2013-10-22 17:36:20

കത്തോലിക്കാ ഉപവിസംഘടനയുടെ മുന്‍മേധാവി വത്തിക്കാനിലെ അമേരിക്കന്‍ സ്ഥാനപതി


22 ഒക്ടോബര്‍ 2013, വത്തിക്കാന്‍
കത്തോലിക്കാ ജീവകാരുണ്യസംഘടനയുടെ (Catholic Relief Services, CRS) മുന്‍മേധാവി കെന്നത്ത് എഫ്.ഹാക്കെറ്റ് വത്തിക്കാനിലെ അമേരിക്കന്‍ സ്ഥാനപതിയായി സ്ഥാനമേറ്റു. ഫ്രാന്‍സിസ് മാര്‍പാപ്പ 21ാം തിയതി തിങ്കളാഴ്ചയാണ് പുതിയ സ്ഥാനപതിയുടെ അധികാരപത്രം സ്വീകരിച്ചത്. തിങ്കളാഴ്ച രാവിലെ അപ്പസ്തോലിക അരമനയില്‍ നടന്ന അധികാരപത്ര സമര്‍പ്പണ ചടങ്ങില്‍ ഹാക്കെറ്റിന്‍റെ കുടുംബാംഗങ്ങളും അമേരിക്കന്‍ എംബസിയിലെ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
‘ദരിദ്രരേയും അഭയാര്‍ത്ഥികളേയും കുടിയേറ്റക്കാരേയും സഹായിക്കുക’ എന്ന മാര്‍പാപ്പയുടെ പ്രബോധനം പ്രാവര്‍ത്തികമാക്കാനും വ്യക്തിപരമായി അനുഭവിച്ചറിയാനും കത്തോലിക്കാ ജീവകാരുണ്യ സംഘടനയിലെ പ്രവര്‍ത്തനത്തിലൂടെ തനിക്കു കഴിഞ്ഞുവെന്ന് പുതിയ അമേരിക്കന്‍ സ്ഥാനപതി പ്രസ്താവിച്ചു. സി.ആര്‍.എസില്‍ നാല്‍പതു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഹാക്കെറ്റ് 18വര്‍ഷക്കാലം സംഘടനയുടെ പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോക സംഭവങ്ങളെ ക്രിയാത്മകമായി സ്വാധീനിക്കാന്‍ മാര്‍പാപ്പയ്ക്കും വത്തിക്കാനും കഴിയുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം പരിശുദ്ധ സിംഹാസനവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ തനിക്കുള്ള സന്തോഷവും തദവസരത്തില്‍ വെളിപ്പെടുത്തി.
Source: Vatican Radio








All the contents on this site are copyrighted ©.