2013-10-22 10:46:09

അനുരഞ്ജന വീഥിയിയില്‍
ദൈവത്തിന്‍റെ നിസീമമായ കാരുണ്യം (60)


RealAudioMP3
ചെങ്കടല്‍ കടന്ന് സീനായ് മരുപ്രദേശത്തൂടെ സഞ്ചരിച്ച നാളുകള്‍ ഇസ്രായേല്‍ ജനത്തിന്‍റെ രൂപീകരണത്തിന്‍റെ കാലഘട്ടമായിരുന്നു. എന്നാല്‍ അവര്‍ മെല്ലെ ദൈവത്തില്‍നിന്ന് അകന്നുപോയി. സ്വര്‍ണ്ണക്കാളക്കുട്ടിയെ ഉണ്ടാക്കി അവര്‍ വിഗ്രഹാരാധന തുടങ്ങി. ജനം പാപത്തില്‍ വീണു. എന്നിരുന്നാലും സീനായ് മരുപ്രദേശം കടക്കല്‍ ഇസ്രായേലിന് ദൈവകല്പനകളില്‍ വളരാനുള്ള നൈയ്യാമിക ഘട്ടമായിരുന്നു. കല്പനകളിലൂടെയും ഉടമ്പടിയിലൂടെയും ദൈവം തന്‍റെ ജനത്തെ ദൃഢപ്പെടുത്തുന്നത് ഇക്കാലയളവിലാണ്. ദൈവികനിയമങ്ങളെയും ആരാധനക്രമങ്ങളെയും കേന്ദ്രീകരിച്ചുള്ള ഇസ്രായേലിന്‍റെ സുദീര്‍ഘമായ രൂപീകരണത്തിന്‍റെ, വളര്‍ച്ചയുടെ കാലമായിരുന്നു അത്. വഴിതെറ്റിയ ജനത്തിന്‍റെമേല്‍ ദൈവം തന്‍റെ ആത്മഹര്‍ഷം വീണ്ടും ചൊരിയുന്നതാണി ഇവിടെ കാണുന്നത്.

ദൈവത്തെ ഉപേക്ഷിച്ച് സ്വര്‍ണ്ണക്കാളക്കുട്ടിയുടെ പിറകെ പോയ ഇസ്രായേല്യരോട് മോശ സംസാരിച്ചു. “ഓ, ജനമേ, നിങ്ങള്‍ കഠിനപാപം ചെയ്തിരിക്കുന്നു. ഞാന്‍ ഇപ്പോള്‍ കര്‍ത്താവിന്‍റെ മലയിലേയ്ക്കു കയറിച്ചെല്ലാം. നിങ്ങളുടെ പാപത്തിനു പരിഹാരംചെയ്യാന്‍ എനിക്കു ചിലപ്പോള്‍ സാധിച്ചേക്കും.”
മലയിലേയ്ക്കു മോശ തിരികെച്ചെന്നു. എന്നിട്ട് ദൈവസന്നിധിയില്‍ ഇങ്ങനെ ഏറ്റുപറഞ്ഞു.
“ദൈവമേ, ഈ ജനം വലിയ പാപംചെയ്തിരിക്കുന്നു. അവര്‍ തങ്ങള്‍ക്കായി സ്വര്‍ണ്ണംകൊണ്ടു ദേവാന്മാരെയുണ്ടാക്കി. അവര്‍ പാപത്തില്‍ വീണുപോയി. അവരോടു ക്ഷമിക്കണമേ. അല്ലെങ്കില്‍ അവിടുത്തെ സ്മരണയില്‍നിന്നും എന്‍റെ പേരു മായിച്ചുകളഞ്ഞാലും.”
അപ്പോള്‍ കര്‍ത്താവു മോശയോടു പറഞ്ഞു. “മോസസ്, എനിക്കെതിരായി പാപംചെയ്തവരെയാണ് എന്‍റെ ഓര്‍മ്മയില്‍നിന്നും തുടച്ചുനീക്കേണ്ടത്.
നീ പോയി ജനത്തെ ഇനിയും വാഗ്ദത്ത ഭൂമിയിലേയ്ക്കു നയിക്കുക.
എന്‍റെ ദൂതന്‍ നിന്‍റെ മുന്‍പെ പോകും. നിങ്ങളെ നയിക്കും. എങ്കിലും ഞാന്‍ ആ ജനത്തെ സന്ദര്‍ശിക്കുന്ന ദിവസം അവരുടെ പാപങ്ങളെപ്രതി അവരെ ശിക്ഷിക്കും.”

കാളക്കുട്ടിയെ നിര്‍മ്മിക്കാന്‍ അവര്‍ അഹറോനെ നിര്‍ബന്ധിച്ചതിനാല്‍ കര്‍ത്താവ് ജനത്തിന്‍റെമേല്‍ മഹാമാരി വര്‍ഷിച്ചു. അവിടുന്ന് ഇസ്രായേലിനെ ശിക്ഷിച്ചു.

33 കര്‍ത്താവു മോശയോടു വീണ്ടും കല‍്പിച്ചു. “ഈജിപ്തില്‍നിന്നു ഞാന്‍ മോചിപ്പിച്ച ജനവും നീയും സീനായില്‍നിന്നു പുറപ്പെട്ട് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും അവരുടെ സന്തതികളോടും ഞാന്‍ നല്‍കുമെന്നു ശപഥംചെയ്തിട്ടുള്ള നാട്ടിലേയ്ക്കു പോവുക.
ഞാന്‍ നിങ്ങള്‍ക്കു മുന്‍പേ ദൂതനെ അയയ്ക്കും. മാര്‍ഗ്ഗമദ്ധ്യേ കാനാന്‍കാരെയും അമോര്യരെയും ഹിത്യരെയും പെരീസ്യരെയും ഹിവ്യരെയും ജബൂസ്യരെയും ഞാന്‍ നാടുകടത്തും. തേനും പാലുമൊഴുകുന്ന നാട്ടിലേയ്ക്കു നിങ്ങള്‍ പോകുവിന്‍. ഞാന്‍ നിങ്ങളുടെകൂടെ വരുന്നില്ല. വന്നാല്‍ നിങ്ങളുടെ ദുശ്ശാഠ്യംനിമിത്തം മാര്‍ഗ്ഗമദ്ധ്യേ നിങ്ങളെ നശിപ്പിച്ചുകളയാന്‍ ഇടവന്നേക്കാം.”

ദൈവമായ കര്‍ത്താവിന്‍റെ വചസ്സുകള്‍ കേട്ട് ജനം ദുഃഖിച്ചു, അവര്‍ വിലപിച്ചു. ആരും ആഭരണങ്ങള്‍ അണിഞ്ഞില്ല. അപ്പോള്‍ കര്‍ത്താവ് മോശയോട് അരുള്‍ചെയ്തു. “മോസസ്, നീ ഇസ്രായേല്‍ ജനത്തോടു പറയുക. നിങ്ങള്‍ ദുശ്ശാഠ്യക്കാരായ ജനമാണ്. ഒരു നിമിഷത്തേയ്ക്കു നിങ്ങളുടെകൂടെ സഞ്ചരിച്ചാല്‍ മതി നിങ്ങളെ ഞാന്‍ നശിപ്പിച്ചുകളയും. നിങ്ങളോടെന്തു ചെയ്യണമെന്നു ഞാന്‍ നിശ്ചയിക്കും.”

ഹൊറേബു മലയുടെ സമീപത്തുവച്ച് ഇസ്രായേല്‍ജനം ആഭരണങ്ങള്‍ അഴിച്ചു മാറ്റി അനുതാപം പ്രകടമാക്കി.


എവിടെയായിരുന്നാലും പാളയത്തിനു പുറത്ത് അല്പം അകലെയായി മോശ കൂടാരമടിക്കുക പതിവായിരുന്നു. അവിടെയാണ് അയാള്‍ ദൈവത്തോടു സംവദിച്ചത്. അതാണ് സമാഗമകൂടാരം. കര്‍ത്താവിന്‍റെ ഹിതം അറിയാന്‍ ആഗ്രഹിച്ചവരൊക്കെ പാളയത്തിനു വെളിയിലുള്ള കൂടാരത്തിലേയ്ക്കു മോശയുടെ പിറകെ പോകുമാരുന്നു. മോശ അവിടെ എത്തുമ്പോഴേയ്ക്കും ജനം കൂടാരത്തിന്‍റെ വാതില്‍ക്കല്‍ നോക്കിനില്ക്കും. അയാള്‍ പ്രവേശിച്ചു കഴിയുമ്പോള്‍ മേഘസ്തംഭം ഇറങ്ങിവന്നു കൂടാരത്തെ ആവരണംചെയ്തിരുന്നു. അപ്പോള്‍ കര്‍ത്താവു മോശയോടു സംസാരിക്കും. മേഘസ്തംഭം കൂടാരവാതില്‍ക്കല്‍ നില്ക്കുന്നതു കാണുമ്പോള്‍ ജനം എഴുന്നേറ്റ് കുമ്പിട്ടാരാധിച്ചിരുന്നു. സ്നേഹിതനോടെന്നപോലെ കര്‍ത്താവു മോശയോടു മുഖാമുഖം സംവദിക്കുമാരുന്നു.
ദൈവസന്നിധിയില്‍ സംവദിച്ചുകഴിയുമ്പോള്‍ മോശ പാളയത്തിലേയ്ക്കു മടങ്ങിപ്പോകും. എന്നാല്‍ മോശയുടെ സേവകനും നൂനിന്‍റെ പുത്രനുമായ ജോഷ്വ കൂടാരത്തില്‍തന്നെ പാര്‍ക്കുമായിരുന്നു. 33,12 ഒരിക്കല്‍ സമാഗമകൂടാരത്തില്‍വച്ച് കര്‍ത്താവിനോടു മോശ പറഞ്ഞു.
“ദൈവമേ, ഈ ജനത്തെ നയിക്കുവാന്‍ ആയോഗ്യനായ എന്നോടാണ് അങ്ങ് ആജ്ഞാപിക്കുന്നത്. എന്നാല്‍, ആരാണ് എന്നെ സഹായിക്കാനുള്ളത്? അങ്ങ് എന്നെ അറിയുന്നു. അങ്ങെന്നില്‍ സംപ്രീതനായിരിക്കുന്നു. അങ്ങനെയെങ്കില്‍ അങ്ങേ വഴികള്‍ എനിക്കു കാണിച്ചുതരണമേ. അങ്ങനെ, ഞാന്‍ അങ്ങയെ പ്രീതിപ്പെടുത്തുകയും മഹത്വീകരിക്കുകയും ചെയ്യട്ടെ. ഈ ജനത അങ്ങുടെ സ്വന്തം ജനമാണെന്ന് അങ്ങ് അനുസ്മരിച്ചാലും.”
കര്‍ത്താവു പറഞ്ഞു. “മോസസ്, ഭയപ്പെടേണ്ട. ഞാന്‍ നിന്‍റെ കൂടെയുണ്ട്! ഞാന്‍ നിന്നെ നയിക്കും, സമാശ്വസിപ്പിക്കും!!”

മോശ പറഞ്ഞു. “അങ്ങു ഞങ്ങളോടുകൂടെ വരുകയില്ലെങ്കില്‍, ഞങ്ങളെ ഇവിടെനിന്നു പറഞ്ഞയക്കരുത്. അങ്ങു പോരുന്നില്ലെങ്കില്‍, അങ്ങ് എന്നിലും അങ്ങയുടെ ജനത്തിലും സംപ്രീതനാണെന്ന് എങ്ങനെ അറിയും?
അങ്ങു ഞങ്ങളോടൊത്തു യാത്രചെയ്യുമെങ്കില്‍, ഞാനും അങ്ങുടെ ജനവും ഭൂമുഖത്തുള്ള എല്ലാ ജനതകളിലുംനിന്നു വ്യത്യസ്തരായിരിക്കും, നന്മയില്‍ ജീവിക്കും.”

17 കര്‍ത്താവു മോശയോടു പറഞ്ഞു. “നീ ആവശ്യപ്പെട്ട ഈ കാര്യവും ഞാന്‍ ചെയ്യും. എന്തെന്നാല്‍, നിന്നില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു. ഞാന്‍ നിന്നെ അറിയുന്നു.”

മോശ വീണ്ടും കര്‍ത്താവിനോടു യാചിച്ചു. “അങ്ങയുടെ മഹത്വം എനിക്കു കാണിച്ചുതരണമെന്നു ഞാന്‍ അപേക്ഷിക്കുന്നു.” അവിടുന്ന് അരുളിച്ചെയ്തു. “എന്‍റെ മഹത്വം നിന്‍റെ മുന്‍പിലൂടെ കടന്നുപോകും. ‘കര്‍ത്താവ്’ എന്ന എന്‍റെ നാമം നിന്‍റെ മുന്‍പില്‍ ഞാന്‍ പ്രഖ്യാപിക്കുകയും ചെയ്യും. എനിക്ക് ഇഷ്ടമുള്ളവനില്‍ ഞാന്‍ പ്രസാദിക്കും. എനിക്ക് ഇഷ്ടമുള്ളവരോടു ഞാന്‍ കരുണകാണിക്കും.” അവിടുന്നു തുടര്‍ന്നു. “മോസസ്, നീ എന്‍റെ മുഖം ഇനി കാണരുത്. എന്തെന്നാല്‍, എന്നെ കാണുന്ന ഒരു മനുഷ്യനും ജീവനോടിരിക്കില്ല.”

കര്‍ത്താവു പറഞ്ഞു. “ഇതാ എന്‍റെ അടുത്തുള്ള ഈ പാറമേല്‍ നീ നില്‍ക്കുക. എന്‍റെ മഹത്വം കടന്നു പോകുമ്പോള്‍ ഈ പാറയുടെ ഇടുക്കില്‍ നീ നിലയുറപ്പിക്കുക. ഞാന്‍ കടന്നുപോകുമ്പോള്‍ എന്‍റെ കൈകൊണ്ടു നിന്നെ മറയ്ക്കും. അതിനുശേഷം ഞാന്‍ കൈ മാറ്റുമ്പോള്‍ നിനക്ക് എന്‍റെ പിന്‍ഭാഗം കാണാനാകും. എന്നാല്‍ എന്‍റെ മുഖം ഇനി ഒരിക്കലും കാണുകയില്ല.”

34 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു. “ആദ്യത്തേതുപോലുള്ള രണ്ടു കല്‍പ്പലകങ്ങള്‍ ഒരുക്കുക. നീ ഉടച്ചുകളഞ്ഞ ഫലകങ്ങളിലുണ്ടായിരുന്ന വാക്കുകള്‍ തന്നെ ഞാന്‍ അതില്‍ എഴുതാം. പ്രഭാതത്തില്‍ത്തന്നെ തയ്യാറായി സീനായ് മലമുകളില്‍ എന്‍റെ സന്നിധിയില്‍ വരുക.
ആരും നിന്നോടൊന്നിച്ചു മല കയറരുത്. മലിയില്‍ ഒരിടത്തും ആരും ഉണ്ടായിരിക്കയുമരുത്. ആ ഭാഗത്ത് ആടുകളോ മാടുകളോ മേയ്ക്കരുത്.”
വീണ്ടും രണ്ടു കല്‍ഫലകങ്ങള്‍ മോശ തയ്യാറാക്കി. കര്‍ത്താവു കല്‍പിച്ചതനുസരിച്ച് അതിരാവിലെ എഴുന്നേറ്റ് അവകൈയിലെടുത്ത് മോശ സീനായ് മലയിലേയ്ക്കു കയറിപ്പോയി.

ശക്തനായൊരു മദ്ധ്യസ്ഥനായിട്ടാണ് മോശ പുറപ്പാടില്‍ ചിത്രീകരിക്കപ്പെടുന്നത്. ജനത്തെ നയിക്കുക മാത്രമല്ല, അവരുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് മോശ അവര്‍ക്കുവേണ്ടി ദൈവത്തോട് മാപ്പിരക്കുന്നു. ഇസ്രായേലിന്‍റെ ദുശ്ശാഠ്യവും ബലഹീനതയും വിസ്മരിക്കണമെന്ന് മോശ ദൈവത്തോടും പ്രാര്‍ത്ഥിച്ചു, യാചിച്ചു. ദൈവത്തിന്‍റെ ക്ഷമ അവിടുത്തെ മഹത്വത്തിന്‍റെ പ്രകാശമായിരിക്കുമെന്നും ബോധ്യത്തോടെ ദൈവസന്നിധിയില്‍ മോശ സംസാരിച്ചു. പൂര്‍വ്വികരോടു ചെയ്ത വാഗ്ദാനമനുസരിച്ച് ദൈവം തുടര്‍ന്നും തന്‍റെ ജനത്തോട് ക്ഷമിക്കുന്നതും കാരുണ്യംകാട്ടുന്നതും നാം ഇനിയും പഠിക്കും.
Prepared : nellikal, Vatican Radio








All the contents on this site are copyrighted ©.