2013-10-13 10:04:55

മറിയം വിശ്വാസത്തിന്‍റെ
പതറാത്ത പ്രതീകം


13 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ക്രിസ്തുവിലുള്ള പതറാത്ത വിശ്വാസത്തിന്‍റെ പ്രതീകമാണ് മറിയമെന്ന്, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലാ പ്രസ്താവിച്ചു.
വിശ്വാസവര്‍ഷാചരണത്തിന്‍റെ ഭാഗമായി വത്തിക്കാനില്‍ ഒക്ടോബര്‍ 12, 13 ശനി ഞായര്‍ തിയതികളില്‍ സംഘടിപ്പിച്ചിരിക്കുന്ന അന്തര്‍ദേശിയ മരിയന്‍ പരിപാടികളെക്കുറിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ ഇങ്ങനെ പ്രസ്താവിച്ചത്.

രക്ഷകനായ ക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെ ക്രിയാത്മകമായ പ്രതികരണത്തിന്‍റെയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെയും ആദ്യമാതൃക മറിയം തന്നെയാണെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ കൂട്ടിച്ചേര്‍ത്തു.
ഫ്രാന്‍സിസ്ക്കോ, ജസീന്താ, ലൂസിയാ എന്നീ ഇടയബാലകര്‍ക്ക് ഫാത്തിമായില്‍ കന്യകാനാഥാ അവസാനമായി പ്രത്യക്ഷപ്പെട്ട് പ്രത്യാശയുടെ സന്ദേശങ്ങള്‍ നല്കിയത് 1917 ഒക്ടോബര്‍ 13 തിയതിയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

ഇടയബാലകര്‍ക്കു ഫാത്തിമാനാഥ നല്കിയ ക്രിസ്തുവിലുള്ള മാനസാന്തരത്തിന്‍റെ സന്ദേശത്തിന്‍റെ പുണ്യസ്മരണയിലാണ് വത്തിക്കാനിലെ പരിപാടികള്‍ ഒക്ടോബര്‍ 13-ന് പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അരങ്ങേറുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ ചൂണ്ടിക്കാട്ടി.
ലോകത്തുള്ള മരിയന്‍ സംഘടകളുടെ പ്രതിനിധികള്‍, ദേശീയ പ്രദേശീയ സഭാപ്രതിനിധികള്‍ എന്നിങ്ങനെ
2 ലക്ഷത്തോളം വരുന്ന സമൂഹത്തെയാണ് ജൂബിലി വര്‍ഷത്തിലെ മരിയന്‍ പരിപാടികള്‍ക്ക് വത്തിക്കാന്‍ പ്രതീക്ഷിക്കുന്നതെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.