2013-10-22 17:36:30

ഈജിപ്തില്‍ ക്രൈസ്തവ ദേവാലയത്തിനു നേരെ ആക്രമണം


22 ഒക്ടോബര്‍ 2013, കെയ്റോ
ഈജിപ്തില്‍ ക്രൈസ്തവര്‍ക്കു നേരെ വീണ്ടും ആക്രമണം. കയ്റോ നഗരാതിര്‍ത്തിയിലുള്ള കോപ്ടിക് ദേവാലയത്തില്‍ ഞായറാഴ്ച വൈകീട്ട് ഒരു വിവാഹ ചടങ്ങിനെത്തിയവര്‍ക്കു നേരെ നടന്ന വെടിവെയ്പ്പില്‍ രണ്ടു കുട്ടികളടക്കം നാലുപേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തെ അപലപിച്ച ഈജിപ്തിലെ രാഷ്ട്രീയ- മത നേതാക്കളും മുസ്ലീം ബ്രദര്‍ഹുഡും ഈ ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ അറസ്റ്റിലായ 5 പേരില്‍ 4 പേരും മുസ്ലീം ബ്രദര്‍ഹുഡ് അംഗങ്ങളാണ്.
ആക്രമണത്തില്‍ രോഷാകുലരായ ക്രൈസ്തവര്‍ കെയ്റോയില്‍ പ്രതിഷേധ പ്രകടനം നടത്തി.
ക്രൈസ്തവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ വീഴ്ച്ചവരുത്തിയെന്ന് അവര്‍ ആരോപിച്ചു. അതേസമയം, ക്രൈസ്തവരേയും മുസ്ലീമുകളേയും ഭിന്നിപ്പിക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് ഇത്തരം ആക്രമണങ്ങളെന്ന് അലക്സാണ്‍ഡ്രിയായിലെ കോപ്ടിക് പാത്രിയാര്‍ക്കീസിന്‍റെ സെക്രട്ടറി ഫാ.ഹാനി ബക്ഹൊം വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു. ഈജിപ്തിലെ പ്രശ്നം മതപരമാണെന്ന ധാരണ പരത്താന്‍ വേണ്ടിയാണ് ഭീകരവാദികള്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഈജിപ്ഷ്യന്‍ ജനത ഭീകരവാദത്തിന് എതിരാണ്. രാജ്യത്ത് സമാധാനം സ്ഥാപിക്കപ്പെടുന്നതിനുവേണ്ടി മുസ്ലീമുകളും ക്രൈസ്തവരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും ഫാ.ബക്ഹൊം പ്രസ്താവിച്ചു.

Source: Vatican Radio







All the contents on this site are copyrighted ©.