2013-10-21 16:24:53

പ്രാര്‍ത്ഥിക്കുന്നത് എന്തിന്? മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം


21 ഒക്ടോബര്‍ 2013, വത്തിക്കാന്‍
(ഫ്രാന്‍സിസ് മാര്‍പാപ്പ ഒക്ടോബര്‍ 20ാം തിയതി ഞായറാഴ്ച നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം)
21 ഒക്ടോബര്‍ 2013, വത്തിക്കാന്‍
പ്രാര്‍ത്ഥിക്കുന്നത് എന്തിന്? മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം

(ഫ്രാന്‍സിസ് മാര്‍പാപ്പ ഒക്ടോബര്‍ 20ാം തിയതി ഞായറാഴ്ച നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം)

ഞായറാഴ്ചകളിലും മറ്റു ചില പ്രധാന തിരുന്നാള്‍ ദിനങ്ങളിലും മാര്‍പാപ്പ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം നല്‍കുന്നതും പ്രാര്‍ത്ഥന നയിക്കുന്നതും വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിനു കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പേപ്പല്‍ അരമനയിലെ പഠന മുറിയുടെ ജാലകത്തിങ്കല്‍ നിന്നുകൊണ്ടാണ്. പാപ്പായോടൊപ്പം ത്രികാല പ്രാര്‍ത്ഥനയില്‍ സംബന്ധിക്കാനായി ആയിരക്കണക്കിനാളുകള്‍ ലോകത്തിന്‍െറ നാനാഭാഗത്തുനിന്നും വത്തിക്കാനിലെത്താറുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ചയും മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളാനായി വിവിധ ഭാഷക്കാരും ദേശക്കാരുമായ ആയിരങ്ങള്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരം തിങ്ങിനിറഞ്ഞു. ഈയാഴ്ച്ച ത്രികാല പ്രാര്‍ത്ഥനാ സംഗമത്തിലെ വേറിട്ട ഒരു കാഴ്ച്ചയായിരുന്നു വി.പത്രോസിന്‍റെ ചത്വരത്തിനു മുന്‍പിലെ വിയാ ദെലാ കൊണ്‍ചീല്യാസ്യോനെ പാതയില്‍ നടത്തിയ 100 മീറ്റര്‍ ഓട്ട മത്സരം. സാംസ്ക്കാരിക കാര്യങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ ഈ മത്സരം കായിക രംഗത്തെ വിശ്വാസസാക്ഷൃത്തിന്‍റെ പ്രതീകാത്മകമായ പ്രകടനമായിരുന്നു.

കൃത്യസമയത്ത് അപ്പസ്തോലിക അരമനയിലെ പഠന മുറിയുടെ ജാലകത്തിങ്കലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ആഗതനായതോടെ ജനം ആനന്ദത്താല്‍ ഇളകി മറിഞ്ഞു. കരഘോഷം മുഴക്കിയും ആര്‍പ്പുവിളിച്ചും അവര്‍ പാപ്പയ്ക്ക് അഭിവാദ്യമേകി. സസ്നേഹം ജനങ്ങളെ അഭിവാദ്യം ചെയ്ത മാര്‍പാപ്പ പതിവുപോലെ ഒരു ചെറിയ വിചിന്തനവും നല്‍കി. ഞായറാഴ്ച ദിവ്യബലി മധ്യേ വായിച്ച വിശുദ്ധഗ്രന്ഥഭാഗത്തെ ആസ്പദമാക്കിയായിരുന്നു മാര്‍പാപ്പയുടെ വചന സന്ദേശം.


പ്രിയ സഹോദരീ സഹോദരന്‍മാരേ,

നിരന്തരം പ്രാര്‍ത്ഥിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ക്രിസ്തു ഒരു ഉപമയിലൂടെ വിവരിക്കുന്ന സുവിശേഷഭാഗമാണ് നാം ഇന്നു ശ്രവിച്ചത്. ഒരു വിധവയാണ് കഥയിലെ നായിക. നീതിരഹിതനായ ഒരു ന്യായാധിപനില്‍ നിന്ന് നിരന്തരമായ അഭ്യര്‍ത്ഥനയിലൂടെ അവള്‍ നീതി നേടിയെടുത്തു. ദൈവത്തേയും മനുഷ്യനേയും ഭയക്കാത്ത ന്യായാധിപനില്‍ നിന്ന് നീതി നേടിയെടുക്കാന്‍ ആ വിധവയ്ക്കു സാധിച്ചെങ്കില്‍ നമ്മുടെ നിരന്തരമായ പ്രാര്‍ത്ഥന ദൈവം ശ്രവിക്കുകയില്ലേ എന്ന് ക്രിസ്തു ചോദിക്കുന്നു. യേശുവിന്‍റെ വാക്കുകള്‍ രൂക്ഷമാണ്: “അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു കരയുന്നവര്‍ക്ക് ദൈവം നീതി നടത്തിക്കൊടുക്കയില്ലേ? ” (ലൂക്ക 18,7)

രാവും പകലും ദൈവത്തെ വിളിച്ചു കരയുക! പ്രാര്‍ത്ഥനയുടെ ഈ ചിത്രം അമ്പരപ്പിക്കുന്നതാണ്. എന്തിനാണ് ദൈവം ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുന്നത്? നമ്മുടെ ആവശ്യങ്ങള്‍ അവിടുത്തേക്ക് അറിഞ്ഞുകൂടേ? ദൈവത്തോട് നിരന്തരം പ്രാര്‍ത്ഥിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ? നല്ലൊരു ചോദ്യമാണിത്: നമ്മുടെ വിശ്വാസത്തെക്കുറിച്ചു മനസിലാക്കാന്‍ സഹായിക്കുന്ന ചോദ്യം. നമ്മുടെ ആവശ്യങ്ങള്‍ അറിയാത്തതുകൊണ്ടോ നമ്മെ ശ്രവിക്കാത്തതുകൊണ്ടോ അല്ല നിരന്തരം പ്രാര്‍ത്ഥിക്കാന്‍ ദൈവം നമ്മോട് ആവശ്യപ്പെടുന്നത്. എല്ലായ്പ്പോഴും നമ്മെ ശ്രവിക്കുന്ന ദൈവം നമ്മെ പൂര്‍ണ്ണമായി അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നു. പക്ഷേ അനുദിന ജീവിതത്തില്‍, വിശിഷ്യാ പ്രതിസന്ധിയുടെ ഘട്ടങ്ങളില്‍, തിന്‍മയുടെ ശക്തികള്‍ക്കെതിരേ ക്രിസ്തുവിനോട് ചേര്‍ന്ന് നാം പോരാടേണ്ടതുണ്ട്. ആന്തരികവും ബാഹ്യവുമായ ഈ പോരാട്ടത്തില്‍ പ്രാര്‍ത്ഥനയാണ് നമ്മുടെ ആയുധം. കാരണം പ്രാര്‍ത്ഥനയിലൂടെ ദൈവസാമീപ്യവും അവിടുത്തെ കാരുണ്യവും നാം അനുഭവിച്ചറിയുന്നു. ദൈവത്തിന്‍റെ സഹായം നാം സ്വീകരിക്കുന്നതും പ്രാര്‍ത്ഥനയിലൂടെയാണ്. തിന്‍മയ്ക്കെതിരേയുള്ള പോരാട്ടം കഠിനവും ദൈര്‍ഘ്യമേറിയതുമാണ്. തന്‍റെ ജനത്തിന്‍റെ വിജയത്തിനായി കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിച്ച മോശയെപ്പോലെ (പുറപ്പാട് 17, 8-13) നാമും ഈ പോരാട്ടത്തില്‍ ക്ഷമയോടെ ചെറുത്തുനില്‍ക്കണം. അനുദിനം നാം തുടരേണ്ട പോരാട്ടമാണിത്. പക്ഷേ നാം പോരാടുന്നത് ഒറ്റയ്ക്കല്ല, ദൈവം നമ്മോടൊത്തുണ്ട്. ദൈവ വിശ്വാസമാണ് നമ്മുടെ കരുത്ത്. ഈ വിശ്വാസത്തിന്‍റെ പ്രകടനമാണ് പ്രാര്‍ത്ഥന. അതുകൊണ്ടു തന്നെയാണ് യേശു നമുക്ക് വിജയം ഉറപ്പു നല്ക‍ിയത്. എന്നാല്‍ ഒടുവില്‍ യേശു ചോദിച്ചു: “എങ്കിലും മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?” (ലൂക്ക 18,8) വിശ്വാസം ഇല്ലാതായാല്‍ പ്രാര്‍ത്ഥനയും അസ്തമിക്കും. അപ്പോള്‍ നമ്മുടെ പാത അന്ധകാരപൂര്‍ണ്ണമാകും, ജീവന്‍റെ മാര്‍ഗം നമുക്കു നഷ്ടമാകും.
അതിനാല്‍, നിരന്തരം പ്രാര്‍ത്ഥിക്കാന്‍ സുവിശേഷത്തിലെ ആ വിധവയില്‍ നിന്ന് നമുക്കു പഠിക്കാം. മിടുക്കിയായിരുന്നു ആ വിധവ. തന്‍റെ മക്കള്‍ക്കുവേണ്ടി പോരാടാന്‍ ആ സ്ത്രീയ്ക്ക് അറിമായിരുന്നു. തങ്ങളുടെ കുടുംബങ്ങള്‍ക്കുവേണ്ടി പോരാടുന്ന, കുടുംബാംഗങ്ങള്‍ക്കുവേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുന്നതില്‍ മടുപ്പില്ലാത്ത സ്ത്രീകളെക്കുറിച്ച് ഓര്‍ത്തുപോവുകയാണ്. സ്വജീവിതത്തിലൂടെ വിശ്വാസത്തിന്‍റേയും ധൈര്യത്തിന്‍റേയും പ്രാര്‍ത്ഥനയുടേയും സാക്ഷൃം നല്‍കുന്ന ഈ സ്ത്രീകളെ ഇന്ന് നമുക്ക് അനുസ്മരിക്കാം.
നിരന്തരം പ്രാര്‍ത്ഥിക്കുന്നത് വാക്കുകളുടെ കരുത്തുകൊണ്ട് ദൈവത്തെ ബോധിപ്പിക്കാന്‍ വേണ്ടിയല്ല. കാരണം നമ്മുടെ ആവശ്യങ്ങളൊക്കെയും ദൈവത്തിനറിയാം. ഓരോ ദിവസവും ഓരോ നിമിഷവും തിന്‍മയെ നന്‍മകൊണ്ട് ജയിക്കുവാനായി, തന്നോടൊത്ത് പോരാടാന്‍ നമ്മെ ക്ഷണിക്കുന്ന ദൈവത്തിലുള്ള വിശ്വാസത്തിന്‍റെ പ്രകടനമാണ് പ്രാര്‍ത്ഥന.








All the contents on this site are copyrighted ©.