2013-10-22 17:35:34

ബുദ്ധികൊണ്ടു മാത്രം ദൈവത്തെ മനസിലാക്കാനാവില്ല: മാര്‍പാപ്പയുടെ വചന സന്ദേശം


22 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ബുദ്ധികൊണ്ടു മാത്രം ദൈവത്തെ മനസിലാക്കാനാവില്ല. ദൈവിക രഹസ്യം ഗ്രഹിക്കാന്‍ ‘ധ്യാനവും, ദൈവ സാമീപ്യവും ദൈവത്തിന്‍റെ കൃപാതിരേകവും കൂടിയേ തീരുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ചൊവ്വാഴ്ച രാവിലെ സാന്താ മാര്‍ത്താ മന്ദിരത്തിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. ബുദ്ധിശക്തികൊണ്ടു മാത്രം ദൈവിക രഹസ്യം മനസിലാക്കാനാവില്ല. ഒരു രഹസ്യത്തെക്കുറിച്ച് ബുദ്ധിപൂര്‍വ്വം വിശദീകരിക്കാന്‍ ശ്രമിക്കുന്തോറും അത് കൂടുതല്‍ വിഭ്രാന്തി സൃഷ്ടിക്കും. ബുദ്ധിയും മനസും പ്രാര്‍ത്ഥനയും ഉള്‍ച്ചേരുന്ന ധ്യാനത്തിലൂടെയാണ് ദൈവിക രഹസ്യത്തിലേക്കു പ്രവേശിക്കാന്‍ സാധിക്കുക. ദൈവിക രഹസ്യം മനസിലാക്കാന്‍ നമ്മെ സഹായിക്കുന്ന രണ്ടാമത്തെ ഘടകം ദൈവ സാമീപ്യം തന്നെയാണ്. തന്‍റെ ജനത്തോടൊത്ത് സഞ്ചരിക്കുന്ന ദൈവം നമുക്കു സമീപസ്ഥനാണ്. ആശുപത്രിയില്‍ നഴ്സുമാര്‍ ഓരോ രോഗിയുടേയും അടുത്തു ചെന്ന് അവരുടെ മുറിവുകള്‍ വച്ചുകെട്ടുന്നതുപോലെ ദൈവം തന്‍റെ കരങ്ങളാല്‍ നമ്മെ സ്പര്‍ശിച്ച് നമ്മുടെ മുറിവുകള്‍ സൗഖ്യപ്പെടുത്തുന്നു. അതിനുവേണ്ടിയാണ് ദൈവം മനുഷ്യനായി അവതരിച്ചത്. ഒരു മനുഷ്യന്‍ ചെയ്ത പാപത്തില്‍ നിന്നും മോചനം നല്‍കാന്‍ മറ്റൊരു മനുഷ്യന്‍ വന്നു. ഒരു പ്രഖ്യാപനം നടത്തിക്കൊണ്ടോ വിജ്ഞാപനം പ്രസിദ്ധീകരിച്ചുകൊണ്ടോ അല്ല ദൈവം നമ്മെ രക്ഷിച്ചത്. അവിടുന്ന് നമ്മുടെ ഇടയിലേക്ക് ഇറങ്ങിവന്നു. സ്വജീവന്‍ ബലിയായി നല്‍കികൊണ്ട് നമ്മെ വീണ്ടെടുത്തു.
നാമോരോരുത്തരേയും പൂര്‍ണ്ണമായി അറിയുന്ന ദൈവം നമ്മുടെ കുറവുകളും ബലഹീനതകളും മനസിലാക്കുന്നുണ്ട്. “എന്നാല്‍ പാപം വര്‍ദ്ധിച്ചിടത്ത് കൃപ അതിലേറെ വര്‍ദ്ധിച്ചു”വെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ നമ്മുടെ മുറിവുകള്‍ സുഖപ്പെടുത്താന്‍ ദൈവം തന്‍റെ സ്നേഹവും കൃപയും നമുക്ക് സമൃദ്ധമായി നല്‍കുന്നുവെന്ന് വിശദീകരിച്ചു. പാപികളെയാണ് യേശു തന്‍റെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നതെന്ന് പറയുന്നത് പലര്‍ക്കും ഇഷ്ടമല്ല. എന്നാല്‍ അതൊരു യാഥാര്‍ത്ഥ്യമാണ്. ക്രിസ്തു അവരെ തന്നിലേക്കു ക്ഷണിച്ചു. അതിന്‍റെ കാരണം ആരായുന്നവരോട്, ‘ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. അവരെ സുഖപ്പെടുത്താനും രക്ഷിക്കാനുമാണ് ഞാന്‍ വന്നിരിക്കുന്നതെന്ന്’ യേശു മറുപടി നല്‍കുന്നു. തന്‍റെ സ്നേഹവാത്സല്യവും സമൃദ്ധമായ കൃപയും നമുക്കു നല്‍കാന്‍ ദൈവം എല്ലായ്പ്പോഴും നമ്മുടെ ചാരെയുണ്ട് എന്ന് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പാപ്പ വചന സന്ദേശം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.