2013-10-23 19:38:28

പാപ്പാ വോയ്ത്തീവാ
പ്രാര്‍ത്ഥനയുടെ സാത്ത്വികന്‍


23 ഒക്ടോബര്‍ 2013, റോം
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നെന്ന്, വത്തിക്കാന്‍ റേഡിയോയുടെ മുന്‍ഡയറക്ടര്‍ ജനറലായിരുന്ന കര്‍ദ്ദിനാള്‍ റൊബെര്‍ത്തോ തൂച്ചി പ്രസ്താവിച്ചു. ഒക്ടോബര്‍ 22-ാം തിയതി ചൊവ്വാഴ്ച ആഗോളസഭ ആചരിച്ച വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ അനുസ്മരണത്തോടനുബന്ധിച്ചു നടത്തിയ അഭിമുഖത്തിലാണ് പാപ്പായുടെ വിദേശപര്യടനങ്ങള്‍ സംവിധാനംചെയ്തിരുന്ന കര്‍ദ്ദിനാള്‍ തൂച്ചി ഇപ്രകാരം അഭിപ്രായപ്പെട്ടത്.

തിരിക്കിട്ട അജപാലന ജീവിതത്തിലും, സുദീര്‍ഘമായ അപ്പസ്തോലിക പര്യടനങ്ങളിലും ഏകാഗ്രതയുടെ നീണ്ട യാമങ്ങള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പ്രാര്‍ത്ഥനയില്‍ ചെലവിടുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന്,
ഈശോ സഭാംഗമായ കര്‍ദ്ദിനാള്‍ തൂച്ചി റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
പാപ്പായുടെ അനുസ്മരണദിനവും സ്ഥാനാരോഹണത്തിന്‍റെ 35-ാം വാര്‍ഷികവും കണക്കാക്കിക്കൊണ്ടാണ് കര്‍ദ്ദിനാള്‍ തൂച്ചി പാപ്പായുടെ ആത്മീയജീവിതത്തിന്‍റെയും ആഴമായ പൗരോഹിത്യ സമര്‍പ്പണത്തിന്‍റെയും ദൃക്സാക്ഷൃമേകിയതെന്ന്, പാപ്പായുടെ നിരവധി അപ്പസ്തോലിക പര്യടനങ്ങളുടെ സംവിധായകന്‍ കൂടിയായ കര്‍ദ്ദിനാള്‍ തൂച്ചി വെളിപ്പെടുത്തി.

1978 ഒക്ടോബര്‍ 22-ാം തിയതി 58-ാമത്തെ വയസ്സിലാണ് പോളണ്ടുകാരനായ പാപ്പാ വോയ്ത്തീവാ പത്രോസിന്‍റെ പരാമാധികാരം ഏറ്റെടുത്തത്. 27 വര്‍ഷക്കാലത്തെ നീണ്ട സഭാശുശ്രൂഷചെയ്ത പാപ്പാ 2005 ഏപ്രില്‍ 2-ാം തിയതി കാലംചെയ്തു. 2011 മെയ് 1-ാം തിയതി ബനഡിക്ട് 16-ാമന്‍ പാപ്പാ തന്‍റെ മുന്‍ഗാമിയെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തി. ആധുനികയുഗത്തില്‍ അപ്പസ്തോലിക യാത്രകള്‍കൊണ്ടും അജപാലന സന്ദര്‍ശനങ്ങള്‍കൊണ്ടും ജനപ്രിയനായ പാപ്പാ വോയ്ത്തീവായെ 2014 ഏപ്രില്‍ 17-ാം തിയതി പാപ്പാ ഫ്രാന്‍സിസ് വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തും.
Reported : nellikal, sedoc








All the contents on this site are copyrighted ©.