2013-10-18 17:20:40

കാമറൂണ്‍ പ്രസിഡന്‍റ് പാപ്പായെ സന്ദര്‍ശിച്ചു


18 ഒക്ടോബര്‍ 2013, വത്തിക്കാന്‍
പശ്ചിമാഫ്രിക്കന്‍ രാജ്യമായ കാമറൂണിന്‍റെ പ്രസിഡന്‍റ് പോള്‍ ബിയയുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച്ച നടത്തി. വെള്ളിയാഴ്ച രാവിലെ അപ്പസ്തോലിക അരമനയില്‍ വച്ചായിരുന്നു മാര്‍പാപ്പയും പ്രസിഡന്‍റും തമ്മിലുള്ള കൂടിക്കാഴ്ച്ച. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് വത്തിക്കാന്‍റെ വിദേശബന്ധ കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമെനിക്ക് മെമ്പേര്‍ത്തിയുമായും പ്രസിഡന്‍റും സംഘവും കൂടിക്കാഴ്ച്ച നടത്തിയെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.
പരിശുദ്ധ സിംഹാസനവും കാമറൂണും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധത്തിലും, ഈയിടെ ഒപ്പുവച്ച ഒരു ഉടമ്പടി പ്രകാരം, കാമറൂണില്‍ കത്തോലിക്കാ സഭയുടെ നൈയാമിക പദവി അംഗീകരിക്കപ്പെട്ടതിലും ഇരുകൂട്ടരും സംതൃപ്തി രേഖപ്പെടുത്തി. കാമറൂണില്‍ കത്തോലിക്കാ സഭയുടെ സേവനത്തെക്കുറിച്ച്, പ്രത്യേകിച്ച് വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ സഭ നല്‍കുന്ന സംഭാവനകളെക്കുറിച്ച് കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന - അനുരജ്ഞനം ശ്രമങ്ങളെക്കുറിച്ചും തദവസരത്തില്‍ പരാമര്‍ശിക്കപ്പെട്ടു. ആഫ്രിക്കന്‍ രാജ്യങ്ങള്‍, വിശിഷ്യാ സബ് സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ നേരിടുന്ന ആനുകാലിക വെല്ലുവിളികളെക്കുറിച്ചും ചര്‍ച്ച നടന്നുവെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.