2013-10-14 17:27:45

വത്തിക്കാനിലെ മരിയന്‍ ദിനാചരണം


14 ഒക്ടോബര്‍ 2013, വത്തിക്കാന്‍
വിശ്വാസവര്‍ഷാചരണത്തിന്‍റെ ഭാഗമായി, മരിയന്‍ ദ്വിദിനാചരണത്തിന് ഒക്ടോബര്‍ 12, 13 തിയതികളില്‍ (ശനി, ഞായര്‍ ദിനങ്ങളില്‍) വത്തിക്കാന്‍ വേദിയായി. വിവിധ മരിയന്‍ സംഘടനാ പ്രതിനിധികള്‍, തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ വക്താക്കള്‍, ദേശീയ പ്രാദേശിക സഭാ തലവന്മാര്‍ എന്നിങ്ങനെ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമെത്തിയ പതിനായിരങ്ങള്‍ റോമില്‍ മരിയ ഭക്തിയുടെ നിറസാന്നിദ്ധ്യമായി. പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ നിന്നും കന്യകാ നാഥയുടെ തിരുസ്വരൂപത്തിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു വത്തിക്കാനിലെ മരിയന്‍ ദിനാചരണം.
ശനിയാഴ്ച ഇറ്റാലിയന്‍ നാവിക സേനയുടെ പ്രത്യേക ഹെലിക്കോപ്റ്ററിലാണ് ഫാത്തിമാ നാഥയുടെ തിരുസ്വരൂപം വത്തിക്കാനിലെത്തിയത്. ആദ്യം മുന്‍പാപ്പ ബനഡിക്ട് പതിനാറാമന്‍ താമസിക്കുന്ന ‘മാത്തര്‍ എക്ലേസിയാ’ ഭവനത്തിലെത്തിച്ച തിരുസ്വരൂപം, പാപ്പായുടെ കപ്പേളയില്‍ ഏതാനും നിമിഷങ്ങള്‍ വണക്കത്തിനുവച്ചശേഷം, അവിടെനിന്നും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വസതിയായ ‘സാന്താ മാര്‍ത്ത’യിലേക്ക് കൊണ്ടുവന്നു. ‘സാന്താ മാര്‍ത്താ’യുടെ അങ്കണത്തില്‍ പാപ്പാ ഫ്രാന്‍സിസ് മറിയത്തിന്‍റെ തിരുസ്വരൂപം സ്വീകരിച്ച് വണങ്ങി.
വൈകീട്ട് 4 മണിയോടെ പൊതുവണക്കത്തിനായി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലേയ്ക്ക് ഫാത്തിമാനാഥ ആനയിക്കപ്പെട്ടു.
ശനിയാഴ്ച വൈകീട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടന്ന മരിയന്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കു ശേഷം റോമിലെ വിഖ്യാതമായ ‘ദിവീനോ അമോറെ’ തീര്‍ത്ഥാടനകേന്ദ്രത്തിലേക്കായിരുന്നു ഫാത്തിമാ നാഥയുടെ തിരുസ്വരൂപത്തിന്‍റെ പ്രയാണം. മറിയത്തിന്‍റെ സന്നിധിയില്‍ ശനിയാഴ്ച വൈകീട്ട് ആരംഭിച്ച ജാഗര പ്രാര്‍ത്ഥന ഞായറാഴ്ച പുലര്‍ച്ചെവരെ നീണ്ടുനിന്നു. ഞായറാഴ്ച രാവിലെ കന്യകാനാഥയുടെ തിരുസ്വരൂപം വീണ്ടും വത്തിക്കാനിലെത്തിച്ചു.

രണ്ടാം ദിവസം, ഒക്ടോബര്‍ 13-ാം തിയതി ഞാറാഴ്ച മരിയന്‍ ദിനാചരണത്തിന്‍റെ മുഖ്യപരിപാടികള്‍,
രാവിലെ പ്രാദേശിക സമയം 9.30-ന് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹദിവ്യബലി, വചനപ്രഘോഷണം, ആഗോള സഭയെ കന്യകാനാഥയ്ക്കു പ്രതിഷ്ഠിക്കുന്ന കര്‍മ്മം, ത്രികാലപ്രാര്‍ത്ഥന എന്നിവയായിരുന്നു.

ദിവ്യബലി മധ്യേ മാര്‍പാപ്പ നല്കിയ വചന സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; അവിടുന്ന് അത്ഭുകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു. (സങ്കീ.98,1) എന്ന് നാം പ്രതിവചന സങ്കീര്‍ത്തനത്തില്‍ ആവര്‍ത്തിച്ചു. ദൈവം ചെയ്ത ഒരത്ഭുത കൃത്യത്തെക്കുറിച്ചാണ് നാമിന്ന് വിചിന്തനം ചെയ്യുന്നത്, മറിയത്തെക്കുറിച്ച്. നമ്മെപ്പോലെ എളിയവളും ബലഹീനയുമായ ഒരു സൃഷ്ടിയെ ദൈവത്തിന്‍റെ അമ്മയാകാന്‍, സ്രഷ്ടാവിന്‍റെ അമ്മയാകാന്‍ അവിടുന്ന് തിരഞ്ഞെടുത്തു.
ദിവ്യബലി മധ്യേ വായിച്ച വിശുദ്ധ ഗ്രന്ഥ ഭാഗങ്ങളെ ആസ്പദമാക്കി പരിശുദ്ധ മറിയത്തെക്കുറിച്ച് നമുക്കു ധ്യാനിക്കാം. മൂന്നു കാര്യങ്ങള്‍ നിങ്ങളോടു പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

നമ്മെ അതിശയിപ്പിക്കുന്ന ദൈവം
1. ഒന്നാമതായി, ദൈവം നമ്മെ അതിശയിപ്പിക്കുന്നു. ആരാമിലെ രാജാവിന്‍റെ സൈനാധിപനായ നാമാന്‍റെ കഥ ശ്രദ്ധേയമാണ്. കുഷ്ഠ രോഗത്തില്‍ നിന്നു സൗഖ്യം നേടാന്‍ നാമാന്‍ പ്രവാചകനായ എലീഷായുടെ പക്കലെത്തി. മായാജാലമൊന്നും കാണിക്കാത്ത പ്രവാചകന്‍ വളരെ ലളിതമായ കാര്യമാണ് നാമാനോട് ആവശ്യപ്പെട്ടത്: ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് ഒരു നദിയില്‍ സ്നാനം ചെയ്യുക. ഡമാസ്ക്കസിലെ വലിയ നദികളിലൊന്നുമല്ല, ജോര്‍ദാനിലെ ഒരു ചെറിയ നദിയില്‍ സ്നാനം ചെയ്യാനായിരുന്നു പ്രവാചകന്‍റെ നിര്‍ദേശം. അത് നാമാനെ അത്ഭുതപ്പെടുത്തി. അയാള്‍ മടങ്ങിപ്പോകാന്‍ ഭാവിച്ചു. ഏതു ദൈവമാണ് ഇത്ര ചെറിയൊരു കാര്യം ആവശ്യപ്പെടുന്നതെന്ന് കരുതി അയാള്‍ അമ്പരന്നു. തിരിച്ചുപോയേക്കാമെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് പ്രവാചകന്‍ ആവശ്യപ്പെട്ടതുപോലെ ചെയ്യാന്‍ നാമാന്‍ നിശ്ചയിച്ചു. ജോര്‍ദാന്‍ നദിയില്‍ സ്നാനം ചെയ്ത ഉടനെ അയാള്‍ സുഖം പ്രാപിച്ചു(2 രാജാ. 5:1-4).
നമ്മുടെ ബലഹീനതയില്‍ പ്രകടമാകുന്ന ദൈവിക കരുത്ത്
അതെ, ദൈവം നമ്മെ അതിശയിപ്പിക്കുന്നു. നമ്മുടെ ദാരിദ്ര്യത്തിലും ബലഹീനതയിലും എളിമയിലും തന്നെത്തന്നെ വെളിപ്പെടുത്തുന്ന ദൈവം തന്‍റെ സ്നേഹം നമ്മോട് പങ്കുവയ്ക്കുന്നു. അങ്ങനെ ദൈവം നമ്മെ രക്ഷിക്കുകയും സുഖപ്പെടുത്തുകയും നമുക്ക് കരുത്തു പകരുകയും ചെയ്യുന്നു. അതിനായി അവിടുന്ന് നമ്മോടാവശ്യപ്പെടുന്നത് ദൈവ വചനം അനുസരിക്കാനും ദൈവത്തില്‍ വിശ്വസിക്കാനും മാത്രമാണ്.
പരിശുദ്ധ കന്യകാ മറിയത്തിന്‍റെ അനുഭവവും അതുതന്നെയായിരുന്നു. മാലാഖയുടെ സന്ദേശം ശ്രവിച്ച മറിയം തന്‍റെ അമ്പരപ്പ് മറച്ചുവച്ചില്ല. ദൈവം മനുഷ്യനായി ജനിക്കുന്നതിന്, നസ്രത്തിലെ ഒരു സാധാരണ പെണ്‍കുട്ടിയായ തന്നെ തിരഞ്ഞെടുത്തിലെ അമ്പരപ്പിലായിരുന്നു മറിയം. വലിയ മാളികകളില്‍ താമസിക്കുന്ന പണവും പ്രതാപവുമുള്ളവരേയോ, വന്‍കാര്യങ്ങള്‍ ചെയ്തിട്ടുള്ളവരേയോ തിരഞ്ഞെടുക്കാതെ, ദൈവത്തിലാശ്രയിക്കുന്ന, ദൈവത്തോടു തുറവിയുള്ള, മറിയത്തെ അവിടുന്ന് തിരഞ്ഞെടുത്തു. എല്ലാമൊന്നും മനസിലായില്ലെങ്കിലും “ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ” (ലൂക്ക 1: 38) എന്ന് മറിയം മറുപടി നല്‍കി.
ദൈവം അങ്ങനെയാണ്, എല്ലായ്പ്പോഴും നമ്മെ അതിശയിപ്പിക്കുന്നു. നമ്മുടെ പദ്ധതികള്‍ തകിടം മറിക്കുന്നു, നമ്മുടെ പരിപാടികള്‍ പ്രശ്നസങ്കീര്‍ണ്ണമാക്കുന്നു. “ഭയപ്പെടാതെ, എന്നില്‍ വിശ്വസിക്കുക. നിന്നെ അതിശയിപ്പിക്കാന്‍ എന്നെ അനുവദിക്കുക. നിന്നില്‍ നിന്നു പുറത്തേക്കു വന്ന് എന്നെ അനുഗമിക്കുക.” എന്നാണ് ദൈവം നമ്മോട് പറയുന്നത്.
ദൈവം എന്‍റെ ജീവിതത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ അനുവദിക്കുന്നുണ്ടോ?
ഇന്ന് നമുക്കും ആത്മപരിശോധന ചെയ്യാം. ദൈവം എന്നോട് എന്തായിരിക്കും ആവശ്യപ്പെടുകയന്നോര്‍ത്ത് ഭയപ്പെടുന്ന വ്യക്തിയാണോ ഞാന്‍? ദൈവം എന്നെ അതിശയിപ്പിക്കാന്‍, മറിയത്തെപ്പോലെ, ഞാന്‍ അനുവദിക്കാറുണ്ടോ? അതോ എന്‍റെ സുരക്ഷിതത്വ വലയത്തിനുള്ളില്‍ എന്നെത്തന്നെ അടച്ചുപൂട്ടിയിരിക്കുകയാണോ? ഭൗതികമോ, ബൗദ്ധികമോ, പ്രത്യയ ശാസ്ത്രപരമോ ആയ സുരക്ഷാ വലയത്തിലോ, എന്‍റെ പദ്ധതികളുടെ സുരക്ഷിതത്വത്തിലോ കഴിയുകയാണോ ഞാന്‍? ദൈവം എന്‍റെ ജീവിതത്തില്‍ പ്രവേശിക്കാന്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ അനുവദിക്കുന്നുണ്ടോ? ദൈവത്തോട് ഞാന്‍ പ്രത്യുത്തരിക്കുന്നതെങ്ങനെയാണ്?

വിശ്വസ്തത
2. തിമോത്തിക്കെഴുതിയ ലേഖനത്തില്‍ വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു,“യേശു ക്രിസ്തുവിനെ സ്മരിക്കുക, ക്രിസ്തുവില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ അവനോടു കൂടി നാം വാഴും” (2തിമോ. 2,8-13) . ഇതാണ് രണ്ടാമത്തെ കാര്യം, എല്ലായ്പ്പോഴും ക്രിസ്തുവിനെ സ്മരിക്കുക. യേശു ക്രിസ്തുവിനെ അനുസ്മരിച്ചുകൊണ്ട് വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുക. ദൈവം തന്‍റെ സ്നേഹത്താല്‍ നമ്മെ അമ്പരിപ്പിക്കുന്നു. പക്ഷേ അതോടൊപ്പം നാം വിശ്വസ്തരായിരിക്കണമെന്നും അവിടുത്തെ അനുഗമിക്കണമെന്നും ദൈവം ആവശ്യപ്പെടുന്നുമുണ്ട്. നാം അവിശ്വസ്തത കാണിച്ചേക്കാം. എന്നാല്‍ ദൈവത്തിന് അതു സാധ്യമല്ല. നിത്യം വിശ്വസ്തനാണ് ദൈവം. നാമും അതുപോലെ എന്നും വിശ്വസ്തരായിരിക്കണമെന്ന് ദൈവം ആവശ്യപ്പെടുന്നു.
ഒന്നാലോചിച്ചു നോക്കൂ. വലിയ ആവേശത്തോടെ നാം ആരംഭിച്ച ഏതെങ്കിലും കാര്യങ്ങള്‍, പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഉപേക്ഷിച്ചു കളഞ്ഞ അനുഭവം ഉണ്ടായിട്ടില്ലേ! നിര്‍ഭാഗ്യവശാല്‍, വിവാഹം പോലെയുള്ള ജീവിതത്തിലെ നിര്‍ണ്ണായക അവസരങ്ങളിലും ഇങ്ങനെ സംഭവിച്ചു പോകുന്നു. സ്വന്തം തീരുമാനങ്ങളിലും, ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളിലും വിശ്വസ്തരായിരിക്കുവാനും സ്ഥിരതയുള്ളവരായിരിക്കുവാനും നാം ബുദ്ധിമുട്ടുന്നു. ഒരു കാര്യത്തിന് സമ്മതം നല്‍കുവാന്‍ പ്രയാസമാണെങ്കില്‍ ആ സമ്മതം പ്രതിദിനം ആവര്‍ത്തിക്കുവാന്‍ അതിലേറെ പ്രയാസമായിരിക്കും. വിശ്വസ്തതയില്‍ നാം പരാജയപ്പെട്ടു പോകുന്നു.
മറിയം വിശ്വസ്തതയുടെ മാതൃക
പരിശുദ്ധ മറിയം ദൈവത്തിനു ‘അതേ’ എന്നുത്തരം നല്‍കി. നസ്രത്തിലെ തന്‍റെ സാധാരണ ജീവിതം ആകെ കുഴച്ചുമറിച്ച ഒരു കാര്യത്തിനായിരുന്നു മറിയത്തിന്‍റെ ആ സമ്മതം. അത് സമ്മതങ്ങളുടെ ആരംഭം മാത്രമായിരുന്നു. പിന്നീടങ്ങോട്ട് ഒരുപാടു തവണ മറിയത്തിന് സമ്മതമേകേണ്ടിവന്നു. സന്തോഷത്തിന്‍റേയും ദുഃഖത്തിന്‍റേയും നിരവധി വേളകളില്‍ മറിയത്തിന് തന്‍റെ സമ്മതം ഹൃദയത്തില്‍ ആവര്‍ത്തിക്കേണ്ടിയിരുന്നു. ആ സമ്മതങ്ങള്‍ക്ക് അവസാനമായത്, ഒടുവില്‍ കുരിശിന്‍റെ ചുവട്ടിലാണ്. ദൈവത്തോട് എത്രത്തോളം വിശ്വസ്തയായിരുന്നു മറിയമെന്ന് നോക്കൂ. തന്‍റെ ഏകമകന്‍ കുരിശില്‍ കിടന്നു പിടയുന്നത് കാണ്ടേണ്ടി വരുന്ന മറിയത്തെക്കുറിച്ച് നമുക്കു ധ്യാനിക്കാം. തകര്‍ന്ന ഹൃദയത്തോടെയാണെങ്കിലും, കരുത്തോടും വിശ്വസ്തതയോടും കൂടി മറിയം ആ കുരിശിന്‍റെ ചുവട്ടില്‍ നിന്നു.
ഞാന്‍ വിശ്വസ്തനാണോ?
നമുക്കും സ്വയം ചോദിക്കാം. സൗകര്യത്തിനനുസരിച്ച് ക്രിസ്ത്യാനിയായി ജീവിക്കുന്ന വ്യക്തിയാണോ ഞാന്‍, അതോ മുഴുവന്‍ സമയ ക്രിസ്ത്യാനിയാണോ? ക്ഷണികതയുടേയും ഉപരിപ്ലവത്തിന്‍റേയും സംസ്ക്കാരത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ആ സംസ്ക്കാരം നമ്മുടെ വിശ്വാസത്തെ സ്വാധീനിക്കുന്നുണ്ടോ? നമ്മുടെ വിശ്വസ്തത ദൈവം ആവശ്യപ്പെടുന്നുണ്ട്. നാം അവിശ്വസ്തരായിരുന്നാല്‍ പോലും ദൈവം വിശ്വസ്തനായിരിക്കും. നാം വീണുപോകുമ്പോള്‍ കരുണാമയനായ ദൈവം നമ്മെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ തന്‍റെ കരങ്ങള്‍ നീട്ടുന്നു. എഴുന്നേറ്റ് യാത്ര തുടരാന്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. നാം മടങ്ങിവന്ന് നമ്മുടെ ബലഹീനതകളെക്കുറിച്ച് അവിടുത്തോട് ഏറ്റുപറയുമ്പോള്‍ ദൈവം തന്‍റെ കരുത്ത് നമുക്കു നല്‍കുന്നു. എല്ലായ്പ്പോഴും, നമ്മുടെ പാപങ്ങളിലും ബലഹീനതകളിലും പോലും ദൈവത്തോടൊത്തായിരിക്കണം നമ്മുടെ യാത്ര. ഒരിക്കലും ഈ പാതയില്‍ നിന്ന് വ്യതിചലിക്കരുത്. മറ്റു വഴികള്‍ തിരഞ്ഞെടുത്താല്‍, അത് നമ്മുടെ അന്ത്യമായിരിക്കും. മറിയത്തിന്‍റേതുപോലെ ശാശ്വതമായ വിശ്വസ്തതയാണ് വിശ്വാസം!
ദൈവം നമ്മുടെ കരുത്ത്:
3. അവസാനത്തെ ചിന്ത ഇതാണ്: ‘ദൈവമാണ് നമ്മുടെ കരുത്ത്’. ക്രിസ്തു പത്തു കുഷ്ഠ രോഗികളെ സുഖപ്പെടുത്തിയ സംഭവം നാം സുവിശേഷത്തില്‍ വായിച്ചു. യേശുവിന്‍റെ പക്കലെത്തിയ അവര്‍, ഒരു നിശ്ചിത ദൂരത്തില്‍ നിന്നുകൊണ്ട് അവിടുത്തോട് വിളിച്ചപേക്ഷിച്ചു. “ഗുരോ ഞങ്ങളില്‍ കനിയണമേ”(ലൂക്ക17 :13). സ്നേഹവും കരുത്തും ആവശ്യമുണ്ടായിരുന്ന രോഗികളായിരുന്നു അവര്‍. തങ്ങളെ ആരെങ്കിലും സുഖപ്പെടുത്തിയിരുന്നെങ്കില്‍ എന്ന പ്രതീക്ഷയുമായി കഴിയുകയായിരുന്ന അവരുടെ അഭ്യര്‍ത്ഥന യേശു കൈക്കൊണ്ടു. രോഗത്തില്‍ നിന്ന് അവരെ മോചിച്ചു. പക്ഷേ, അവരില്‍ ഒരാള്‍ മാത്രം ഉച്ചത്തില്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് നന്ദി പറയാന്‍ മടങ്ങിവരുന്നത് മനസില്‍ തട്ടുന്ന ഒരു കാര്യമാണ്. യേശുവും അതു ശ്രദ്ധിച്ചു. പത്തുപേരല്ലേ സുഖപ്പെട്ടത്, ബാക്കിയുള്ളവര്‍ എവിടെ എന്ന് യേശു ചോദിക്കുന്നുണ്ട്. ദൈവം നമുക്ക് ചെയ്തു തന്ന എല്ലാത്തിനും നാമും അവിടുത്തേയ്ക്ക് കൃതജ്ഞതയും സ്തോത്രവുമര്‍പ്പിക്കണം.
നന്ദിയുള്ളവരായിരിക്കുക :
പരിശുദ്ധ മറിയത്തെ നോക്കൂ. മാലാഖയുടെ അഭിവാദ്യം ശ്രവിച്ചയുടന്‍ മറിയം ഒരു പരസ്നേഹ പ്രവര്‍ത്തനത്തിനായി ഇറങ്ങിപ്പുറപ്പെട്ടു. വയോധികയായ ചാര്‍ച്ചക്കാരി എലിസബത്തിനെ ശുശ്രൂഷിക്കാനായിരുന്നു മറിയത്തിന്‍റെ യാത്ര. എലിസബത്തിന്‍റെ കണ്ടപ്പോള്‍ മറിയത്തിന്‍റെ ആദ്യ വാക്കുകള്‍ ‘എന്‍റെ അന്തരംഗം കര്‍ത്താവിനെ വാഴ്ത്തുന്നു’ എന്നായിരുന്നു. മറിയത്തിന്‍റെ കൃതജ്ഞതാ ഗീതമായിരുന്നു അത്. ദൈവം തന്നില്‍ ചെയ്ത അത്ഭുതം മാത്രമല്ല, രക്ഷാകര ചരിത്രത്തിലുടനീളം ദൈവം ചെയ്ത വന്‍ കാര്യങ്ങള്‍ മറിയം അനുസ്മരിച്ചു. എല്ലാം ദൈവത്തിന്‍റെ ദാനമാണ്. എല്ലാം ദൈവത്തിന്‍റെ ദാനമാണെന്ന് തിരിച്ചറിയാന്‍ നമുക്ക് സാധിച്ചാല്‍ നമ്മുടെ ഹൃദയവും ആനന്ദത്താല്‍ നിറയും. ഒരു നന്ദിവാക്കു പറയാന്‍ എന്തെളുപ്പമാണ്. എന്നിട്ടും അതു പറയാന്‍ നാമെത്ര ബുദ്ധിമുട്ടുന്നു! നമ്മുടെ കുടുംബജീവിതത്തില്‍ എത്ര തവണ ‘നന്ദി’ എന്ന വാക്ക് നാം ഉപയോഗിക്കാറുണ്ട്. നമ്മുടെ സാധാരണ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത വാക്കുകളാണ് ‘ക്ഷമിക്കണം, ദയവായി, നന്ദി,’ തുടങ്ങിയ വാക്കുകള്‍. ഈ വാക്കുകള്‍ ഉപയോഗിക്കുന്ന കുടുംബങ്ങളുടെ ജീവിതം നന്നായി മുന്നോട്ടു പോകും. ദൈവത്തോടും അങ്ങനെതന്നെയാണ്. ഒരു കാര്യസാധ്യത്തിനായി ദൈവത്തിന്‍റെ പക്കലെത്തുന്നതുപോലെ അവിടുത്തോടെ നന്ദി പറയാനും നാം അവിടുത്തെ പക്കല്‍ പോകണം. അതിന്‍റെ ആവശ്യമില്ലെന്ന് കരുതരുത്.

പരിശുദ്ധ കന്യകാ മറിയത്തിന്‍റെ മാധ്യസ്ഥം നമുക്ക് അപേക്ഷിക്കാം. നമ്മെ അതിശയിപ്പിക്കാന്‍ ദൈവത്തെ അനുവദിക്കുന്നതിനും, എന്നും ദൈവത്തോട് വിശ്വസ്തരായിരിക്കുന്നതിനും, ദൈവത്തെ വാഴ്ത്തിപ്പാടാനും കൃതജ്ഞതാ ഗീതം ആലപിക്കാനും, പരിശുദ്ധ മറിയം നമ്മെ സഹായിക്കട്ടെ.









All the contents on this site are copyrighted ©.