന സംഭവങ്ങള്‍ ജാര്‍ക്കണ്ഡ് മേഖലയില്‍ സാധാരണമായിട്ടുണ്ടെന്ന് കുന്തി രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് ബിനയ് കാണ്ടുല്‍നാ പ്രസ്താവിച്ചു.

ദേശീയ മെത്രാന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ത്ധാര്‍ക്കണ്ഡ് പ്രവിശ്യയിലെ രൂപതകള്‍ക്കായി സംഘടിപ്പിച്ച സമ്മേളനത്തില്‍ വൈദികരും സന്ന്യസ്തരും ഉള്‍പ്പെട 75-പേര്‍ പങ്കെടുത്തു. സി.ബി.സി.ഐയുടെ ഗോത്രവംശ ക്ഷേമ കാര്യങ്ങള്‍ക്കായുള്ള ഓഫിസിന്‍റെ സെക്രട്ടറി, ഫാദര്‍ സ്റ്റാനി സമ്മേളനത്തിന് നേതൃത്വംനല്കുകയും പങ്കെടുത്ത ഏവര്‍ക്കും നന്ദിപ്രകാശിപ്പിക്കുകയും ചെയ്തു.
Reported : nellikal, sedoc








All the contents on this site are copyrighted ©.