2013-10-15 10:38:39

ദൈവികവഴികളിലെ
ഇസ്രായേലിന്‍റെ അപഭ്രംശങ്ങള്‍ (59)


RealAudioMP3
വിമോചനത്തിന്‍റെ നാള്‍മുതല്‍ ഇസ്രായേല്‍ അനുഭവിച്ച ദൈവികസാന്നിദ്ധ്യത്തിന്‍റെ സ്ഥായിയായ അടയാളമായിരുന്നു മോശയിലൂടെ നല്കപ്പെട്ട ഉടമ്പടിയും കല്പനകളും. ജനം എന്നാല്‍ അവയെല്ലാം മറന്ന് സ്വര്‍ണ്ണക്കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചു. അതിനു മുന്നില്‍ അവര്‍ നൃത്തമാടി. ഉടമ്പടിയുടെ നിന്ദ്യമായ ലംഘനമായിരുന്നത്. സ്നേഹത്തിന്‍റെയും പരിലാളനയുടെയും ദൈവകരങ്ങളില്‍ വളര്‍ന്ന ഇസ്രായേലായ നവവധു കാണിച്ച അവിശ്വസ്തതയായിരുന്നു അത്. യാവേ, ദൈവമായ കര്‍ത്താവാണെന്നും, യാവല്ലാതെ മറ്റൊരു ദൈവം ജനത്തിന് ഉണ്ടാകരുതെന്നുമുള്ള ആദ്യത്തെ രണ്ടു കല്പനകള്‍ ലംഘിച്ചാണ് ജനം വ്യാജദൈവങ്ങളുടെ പിറകെപോയത്. ഇസ്രായേല്‍ അവിശ്വസ്തയായിരുന്നിട്ടും ദൈവം അവിടുത്തെ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും അടിസ്ഥാന ഭാവം തന്നെയും പിന്നെയും പ്രകടമാക്കുന്നതാണ് ഇവിടെ പ്രതിപാദിക്കുന്നത്.

സ്വര്‍ണ്ണക്കാളക്കുട്ടിയെ വണങ്ങിയ ഇസ്രായേലിന്‍റെ അവിശ്വസ്തതയും അധര്‍മ്മവും കണ്ട് കര്‍ത്താവു കോപിഷ്ടനായെങ്കിലും, പിന്നെ ശാന്തനായി. തന്‍റെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍നിന്ന് അവിടുന്ന് പിന്മാറി. മോശ സീനായില്‍നിന്നും താഴേയ്ക്കിറങ്ങി വന്നു. കൈകളില്‍ രണട് കല്‍ഫലകങ്ങളും ഉണ്ടായിരുന്നു. ഫലകങ്ങളുടെ ഇരുവശങ്ങളിലും എഴുത്തുകളുണ്ടായിരുന്നു. അവ ദൈവത്തിന്‍റെ കൈപ്പടയും, അതില്‍ കൊത്തിയിരുന്നത് അവിടുത്തെ കൈയെഴുത്തിലുള്ള കല്പനകളുമായിരുന്നു.
ജനങ്ങള്‍ അട്ടഹസിക്കുന്ന സ്വരം കേട്ടപ്പോള്‍ മോശയോടു കൂടെയുണ്ടായിരുന്ന ജോഷ്വാ പറഞ്ഞു. “മോസസ്, പാളയത്തില്‍ യുദ്ധത്തിന്‍റെ ശബ്ദമാണ് മുഴങ്ങുന്നത്.”
മോശ പറഞ്ഞു. “ഇല്ല, ജോഷ്വാ, ഞാന്‍ കേള്‍ക്കുന്നത് വിജയത്തിന്‍റെ അട്ടഹാസമോ പരാജയത്തിന്‍റെ മുറവിളിയോ അല്ല. അഹ്ലാദത്തിന്‍റെ ആരവമാണ്. സന്തോഷത്തിമിര്‍പ്പിന്‍റെ അട്ടഹാസമാണത്!”

മോശ പാളയത്തിനടുത്തെത്തിയപ്പോള്‍ ജനം നൃത്തമാടുന്നതും സ്വര്‍ണ്ണക്കാളക്കുട്ടിയെ വണങ്ങുന്നതും കണ്ടു. അയാളുടെ കോപം ആളിക്കത്തി. മലയുടെ അടിവാരത്തില്‍വച്ചു തന്നെ മോശ കല്പനകളെഴുതിയ കല്‍ഫലകങ്ങള്‍ വലിച്ചെറിഞ്ഞ് തകര്‍ത്തുകളഞ്ഞു. എന്നിട്ട് മുന്നോട്ടു വന്ന് കാളക്കുട്ടിയെ എടുത്ത് അഗ്നികുണ്ഠത്തിലേയ്ക്കു എറിഞ്ഞു. അത് കത്തിയുരികി കട്ടയായി. എന്നിട്ട് കരിഞ്ഞലോഹം ഇടിച്ചുപൊടിച്ച്, വെള്ളത്തില്‍ കലക്കി ജനങ്ങളെക്കൊണ്ടു മോശ കുടിപ്പിച്ചു. പിന്നെ അഹറോനോടു ചോദിച്ചു.
“അഹറോന്‍, ഈ ജനത്തിന്‍റെ മേല്‍ ഇത്ര വലിയൊരു പാപം, ദൈവകോപം വരുത്തിവയ്ക്കാന്‍ അവര്‍ നിന്നോട് എന്തുചെയ്തു!?”
അഹറോന്‍ പറഞ്ഞു. “ഓ, മോസസ്, പ്രഭോ, അങ്ങയുടെ കോപം ജ്വലിക്കാതിരിക്കട്ടെ. ജനത്തിന്‍റെ തിന്മയിലേയ്ക്കുള്ള ചായവ് അങ്ങേക്കറിവുള്ളതല്ലേ? അവരുടെ നിര്‍ബന്ധമായിരുന്നു ഞങ്ങളെ നയിക്കാന്‍ ദേവന്മാരെ വേണമെന്നത്.”

ജനത്തിന്‍റെ അഴിഞ്ഞാട്ടം കണ്ട് മോശ പറഞ്ഞു. “ദൈവമേ, ശത്രുക്കളുടെയിടയില്‍ ലജ്ജിതരാകത്തക്കവിധം തിന്മ പ്രവര്‍ത്തിക്കുന്നതിന് അഹറോന്‍ ഈ ജനത്തെ അനുവദിച്ചിരിക്കുന്നു.”
മോശ പാളയത്തിന്‍റെ വാതില്‍ക്കല്‍ നിന്നുകൊണ്ടു വിളിച്ചു പറഞ്ഞു.
“ജനമേ, ശ്രദ്ധിക്കുക... കര്‍ത്താവിന്‍റെ പക്ഷത്തുള്ളവര്‍ എന്‍റെ പക്കലേയ്ക്കു വരട്ടെ.”
അപ്പോള്‍ ലേവ്യരുടെ പുത്രന്മാരെല്ലാവരും മോശയുടെ പക്കല്‍ ഒന്നിച്ചുകൂടി.
മോശ അവരോടു പറഞ്ഞു. “ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ് ഇപ്രകാരം അരുള്‍ചെയ്യുന്നു. ഓരോരുത്തരും വാള്‍ പാര്‍ശ്വത്തില്‍ ധരിക്കട്ടെ. പാളയത്തിലുടനീളം, കവാടംങ്ങള്‍തോറും കയറിയിറങ്ങി ദൈവത്തെ നിഷേധിച്ച നിങ്ങളുടെ സഹോദരങ്ങളും സ്നേഹിതരും അയല്‍ക്കാരുമെല്ലാം വധിക്കപ്പെടട്ടെ!”

ലേവിയുടെ പുത്രന്മാര്‍ മോശയുടെ കല്‍പനയനുസരിച്ചു പ്രവര്‍ത്തിച്ചു. അന്നേദിവസം മൂവ്വായിരത്തോളം പേര്‍ മരിച്ചുവീണു. മോശ പറഞ്ഞു.
“ലേവ്യപുത്രന്മാരേ, ഇന്നു നിങ്ങള്‍ കര്‍ത്താവിന്‍റെ ശുശ്രുഷയ്ക്കായി നിങ്ങളെത്തന്നെ സമര്‍പ്പിച്ചിരിക്കുന്നു. നിങ്ങള്‍ ദൈവനിഷേധികളായവര്‍ക്ക് എതിരെ നിന്നതുകൊണ്ട് കര്‍ത്താവ് ഇന്ന് നിങ്ങളെ അനുഗ്രഹിക്കും.”
പിറ്റേദിവസം മോശ ജനത്തോടു പറഞ്ഞു. “ഓ, ജനമേ, നിങ്ങള്‍ കഠിനപാപം ചെയ്തിരിക്കുന്നു. ഞാന്‍ ഇപ്പോള്‍ കര്‍ത്താവിന്‍റെ അടുത്തേയ്ക്കു കയറിച്ചെല്ലാം.
നിങ്ങളുടെ പാപത്തിനു പരിഹാരംചെയ്യാന്‍ എനിക്ക് കഴിഞ്ഞേക്കും.”
മോശ കര്‍ത്താവിന്‍റെ അടുക്കല്‍ മലയിലേയ്ക്കു തിരികെച്ചെന്നു.
എന്നിട്ട് ഇങ്ങനെ പറഞ്ഞു.
“ദൈവമേ, ഈ ജനം വലിയ പാപം ചെയ്തിരിക്കുന്നു. അവര്‍ തങ്ങള്‍ക്കായി സ്വര്‍ണ്ണംകൊണ്ടു ദേവാന്മാരെയുണ്ടാക്കി. അവിടുന്നു കനിഞ്ഞ് അവരുടെ പാപം ക്ഷമിക്കണമേ. അല്ലെങ്കില്‍ അവിടുത്തെ സ്മരണയില്‍നിന്നും എന്‍റെ പേരു മായിച്ചുകളഞ്ഞാലും.”
അപ്പോള്‍ കര്‍ത്താവു മോശയോടു പറഞ്ഞു. “മോസസ്, എനിക്കെതിരായി പാപംചെയ്തവനെയാണ് എന്‍റെ ഓര്‍മ്മയില്‍നിന്നും തുടച്ചുനീക്കേണ്ടത്.
നീ പോയി ഇനിയും, വാഗ്ദത്ത ഭൂമിയിലേയ്ക്കു ജനത്തെ നയിക്കുക.
എന്‍റെ ദൂതന്‍ നിന്‍റെ മുന്‍പേ പോകും. എങ്കിലും ഞാന്‍ അവരെ സന്ദര്‍ശിക്കുന്ന ദിവസം അവരുടെ പാപങ്ങളെപ്രതി അവരെ ശിക്ഷിക്കും.”

കാളക്കുട്ടിയെ നിര്‍മ്മിക്കാന്‍ അവര്‍ അഹറോനെ നിര്‍ബന്ധിച്ചതിനാല്‍ കര്‍ത്താവ് അവരുടെമേല്‍ മഹാമാരി അയച്ചു. അവിടുന്ന് ഇസ്രായേലിനെ ശിക്ഷിച്ചു.

33 കര്‍ത്താവു മോശയോടു കല‍്പിച്ചു. “നീയും ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ജനവും സീനായില്‍നിന്നു പുറപ്പെട്ട് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും അവരുടെ സന്തതികളോടും ഞാന്‍ നല്‍കുമെന്നു ശപഥംചെയ്തിട്ടുള്ള നാട്ടിലേയ്ക്കു പോവുക. ഞാന്‍ നിങ്ങള്‍ക്കു മുന്‍പേ ദൂതനെ അയയ്ക്കും. മാര്‍ഗ്ഗമദ്ധ്യേ കാനാന്‍കാരെയും അമോര്യരെയും ഹിത്യരെയും പെരീസ്യരെയും ഹിവ്യരെയും ജബൂസ്യരെയും ഞാന്‍ നാടുകടത്തും. തേനും പാലുമൊഴുകുന്ന നാട്ടിലേയ്ക്കു പോകുവിന്‍. ഞാന്‍ നിങ്ങളുടെകൂടെ വരുന്നില്ല. വന്നാല്‍ നിങ്ങളുടെ ദുശ്ശാഠ്യംനിമിത്തം മാര്‍ഗ്ഗമദ്ധ്യേ നിങ്ങളെ നശിപ്പിച്ചുകളയാന്‍ ഇടയാകും.”

അശുഭമായ ഈ വാര്‍ത്തകേട്ട് ജനം വിലപിച്ചു. ആരും ആഭരണങ്ങള്‍ അണിഞ്ഞില്ല. അപ്പോള്‍ കര്‍ത്താവ് മോശയോട് അരുള്‍ചെയ്തു.
“മോസസ്, നീ ഇസ്രായേല്‍ ജനത്തോടു പറയുക. നിങ്ങള്‍ ദുശ്ശാഠ്യക്കാരായ ജനമാണ്.
ഒരു നിമിഷത്തേയ്ക്കു നിങ്ങളുടെകൂടെ സഞ്ചരിച്ചാല്‍ മതി നിങ്ങളെ ഞാന്‍ നശിപ്പിച്ചുകളയും. നിങ്ങളോടെന്തു ചെയ്യണമെന്നു ഞാന്‍ നിശ്ചയിക്കും.”
ഹൊറേബു മലയുടെ സമീപത്തുവച്ച് ഇസ്രായേല്‍ജനം ആഭരണങ്ങള്‍ അഴിച്ചു മാറ്റി അനുതാപം പ്രകടമാക്കി.

എവിടെയായിരുന്നാലും പാളയത്തിനു പുറത്ത് അല്പം അകലെയായി മോശ കൂടാരമടിക്കുക പതിവായിരുന്നു. അതാണ് സമാഗമകൂടാരം. കര്‍ത്താവിന്‍റെ ഹിതം അറിയാന്‍ ആഗ്രഹിച്ചവരൊക്കെ പാളയത്തിനു വെളിയിലുള്ള കൂടാരത്തിലേയ്ക്കു പോകുമാരുന്നു. മോശ അവിടെ പോകുമ്പോഴൊക്കെ ജനം കൂടാരത്തിന്‍റെ വാതില്‍ക്കല്‍ നോക്കിനില്ക്കുമായിരുന്നു. മോശ പ്രവേശിച്ചുകഴിയുമ്പോള്‍ മേഘസ്തംഭം ഇറങ്ങിവന്നു കൂടാരത്തെ ആവരണംചെയ്തിരുന്നു. അപ്പോള്‍ കര്‍ത്താവു മോശയോടു സംസാരിക്കും. മേഘസ്തംഭം കൂടാരവാതില്‍ക്കല്‍ നില്ക്കുന്നതു കാണുമ്പോള്‍ ജനം എഴുന്നേറ്റ് കുമ്പിട്ടാരാധിച്ചിരുന്നു. സ്നേഹിതനോടെന്നപോലെ കര്‍ത്താവു മോശയോടു മുഖാമുഖം സംസാരിച്ചിരുന്നു. അതിനുശേഷം, മോശ പാളയത്തിലേയ്ക്കു മടങ്ങിപ്പോകും. എന്നാല്‍ മോശയുടെ സേവകനും നൂനിന്‍റെ പുത്രനുമായ ജോഷ്വ എന്ന യുവാവ് കൂടരം വിട്ടുപോയിരുന്നില്ല.

ചെങ്കടല്‍ കടന്ന് സീനായിലൂടെ സഞ്ചരിച്ച ദിനങ്ങള്‍ ഇസ്രായേല്‍ ജനത്തിന്‍റെ രൂപീകരണത്തിന്‍റെ നാളുകളായിരുന്നു. എന്നാല്‍ ദൈവത്തില്‍നിന്ന് അകന്നു പോവുകയും പാപത്തില്‍ വീഴുകയും ചെയ്ത ഇസ്രായേലിന് അത് കല്പനകളില്‍ വളരാനുള്ള നൈയ്യാമിക ഘട്ടവുമായിരുന്നു. കല്പനകളിലൂടെയും ഉടമ്പടിയിലൂടെയും ദൈവം തന്‍റെ ജനത്തെ ദൃഢപ്പെടുത്തുകയാണ്. കല്പനകളെയും ആരാധനക്രമങ്ങളെയും കേന്ദ്രീകരിച്ചുള്ള ഇസ്രായേലിന്‍റെ സുദീര്‍ഘമായ രൂപീകരണകാലഘട്ടത്തെക്കുറിച്ച് ഇനിയും നാം പഠിക്കും.
Prepared : nellikal, Vatican Radio








All the contents on this site are copyrighted ©.