2013-10-18 17:19:46

മാനിലായിലെ അന്താരാഷ്ട്ര സെമിനാറിന് പാപ്പ ഫ്രാന്‍സിസിന്‍റെ വീഡിയോ സന്ദേശം ഇംഗ്ലീഷില്‍


18 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ഏഷ്യയിലെ നവസുവിശേഷവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രോത്സാഹനം. നവസുവിശേഷവല്‍ക്കരണത്തെക്കുറിച്ച് ഫിലീപ്പീന്‍സിലെ മാനിലാ അതിരൂപത സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിനു നല്‍കിയ വീഡിയോ സന്ദേശത്തിലാണ് ഏഷ്യയില്‍ നടക്കുന്ന നവസുവിശേഷവല്‍ക്കരണ പ്രയത്നങ്ങള്‍ക്ക് പാപ്പ പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നത്. പാപ്പ ഇംഗ്ലീഷ് ഭാഷയില്‍ നല്‍കിയ ആദ്യ പൊതുസന്ദേശമാണ് ഇത്.

ക്രിസ്ത്വാനുഭവത്തിലും സഭാ സ്നേഹത്തിലും അഭിവൃദ്ധി പ്രാപിക്കാന്‍ ഈ സമ്മേളനം അവരെ സഹായിക്കട്ടെയെന്ന് പാപ്പ ആശംസിച്ചു. സന്തോഷത്തോടും എളിമയോടും കൂടി സുവിശേഷ സന്ദേശം സകല ജനകളിലുമെത്തിക്കാന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരെ ആഹ്വാനം ചെയ്ത പാപ്പ, പിതാവായ ദൈവത്തിന്‍റെ കരുണാര്‍ദ്ര സ്നേഹം എളിയവരിലും, രോഗികളിലും, ഉപേക്ഷിക്കപ്പെട്ടവരിലും, യുവജനങ്ങളിലും, കുടുംബങ്ങളിലും എത്തിക്കുന്നതില്‍ ഉപേക്ഷ കാണിക്കരുതെന്നും അവരെ ഉത്ബോധിപ്പിച്ചു. രാഷ്ട്രീയത്തിലും, വ്യവസായത്തിലും, കലയിലും, ശാസ്ത്രത്തിലും, സാങ്കേതിക വിദ്യയിലും, സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും യേശു അറിയപ്പെടണമെന്നും മാര്‍പാപ്പ പ്രസ്താവിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ നല്‍കിയ സന്ദേശം ഫിലിപ്പീന്‍സ് ഭാഷയിലുള്ള ഒരാശംസയോടെയാണ് മാര്‍പാപ്പ ഉപസംഹരിച്ചത്.

ഒക്ടോബര്‍ 16 മുതല്‍ 18 വരെ മനിലായിലെ സെന്‍റ് തോമസ് സര്‍വ്വകലാശാലയില്‍ നടന്ന സമ്മേളനത്തില്‍ തായ് വാന്‍, വിയറ്റ്നാം, മലേഷ്യ, തായ് ലാന്‍ഡ്, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്തു. 18ാം തിയതി വെള്ളിയാഴ്ച ഫിലിപ്പീന്‍സിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ജ്യുസപ്പെ പിന്‍റോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച സാഘോഷ ദിവ്യബലിയോടെ ത്രിദിന സമ്മേളനം സമാപിച്ചു.








All the contents on this site are copyrighted ©.