2013-10-19 09:16:06

ജീവിക്കാനും പങ്കുവയ്ക്കാനുമുള്ള
ദൈവികദാനം – വിശ്വാസം


RealAudioMP3
വിശുദ്ധ ലൂക്കായുടെ സുവിശേഷം 8, 41-56 മിഷന്‍ ഞായര്‍ (മൂശാക്കാലം)

എല്ലാവരും ക്രിസ്തുവിനെ കാത്തിരിക്കുകയായിരുന്നു. അപ്പോള്‍, സിനഗോഗിലെ ഒരധികാരിയായ ജായ്റൂസ് അവിടുത്തെ കാല്‍ക്കല്‍വീണ്, തന്‍റെ വീട്ടിലേയ്ക്കു ചെല്ലണമെന്ന് അപേക്ഷിച്ചു. പന്ത്രണ്ടു വയസ്സോളം പ്രായമുള്ള അയാളുടെ ഏകപുത്രി ആസന്നമരണയായിരുന്നു.

ക്രിസ്തു കടന്നുപോകുമ്പോള്‍ ജനങ്ങള്‍ ചുറ്റുകൂടി അവിടുത്തെ തിക്കിയിരുന്നു. അപ്പോള്‍ പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവമുണ്ടായിരുന്നവളും ആര്‍ക്കും സുഖപ്പെടുത്താന്‍ കഴിയാതിരുന്നവളുമായ
ഒരു സ്ത്രീ പിന്നിലൂടെ വന്ന് അവന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പില്‍ സ്പര്‍ശിച്ചു, തത്ക്ഷണം അവളുടെ രക്തസ്രാവം നില്ച്ചു. ക്രിസ്തു ചോദിച്ചു. ആരാണ് എന്നെ സ്പര്‍ശിച്ചത്? ആരും മിണ്ടിയില്ല. അപ്പോള്‍ പത്രോസ് പറഞ്ഞു. ഗുരോ, ജനക്കൂട്ടം ചുറ്റുംകൂടി അങ്ങയെ തിക്കുകയാണല്ലോ. ക്രിസ്തു പറഞ്ഞു ആരോ എന്നെ സ്പര്‍ശിച്ചു. എന്നില്‍നിന്നും ശക്തി നിര്‍ഗമിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു. മറയ്ക്കാന്‍ സാധിക്കില്ലെന്നു കണ്ടപ്പോള്‍ സ്ത്രീ വിറയോലെ വന്ന് അവിടുത്തെ കാല്‍ക്കല്‍വീണ്,
താന്‍ അവിടുത്തെ എന്തിനു സ്പര്‍ശിച്ചു എന്നും, എങ്ങനെ പെട്ടെന്നു സുഖമാക്കപ്പെട്ടു എന്നും എല്ലാ ജനങ്ങളുടെയും മുമ്പാകെ പ്രസ്താവിച്ചു. അവിടുന്ന് അവളോടു പറഞഞു. മകളേ, നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.

ഭാരതസഭയുടെ ആശയവിനമയ സംവിധാനത്തില്‍ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ഈശോ സഭാംഗമായ ഫാദര്‍ ജേക്കബ് സ്രാമ്പിക്കല്‍. ഒരുവര്‍ഷംമുന്‍പ് അദ്ദേഹം കടന്നുപോയത് ദുഃഖസ്മരണയാണ്. സഭാതലത്തില്‍ ഫാദര്‍ സ്രാമ്പിക്കല്‍ ‘കമ്യൂണിക്കേഷന്‍ ഗുരു’വായിരുന്നു. അദ്ദേഹത്തിന്‍റെ സംഭാവനകള്‍ നിസ്തുലമാണ്. ‘Communications can renew the Church’ സത്യസന്ധമായ ആശയവിനിമയത്തിന് സഭയെ നവീകരിക്കാനാവും എന്ന അദ്ദേഹത്തിന്‍റെ ഗ്രന്ഥത്തിലുള്ള നവീകരണചിന്തകള്‍ പ്രവാചക ശക്തിയുള്ളവയാണ്.

When God led you to the edge of the cliff 1 0r 2 things can happen. Either He will catch you when you fall or give you wings to fly. “പര്‍വ്വതാഗ്രത്തോളം ദൈവം എന്നെ എത്തിച്ചിട്ടുണ്ടെങ്കില്‍ രണ്ടു കാര്യങ്ങള്‍ സംഭവ്യമാണ്. വീഴുകയാണെങ്കില്‍ ദൈവം എന്നെ താങ്ങിക്കൊള്ളും. അല്ലെങ്കില്‍ പറക്കുവാന്‍ ചിറകുകള്‍ നല്കി അവിടുന്നെന്നെ രക്ഷിക്കും.” ആശയവിനിമയ ലോകത്ത് ആഗ്രഗണ്യനും, നല്ല അദ്ധ്യാപകനുമായിരുന്ന ജേക്കബ്ബച്ചന്‍റെ സ്ഥിരം പ്രയോഗമായിരുന്നു ഇത്. അല്ല, അദ്ദേഹത്തിന്‍റെ വിശ്വാസവും ജീവിതബോധ്യവുമായിരുന്നിരിക്കണം പ്രസ്താവം.

രോഗാവസ്ഥയിലും മരണഘട്ടത്തിലും വിശ്വാസംകൊണ്ട് ദൈവത്തിന്‍റെ കൃപാസ്പര്‍ശം ലഭിച്ച രണ്ടു വ്യക്തികളെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷത്തില്‍ നാം ധ്യാനിക്കുന്നത്. മരണവക്ത്രത്തിലെത്തും മുന്‍പ്, രോഗത്തിലും വേദനയിലും ഈശ്വരസാക്ഷാത്ക്കാരത്തിന്‍റെ നിമിഷങ്ങളുണ്ടെന്ന് സുവിശേഷസംഭവം വ്യക്തമാക്കുന്നു. Two in one എന്നു വിളിക്കാവുന്ന സംഭവമാണിത്, രണ്ടും ചേര്‍ന്ന് ഒന്നല്‍. ക്രിസ്തുവുമായുള്ള ഒരു കൂടിക്കാഴ്ചയില്‍ രണ്ടു പേര്‍ക്കു ലഭിച്ച സൗഖ്യത്തിന്‍റെ കഥയാണ് ഈ സുവിശേഷഭാഗം. ആദ്യം സൗഖ്യംപ്രാപിക്കുന്നത് സ്ത്രീയാണെങ്കില്‍, മറ്റേത് പെണ്‍കുട്ടിയാണ്. ക്രിസ്തു നല്കുന്ന വിമോചനം സമഗ്രവും സകലര്‍ക്കുമുള്ളതുമാണ്. രോഗഗ്രസ്തയായ പെണ്‍കുട്ടിക്ക് പന്ത്രണ്ട് വയസ്സും. സ്ത്രീയുടെ രോഗാവസ്ഥയ്ക്കു പന്ത്രണ്ടു വര്‍ഷവും പഴക്കവുമുണ്ടെന്നാണ് സുവിശേഷകന്‍ രേഖപ്പെടുത്തുന്നത്. നിലയ്ക്കാത്ത രക്തസ്രാവമാണ് ഒരാളുടെ പ്രശ്നമെങ്കില്‍, പെണ്‍കുട്ടി രോഗംപിടിപെട്ട് മരണവക്കില്‍ എത്തിയിരിക്കുകയാണ്.

രണ്ടുപേരെയും ക്രിസ്തു മകളേ, ബാലികേ, എന്നു വിളിച്ച് സൗഖ്യംപ്പെടുത്തി. ക്രിസ്തുവിന്‍റെ ശാന്തതയുടെ ഭാവമാണ്. സ്നേഹിതാ, മകനേ, മകളേ, എന്നെല്ലാമാണ് അവിടുന്ന് അഭിസംബോധനചെയ്യുന്നത്. സ്നേഹത്തിന്‍റെ
സിദ്ധിയുള്ളതിനാല്‍ നാം എല്ലാവരും അടിസ്ഥാനപരമായി നല്ലവരാണ്. എന്നാല്‍ നമ്മിലെ നന്മ മറ്റുള്ളവര്‍ അനുഭവിക്കേണ്ടത് വിനയഭാവത്തിലും ശാന്തതയിലുമാണ്. എപ്പോഴും ആരോടെങ്കിലുമൊക്കെ
മെക്കിട്ടുകയറിയാലേ സമാധാനമാകൂ എന്നുള്ളവരും ഈ ലോകത്തുണ്ട്. മനുഷ്യരോട് മാന്യമായും ശാന്തഭാവത്തിലും സത്യസന്ധമായും സംസാരിക്കാന്‍ സാധിക്കാത്തവരാണവര്‍. ഹ്രസ്വമായ ഈ ജീവിതത്തില്‍ നന്മയുടെ പൂക്കളും സഗുന്ധവും വിരിയിക്കുന്നതാണ് വിജയം.

പെണ്‍കുട്ടിയുടെ പിതാവും രക്തസ്രാവക്കാരി സ്ത്രീയും ക്രിസ്തുവിന്‍റെ സന്നിധിയിലെത്തുന്നു. പൂര്‍ണ്ണസമര്‍പ്പണത്തിന്‍റെ ഭാവമാണിത്. സമ്പൂര്‍ണ്ണ സമര്‍പ്പണം ആരാധനയാണ്. ക്രിസ്തുവിന്‍റെ തിരുവസ്ത്രത്തുമ്പില്‍ ആ സ്ത്രീ വെറുതെ സ്പര്‍ശിച്ചതല്ല, വിശ്വാസത്തോടെയാണ്. വിശ്വാസമാണ് അവളുടെ രോഗശാന്തിക്കു കാരണം. ക്രിസ്തുവില്‍നിന്ന് പുറപ്പെട്ട ശക്തിയാണ് അവളെ സുഖപ്പെടുത്തിയതെന്ന് എന്ന് ലൂക്കാ സുവിശേഷകന്‍ സാക്ഷൃപ്പെടുത്തുന്നു. മാന്ത്രിക സ്പര്‍ശനമല്ലിതെന്നു വ്യക്തമാക്കുകാണ് ഭിഷഗ്വരനായ ലൂക്കാ. സൗഖ്യംപ്രാപിക്കും എന്ന വിശ്വാസദൃഢത രോഗശാന്തിക്ക് അനിവാര്യമാണ്. മനുഷ്യന്‍റെ വിശ്വാസദാര്‍ഢ്യത്തെ ക്രിസ്തു അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. ‘നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.’ രോഗത്തില്‍നിന്നുള്ള രക്ഷയാണ് ഇവിടെ ക്രിസ്തു വിവക്ഷിക്കുന്നത്, നിത്യരക്ഷയല്ല, പന്ത്രണ്ടു വര്‍ഷം
പഴക്കമുള്ള രോഗവും പന്ത്രണ്ടു വയസ്സുകാരിയുടെ മരണവും പ്രായോഗികമായി ഒന്നുതന്നെയാണ്. മരണത്തിന്‍റെ വക്കോളമെത്തിയ ഈ മനുഷ്യര്‍ക്കാണ് ദൈവാനുഭവം ഉണ്ടായത്. വിശ്വാസമുള്ളവര്‍ക്ക് ദൈവത്തെ അനുഭവിച്ചറിയാന്‍ രോഗത്തേക്കാളും സഹനത്തേക്കാളും നല്ല അവസരമില്ല.
ആള്‍ക്കൂട്ടത്തിലുള്ള ഏത് രോഗിയുടെയും സാന്നിദ്ധ്യം ക്രിസ്തുവെന്ന മഹാവൈദ്യന്‍ തിരിച്ചറിയുന്നു. പുരുഷാരം അവിടുത്തെ ചുറ്റും തിക്കിത്തിരക്കികൊണ്ടിരുന്നപ്പോഴും അവിടുന്ന് അതറിയുന്നു. തന്നെ ആരോ സ്പര്‍ശിച്ചുവെന്നാണ് ക്രിസ്തു പറഞ്ഞത്. ആരാണ് അങ്ങയെ സ്പര്‍ശിച്ചതെന്ന് പത്രോസും ആരാഞ്ഞു.
അല്ല, തന്നെ ആരോ യഥാര്‍ത്ഥത്തില്‍ സ്പര്‍ശിച്ചിട്ടുണ്ടെന്ന് ക്രിസ്തു ഉറപ്പിച്ചു പറഞ്ഞപ്പോള്‍ ഭയചകിതയായ
സ്ത്രീ മുന്നോട്ടുവന്നു. ഇതാ, പന്ത്രണ്ടു വര്‍ഷമായി ഒരു രഹസ്യരോഗത്തിന്‍റെ കെണിയിലായിരുന്നവള്‍! ഒത്തിരി വൈദ്യന്മാരുടെ ചികിത്സയ്ക്ക് വിധേയപ്പെട്ട് പണം തീരുകയും, എന്നാല്‍ രോഗം ബാക്കിനില്ക്കുകയും ചെയ്യുന്ന ഹതഭാഗ്യയാണവള്‍. പിന്നെ ക്രിസ്തുവും അവളും തമ്മിലുള്ള ചെറുതെങ്കിലും അതീവ ഹൃദ്യമായ സംഭാഷണമുണ്ട്. രോഗിയുമായി സംസാരിക്കുമ്പോള്‍ ക്രിസ്തുവിന്‍റെ മനസ്സിലും പരിസരങ്ങളിലും ആള്‍ക്കൂട്ടവും ആരവങ്ങുളുമല്ല. അവിടുന്നു നല്കുന്ന ഈ ശ്രദ്ധയും വാത്സല്യുവം ഓരോ രോഗിയും ആര്‍ഹിക്കുന്നുണ്ട്. രോഗി പ്രതീക്ഷിക്കുന്നതിനെക്കാള്‍ കൂടുതലാണ് ക്രിസ്തു നല്കുന്നത്. ‘അങ്ങൊരു വാക്കരുള്‍ചെയ്താല്‍ മതി,’ എന്നു നിലവിളിക്കുന്നവരെ അവിടുന്നു തന്നോടും ചേര്‍ത്തുപിടിച്ച് സൗഖ്യപ്പെടുത്തിയെന്ന് വചനം വെളിപ്പെടുത്തുന്നു. ഔഷധങ്ങളുടെയും ചികിത്സയുടെയും ഒരു പ്രാഗ് രൂപമെന്ന് കരുതാവുന്ന ചില കാര്യങ്ങളേയും ക്രിസ്തു ഉപോയഗപ്പെടുത്തുന്നുണ്ട്. കുരുടെന്‍റെ കണ്ണില്‍ നാട്ടുകുളത്തിലെ ചേറും തുപ്പലും ചേര്‍ത്ത് ലേപനംചെയ്തു, കര്‍ണ്ണപുടങ്ങളില്‍ തുപ്പല്‍ പുരട്ടിയിട്ട് ‘എഫേത്താ’ എന്ന് മന്ത്രിച്ചുകൊണ്ട് അവിടുന്ന് അവര്‍ക്ക് സൗഖ്യംനല്കി.

പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമ ഔദ്യോഗിക പ്രബോധനമാണ് Lumen Fidei ‘വിശ്വാസത്തിന്‍റെ വെളിച്ചം’. മനുഷ്യജീവിതത്തില്‍ വിശ്വാസത്തിന്‍റെ ആവശ്യകത വെളിപ്പെടുത്തുന്ന പാപ്പായുടെ ദൈവശാസ്ത്രപരവും അജപാലനപരവുമായ പ്രബോധനമാണിത്. മനുഷ്യാസ്തിത്വത്തെ പ്രകാശിപ്പിക്കുന്ന വിശ്വാസവെളിച്ചത്തിന്‍റെ അടിസ്ഥാന സ്വഭാവങ്ങള്‍ ദൈവശാസ്ത്രപരമായും, എന്നാല്‍ ലളിതമായും ഈ പ്രബോധനം വിവരിക്കുന്നു. വിശ്വാസത്തെ മിഥ്യയായ അന്വേഷണമായും മനുഷ്യന്‍റെ സ്വാതന്ത്ര്യത്തിന് വിഘ്നമാകുന്ന ഘടകമായും കാണുന്ന നവയുഗത്തിന്‍റെ ചിന്താഗതിയില്‍നിന്നും വ്യത്യസ്തമായി, നന്മ തിന്മകളെ വിവേചിച്ചറിഞ്ഞ് സമൂഹത്തില്‍ ജീവിക്കാനും മുന്നേറുവാനുമുള്ള ആത്മീയ കരുത്താണ് വിശ്വാസമെന്ന് തന്‍റെ ചാക്രികലേഖനത്തില്‍ പാപ്പാ വ്യാഖ്യാനിക്കുന്നു. എന്നാല്‍ വിശ്വാസരാഹിത്യം ജീവിത പരസരങ്ങളിലേയ്ക്കുള്ള അന്ധമായ എടുത്തു ചാട്ടവുമാണെന്നും അതു പഠിപ്പിക്കുന്നു.

സമഗ്രതയോടും ഐക്യദാര്‍ഢ്യത്തോടുംകൂടെ വിശ്വാസം ജീവിച്ചുകൊണ്ടും പ്രഘോഷിച്ചുകൊണ്ടുമാണ് സഭയുടെ ആത്മീയ ചക്രവാളത്തിന്‍റെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കേണ്ടത്. സഭയുടെ വിശ്വാസ നവീകരണത്തിനായി ആധുനികയുഗത്തിന്‍റെ ആരംഭത്തില്‍ സമ്മേളിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന ഘട്ടമാണ് നാം ആചരിക്കുന്ന ‘വിശ്വാസവര്‍ഷം’. വിശ്വാസപഠനത്തിനും നവീകരണത്തിനും ഏറെ പ്രസക്തിയും പ്രാധാന്യവും കൊടുത്തുകൊണ്ടുള്ള പ്രഘോഷണം തന്നെയാണ് വിശ്വാസവര്‍ഷാചരണം.
ഇന്ന് ആഗോളസഭയുടെ ‘മിഷന്‍ ഞായര്‍’ ദിനംകൂടിയാണ്. നാം ജീവിക്കുകയും പങ്കുവയ്ക്കുകയും ചെയ്യേണ്ട ദൈവികദാനമാണ് വിശ്വാസമെന്ന് തന്‍റെ സന്ദേശത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചനുസ്മരിപ്പിക്കുന്നത്.

ലാഘബുദ്ധിയോടെ കാണാവുന്ന ജീവിതത്തിലെ അവസ്ഥാവിശേഷമല്ല വിശ്വാസം, മറിച്ച് അനുദിനം ബലപ്പെടുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ട ദൈവികദാനമാണത്. വിശ്വസിക്കുന്നവന്‍ എല്ലാം വ്യക്തമായി കാണുന്നു. വിശ്വാസത്തിന്‍റെ വെളിച്ചം ദൈവത്തില്‍നിന്ന് ഉരുവംകൊള്ളുന്നതിനാല്‍ അത് മനുഷ്യാസ്തിത്വത്തിന്‍റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുകയും തെളിയിക്കുകയും ചെയ്യുംമെന്നതില്‍ സംശയമില്ല. വിശ്വാസത്തിന്‍റെ പ്രഭവസ്ഥാനം ക്രിസ്തുവാണ്. ക്രിസ്തുവിന്‍റെ ജീവിത രംഗങ്ങളുടെ ഗതകാല സ്മരണയില്‍ ഊന്നിനില്ക്കുന്ന വിശ്വാസം നമ്മുടെ ജീവിതത്തിന്‍റെ ഭാവികാല ചക്രവാളത്തിലേയ്ക്കു വിന്യസിപ്പിക്കേണ്ടതാണ്. അപ്പോള്‍ ജീവിതങ്ങള്‍ നന്മയില്‍ പ്രകാശിക്കും പ്രശോഭിക്കും.
Prepared : nellikal, Vatican Radio








All the contents on this site are copyrighted ©.