2013-10-15 17:25:45

കര്‍ദിനാള്‍ ബെര്‍ത്തോണെയ്ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ കൃതജ്ഞത


15 ഒക്ടോബര്‍ 2013, വത്തിക്കാന്‍
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയുടെ സേവനങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ കൃതജ്ഞത രേഖപ്പെടുത്തി. ചൊവ്വാഴ്ച (15 ഒക്ടോബര്‍) രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയിലാണ് കര്‍ദിനാള്‍ ബെര്‍ത്തോണെയുടെ വിടവാങ്ങല്‍ ചടങ്ങ് നടന്നത്. വത്തിക്കാന്‍ രാഷ്ട്രകാര്യാലയത്തിലെ ഉദ്യോഗസ്ഥരും തദവസരത്തില്‍ കര്‍ദിനാള്‍ ബെര്‍ത്തോണെയ്ക്ക് കൃതജ്ഞതയര്‍പ്പിച്ചു.

സലേഷ്യന്‍ സഭാംഗമായ കര്‍ദിനാള്‍ ബെര്‍ത്തോണെ സാര്‍വ്വത്രിക സഭയ്ക്കു നല്‍കിയ മഹത്തായ സേവനത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ ഹൃദയംഗമമായി നന്ദി രേഖപ്പെടുത്തി. തന്നില്‍ ഭരമേല്‍പ്പിക്കപ്പെട്ട എല്ലാ ശുശ്രൂഷകളും ശുഷ്കാന്തിയോടെ നിറവേറ്റിയ അദ്ദേഹത്തില്‍ സലേഷ്യന്‍ ശൈലി എന്നും പ്രകടമായിരുന്നു. അനുസരണത്തോടും ആത്മാര്‍ത്ഥതയോടും കൂടി കര്‍ത്തവ്യനിര്‍വഹണം നടത്തിയ കര്‍ദിനാളിന്‍റെ നിസ്വാര്‍ത്ഥ സേവനത്തിനും ഔദാര്യത്തിനും ത്യാഗമനോഭാവത്തിനും പാപ്പാ ഫ്രാന്‍സിസ് പ്രത്യേകം നന്ദി പറഞ്ഞു. 7 വര്‍ഷക്കാലം വിശ്വസ്തതയോടെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായി ശുശ്രൂഷ ചെയ്ത കര്‍ദിനാളിന് ദുര്‍ഘടമായ പല വൈതരണികളും നേരിടേണ്ടി വന്നുവെന്നും മാര്‍പാപ്പ അനുസ്മരിച്ചു. വി.ഡോണ്‍ ബോസ്ക്കോയുടെ ജീവിത മാതൃകയെക്കുറിച്ച് തദവസരത്തില്‍ പരാമര്‍ശിച്ച് മാര്‍പാപ്പ വിശുദ്ധന്‍റെ മാതൃക പിന്തുടര്‍ന്ന്, മുള്ളുകള്‍ നിറഞ്ഞ പാതയിലൂടെ പതറാതെ നടന്നതിന് കര്‍ദിനാളിനെ അനുമോദിക്കുകയും ചെയ്തു. കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയ്ക്ക് തുടര്‍ന്നും തന്‍റെ പ്രാര്‍ത്ഥനയും പിന്തുണയും ഉണ്ടാകുമെന്നും മാര്‍പാപ്പ ഉറപ്പു നല്‍കി.

അതേസമയം പുതിയ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പിയെത്രോ പരോളിന്‍ ഏതാനും ആഴ്ച്ചകള്‍ക്കു ശേഷമേ സ്ഥാനമേല്‍ക്കുകയുള്ളൂവെന്നും മാര്‍പാപ്പ അറിയിച്ചു. ഒരു ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹം ഇപ്പോള്‍ വിശ്രമത്തിലാണെന്ന് പാപ്പ വെളിപ്പെടുത്തി. പിയത്രോ പരോളിന്‍ മെത്രാപ്പോലീത്ത റോമന്‍ കൂരിയായ്ക്ക് സുപരിചിതനാണ്. വത്തിക്കാന്‍ രാഷ്ട്ര കാര്യാലയത്തില്‍ വര്‍ഷങ്ങളുടെ സേവനപരിചയമുള്ള പുതിയ സ്റ്റേറ്റ് സെക്രട്ടറിയുടെ ഉത്സാഹത്തിലും ശുഷ്കാന്തിയിലും പാപ്പാ ഫ്രാന്‍സിസ് മതിപ്പു പ്രകടിപ്പിച്ചു. മാനുഷിക പരിഗണനയോടെ സംവാദത്തിലേര്‍പ്പെടാന്‍ കഴിവും സാമര്‍ത്ഥ്യവുമുള്ള വ്യക്തിയാണ് പരോളിന്‍ മെത്രാപ്പോലീത്തായെന്നും പാപ്പ പ്രസ്താവിച്ചു.

സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച കര്‍ദിനാള്‍ ബര്‍ത്തോണെ ഫ്രാന്‍സിസ് മാര്‍പാപ്പയോട് തന്‍റെ നിസീമമായ നന്ദി രേഖപ്പെടുത്തി. മുന്‍പാപ്പ ബെനഡിക്ട് പതിനാറാമനോടൊപ്പം 2006ല്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായി ശുശ്രൂഷ ആരംഭിച്ച തനിക്ക് 7 മാസക്കാലം പാപ്പാ ഫ്രാന്‍സിസിന്‍റെ കൂടെ സേവനം ചെയ്യാന്‍ സാധിച്ചതിലുള്ള സന്തോഷവും അദേഹം തദവസരത്തില്‍ രേഖപ്പെടുത്തി. പാപ്പ ബെനഡിക്ടിന്‍റെ തുടര്‍ച്ചയാണ് പാപ്പാ ഫ്രാന്‍സിസില്‍ താന്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാന്‍റെ പുതിയ സ്റ്റേറ്റ് സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പിയെത്രോ പരോളിന്‍ ചടങ്ങില്‍ പങ്കെടുത്തില്ലെങ്കിലും കര്‍ദിനാള്‍ ബെര്‍ത്തോണെ അദ്ദേഹത്തിന് തന്‍റെ പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു.

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ച കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ കാസില്‍ഗണ്‍ഡോള്‍ഫോയില്‍ പാപ്പായുടെ വേനല്‍ക്കാല വസതിയില്‍ വച്ചാണ് 2006 സെപ്തംബര്‍ 15ന് കര്‍ദിനാള്‍ ആഞ്ചലോ സൊഡാനോയുടെ പിന്‍ഗാമിയായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനമേറ്റത്.
ഏഴുവര്‍ഷക്കാലം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായി സേവമനുഷ്ഠിച്ച കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ(78)യുടെ പിന്‍ഗാമിയായി അന്‍പത്തിയെട്ടുകാരനായ ഇറ്റാലിയന്‍ ആര്‍ച്ചുബിഷപ്പ് പരോളിന്‍ ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ സ്ഥാനമേല്‍ക്കും.
വെനിസ്വേലയില്‍ വത്തിക്കാന്‍റെ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുകയായിരുന്ന ആര്‍ച്ചുബിഷപ്പ് പീയെത്രോ പരോളിനെ 2013 ആഗസ്റ്റ് 31നാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവിറക്കിയത്. 1986 മുതല്‍ വത്തിക്കാന്‍റെ നയതന്ത്ര കാര്യാലയത്തില്‍ ശുശ്രൂഷ ചെയ്യുന്ന ഇറ്റാലിയന്‍ സ്വദേശിയായ ആര്‍ച്ചുബിഷപ്പ് പിയത്രോ പരോളിന്‍ 2002 - 2009 കാലയളവില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ വിദേശബന്ധകാര്യാലയത്തില്‍ അസിസ്റ്റന്‍റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വെനിസ്വേലയിലെ വത്തിക്കാന്‍ സ്ഥാനപതിയായി നിയോഗിച്ചു.

Source: Vatican Radio







All the contents on this site are copyrighted ©.