2013-10-23 20:13:23

വിവാഹത്തിന്‍റെ അവിഭാജ്യത
സഭയ്ക്ക് രണ്ടുപക്ഷമില്ല


23 ഒക്ടോബര്‍ 2013, റോം
ക്രിസ്തീയ വിവാഹത്തിന്‍റെ അവിഭാജ്യതയെക്കുറിച്ച് സഭയ്ക്ക് രണ്ടുപക്ഷമില്ലെന്ന്, വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് ആര്‍ച്ചുബിഷപ്പ് ജെരാര്‍ഡ് മ്യൂളര്‍ പ്രസ്താവിച്ചു. കൗദാശികമായ വിവാഹബന്ധങ്ങള്‍ വിച്ഛേദിച്ച് പുതിയ സാമൂഹ്യ വിവാഹത്തിലേര്‍പ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് സഭ പരിഗണിക്കേണ്ടതാണ് എന്ന നിരീക്ഷണത്തോട് പ്രതികരിക്കുന്ന പ്രബന്ധത്തിലാണ് ആര്‍ച്ചുബിഷപ്പ് മ്യൂളര്‍ ഇങ്ങനെ പ്രതികരിച്ചത്.

വിവാഹമോചനങ്ങളെ തുടര്‍ന്ന് സാമൂഹ്യവിവാഹങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന ഇന്നിന്‍റെ സമൂഹ്യപശ്ചാത്തലത്തില്‍ വിവാഹബന്ധത്തിന്‍റെ ഏകതയെയും അവിഭാജ്യതയെയും സംബന്ധിച്ച് സഭയുടെ പ്രബോധനങ്ങളില്‍ മാറ്റമുണ്ടാകും എന്നു പ്രതീക്ഷിക്കുന്നവര്‍ക്ക് നല്കിയ മറുപടിയിലാണ് ആര്‍ച്ചുബിഷപ്പ് മ്യൂളര്‍ ഇങ്ങനെ സമര്‍ത്ഥിച്ചത്. ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചിരിക്കുന്നതിനാല്‍ അവരുടെ പരസ്പരസ്നേഹം ദൈവത്തിനു മനുഷ്യനോടുള്ള നിരുപാധികവും വീഴ്ചയില്ലാത്തതുമായ സ്നേഹത്തിന്‍റെ പ്രതീകമാണെന്ന് ആര്‍ച്ചുബിഷപ്പ് മ്യൂളര്‍ വിവരിച്ചു. ദൈവംതന്നെ നല്ലെതെന്ന് വിധിച്ചിട്ടുള്ള ഈ സ്നേഹബന്ധം ഫലദായകമായിത്തീരേണ്ടും സൃഷ്ടിയെ കാത്തുപാലിക്കുന്ന എന്ന പൊതുപ്രവര്‍ത്തനത്തില്‍ സാക്ഷാത്ക്കരിക്കപ്പെടേണ്ടതാണെന്ന സഭയുടെ നിലപാട് ആര്‍ച്ചുബിഷപ്പ് മ്യൂളര്‍ ആവര്‍ത്തിച്ചു.

മനുഷ്യനു തുണയായ് ദൈവം നല്കിയ സ്ത്രീ, ദൈവത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും, സ്രഷ്ടാവിന്‍റെ പദ്ധിയനുസരിച്ച് പുരുഷനും സ്ത്രീയും ഒരു ശരീരമായിത്തീരുന്ന (മാര്‍ക്ക് 10, 5-9) വൈവാഹിക ജീവിതബന്ധം ഏകവും അവിഭാജ്യവുമായ ദൈവികൈക്ക്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഒക്ടോബര്‍ 22-ന് റോമിലിറക്കിയ പ്രസ്താവനയിലൂടെ സഭയുടെ നിലപാട് ആര്‍ച്ചുബിഷപ്പ് മ്യൂളര്‍ വ്യക്തമാക്കി. സാംസ്ക്കാരിക ചുറ്റുപാടുകള്‍ക്കും കാലഘട്ടങ്ങള്‍ക്കും വ്യക്തികള്‍ക്കും അനുസൃതമായി ഭിന്നിപ്പ്, അധിശത്വഭാവം, അവിശ്വസ്തത, അസൂയ, കലഹങ്ങള്‍ എന്നിവ വിവാഹജീവിതത്തിന്‍റെ ഭദ്രതയെ ഭംഗപ്പെടുത്തുന്നുണ്ട്. സാമൂഹ്യമായി വളര്‍ന്നു വരുന്ന വിവാഹഭംഗത്തിന് സാര്‍വ്വത്രിക സ്വഭാവം, വിശിഷ്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചു വരുന്നുണ്ടെങ്കിലും, വേദനാജനകമായ ഈ ക്രമഭംഗം ഉരുവംകൊള്ളുന്നത് സ്ത്രീപൂരുഷന്മാരുടെ പ്രകൃതത്തില്‍നിന്നോ, ബന്ധങ്ങളുടെ സ്വഭാവത്തില്‍നിന്നോ അല്ല, മറിച്ച് പാപത്തില്‍നിന്നാണ് ഉത്ഭവിക്കുന്നത്.

ആദിയില്‍ ദൈവം സംവിധാനംചെയ്ത സ്ത്രീപുരുഷന്മാരുടെ പാരസ്പര്യത്തിന്‍റെ ഭംഗിക്ക് ഗുരുതരമായ ഇളക്കം തട്ടിയിട്ടുണ്ടെങ്കിലും, ദൈവകൃപയില്‍ ആശ്രയിച്ചു ജീവിച്ചാല്‍ അവര്‍ക്കുണ്ടാകണമെന്ന് ദൈവം ആഗ്രഹിക്കുന്ന ഐക്യത്തില്‍ എത്തിച്ചേരാനും ജീവിക്കാനും ദമ്പതിമാര്‍ക്ക് സാധിക്കുമെന്നും ആര്‍ച്ചുബിഷപ്പ് മ്യൂളര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
Reported : nellikal, sedoc








All the contents on this site are copyrighted ©.