2013-10-16 17:29:22

ദാരിദ്ര്യത്തിനു കാരണം
ധൂര്‍ത്ത് : പാപ്പാ ഫ്രാന്‍സിസ്


16 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ധൂര്‍ത്തിന്‍റെയും ധാരാളിത്തത്തിന്‍റെയും സംസ്ക്കാരമാണ് ലോകത്ത് നിലനിലക്കുന്ന ദാരിദ്ര്യത്തിനു കാരണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഭക്ഷൃദിനത്തില്‍ പുറപ്പെടുവിച്ച സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ 16-ാം തിയതി ബുധനാഴ്ച ഐക്യരാഷ്ട്ര സംഘടന ആചരിച്ച ‘ലോക ഭക്ഷൃദിന’ത്തോടനുബന്ധിച്ചാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം പുറത്തിറക്കിയത്. റോമിലുള്ള ഐക്യരാഷ്ട്ര സഭയുടെ ഭക്ഷൃ-കാര്‍ഷിക സംഘട, ഫാവോയുടെ ഡയറക്ടര്‍ ജനറല്‍, ഹൊസ്സെ ഗ്രാസ്സിയാനോയ്ക്കാണ് പാപ്പാ സന്ദേശമയച്ചത്.

ശാസ്ത്ര സാങ്കേതികതയുടെ വസന്തകാലത്ത് ഭക്ഷണംപോലുള്ള അടിസ്ഥാന ആവശ്യങ്ങളുടെ ദൗര്‍ലഭ്യത്താല്‍ ഇനിയും ജനലക്ഷങ്ങള്‍ നാടും വീടും വിട്ടിറങ്ങുന്ന അവസ്ഥ ദയനീയവും മനുഷ്യമനസ്സാക്ഷിയെ വേദനിപ്പിക്കുന്നതുമാണ്. ആഗോളവത്ക്കരണ പ്രകൃയയിലൂടെ പരസ്പരം കൂടുതല്‍ അറിയാനുള്ള അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ലോകത്ത് വ്യക്തിമഹാത്മ്യവാദത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും ജീവിതശൈലി വളര്‍ന്ന് സഹോദരങ്ങളോട്, വിശിഷ്യാ പാവങ്ങളോയവരോടുള്ള നിസംഗഭാവമാണ് വര്‍ദ്ധിച്ചുവരുന്നത്. സ്വാര്‍ത്ഥത വെടിഞ്ഞ് പങ്കുവയ്ക്കലിന്‍റെയും പാരസ്പര്യത്തിന്‍റെയും ചുറ്റുപാട് എവിടെയും വളര്‍ത്തണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. മോശമായ സംഭരണം, ചോര്‍ച്ച, ധൂര്‍ത്ത് എന്നിവയാല്‍ പാഴാക്കിക്കളയുന്ന ഭക്ഷൃോല്പന്നങ്ങളുടെ മൂന്നില്‍ ഒന്നുമതി, ലോകത്തുള്ള പാവങ്ങളുടെ ഭക്ഷൃസുരക്ഷ ഉറപ്പുവരുത്തുവാനെന്ന് ഫാവോയുടെ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു. ലോകഭക്ഷൃദിനം വെറുമൊരു ആചരണമായി കടന്നുപോകാതെ ഭൂമുഖത്ത് പാരസ്പര്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും സംസ്ക്കാരം വളര്‍ത്തുവാനും, വിശപ്പും പോഷകാഹാരക്കുറവും പരിഹരിച്ച് മനുഷ്യന്തസ്സു വളര്‍ത്തുവാനും സഹായിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

‘ഭക്ഷൃസുരക്ഷയും പോഷകാഹാരവും ആഗോള ഭക്ഷൃസുസ്ഥിതിക്ക്,’ എന്ന ആപ്തവാക്യവുമായിട്ടാണ് ഇക്കുറി ഒക്ടോബര്‍ 16-ാം തിയതി ലോക ഭക്ഷൃദിനം ആചരിക്കപ്പെട്ടത്. ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷൃ-കാര്‍ഷിക വിഭാഗം ഉത്ഘാടനംചെയ്ത 1945 ഒക്ടോബര്‍ 16-ന്‍റെ അനുസ്മരണമാണ് ‘ലോക ഭക്ഷൃദിന’മായി ഇന്നും ആചരിക്കപ്പെടുന്നത്. ഭക്ഷൃദിനത്തിന് മുന്നോടിയായി ലോകരാഷ്ട്രങ്ങളുടെ ഭക്ഷൃസുരക്ഷയെ സംബന്ധിച്ച സമ്മേളനം നടന്നു. 170 രാഷ്ട്രങ്ങളുടെ പ്രതിനിധിസംഘം സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ത്യയുടെ ഭക്ഷൃമന്ത്രി കെ. വി. തോമസും സംഘവും ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇന്ത്യ നടപ്പില്‍ വരുത്തുന്ന ഭക്ഷൃസുരക്ഷാ പദ്ധതിയുടെ പ്രായോഗിക വശങ്ങള്‍ മന്ത്രി സമ്മേളനത്തില്‍ വിവരിച്ചു. വത്തിക്കാനിലെത്തി പാപ്പാ ഫ്രാന്‍സിസുമായും കേന്ദ്രമന്ത്രിയും സംഘവും കൂടിക്കാഴ്ച നടത്തി. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന് ഭാരത-സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്ന പുതിയ പദ്ധതിയെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചും മന്ത്രി തോമസ് പാപ്പായുമായി പങ്കുവച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.