2013-10-18 17:19:52

പ്രായംചെന്ന വൈദികരേയും സന്ന്യസ്തരേയും വിസ്മരിക്കരുതെന്ന് മാര്‍പാപ്പ


18 ഒക്ടോബര്‍ 2013, വത്തിക്കാന്‍
വയോധികരായ വൈദികരേയും സന്ന്യസ്തരേയും വിസ്മരിക്കരുത്, അവരുടെ വിശ്രമ ഭവനങ്ങള്‍ വിശുദ്ധിയുടെ ആലയങ്ങളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വെള്ളിയാഴ്ച്ച രാവിലെ സാന്താമാര്‍ത്താ മന്ദിരത്തിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. മോശ, സ്നാപക യോഹന്നാന്‍, വി.പത്രോസ് അപ്പസ്തോലന്‍ എന്നീ മഹത്തുക്കളുടെ ജീവിത മാതൃക ആസ്പദമാക്കിയായിരുന്നു പാപ്പായുടെ വചന സമീക്ഷ. ഈ മൂവരും മഹത് വ്യക്തികളായിരുന്നെങ്കിലും ജീവിതാന്ത്യത്തില്‍ ദുസഹമായ വേദനയനുഭവിക്കേണ്ടി വന്നവരാണ്. ഇസ്രായേല്‍ ജനത്തെ അടിമത്തില്‍ നിന്ന് മോചിച്ച് വാഗ്ദത്ത ദേശത്തെത്തിച്ച മോശ ആ നാട്ടില്‍ പ്രവേശിക്കാനാവാതെ നേഹബില്‍ ഒറ്റയ്ക്കു കഴിഞ്ഞു. സ്നാപക യോഹന്നാന്‍റെ അന്ത്യവും സഹനപൂര്‍ണ്ണമായിരുന്നു. ‘നിന്‍റെ വാര്‍ദ്ധക്യത്തില്‍ നീ ആഗ്രഹിക്കാത്തിടത്തേക്ക് നിന്നെ കൊണ്ടുപോകും’ എന്നായിരുന്നു പത്രോസിനെ സംബന്ധിച്ച പ്രവചനം. ഒരു അപ്പസ്തോലന്‍റെ ജീവിതാന്ത്യത്തെക്കുറിച്ച് ധ്യാനിക്കുമ്പോള്‍ പ്രായമേറിയ വൈദികര്‍ക്കും കന്യാസ്ത്രികള്‍ക്കും വേണ്ടിയുള്ള വിശ്രമഭവനങ്ങളെക്കുറിച്ച് താന്‍ അനുസ്മരിച്ചു പോകുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. ഒരിക്കല്‍ കര്‍മ്മനിരതരായിരുന്ന വൈദികരും കന്യാസ്ത്രികളുമാണ് അവിടെ ഏകാന്തരായി ദൈവം വിളിക്കുന്നതും കാത്ത് കഴിയുന്നത്. പ്രേഷിതത്വത്തിന്‍റേയും വിശുദ്ധിയുടേയും തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് ഈ ഭവനങ്ങള്‍. മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കും, വിശുദ്ധ ഫ്രാന്‍സിസിന്‍റേയും ബെനഡിക്ടിന്‍റേയും നാട്ടിലേക്കുമൊക്കെ തീര്‍ത്ഥാടനം നടത്തുന്നതുപോലെ പ്രായമായ വൈദികര്‍ക്കും കന്യാസ്ത്രികള്‍ക്കും വേണ്ടിയുള്ള വിശ്രമ മന്ദിരങ്ങളും സന്ദര്‍ശിക്കുവാന്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു.








All the contents on this site are copyrighted ©.