2013-10-13 10:36:12

പാപ്പാ സഭയെ
കന്യകാനാഥയ്ക്ക് സമര്‍പ്പിക്കും


13 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ആഗോള സഭയെ പാപ്പാ ഫ്രാന്‍സിസ് ഫാത്തിമാനാഥയ്ക്ക് സമര്‍പ്പിക്കും. ഒക്ടോബര്‍ 13-ാം തിയതി ഞായറാഴ്ച വിശ്വാസവര്‍ഷാചരണത്തിന്‍റെ ഭാഗമായ മരിയന്‍ ദ്വിദിന പരിപാടികള്‍ക്ക് സമാപനമായി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയിലുടെ സമാപനത്തിലായിരിക്കും പാപ്പാ ഫ്രാന്‍സിസ് സഭയെ ഫാത്തിമാനാഥയ്ക്കു സമര്‍പ്പിക്കുന്നത്.

ഫാത്തിമായിലെ ഇടയബാലകരിലൂടെ നന്മയുടെയും മാനസാന്തരത്തിന്‍റെയും സന്ദേശങ്ങള്‍ ലോകത്തിനു നല്കിയ കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യത്തിലാണ് പാപ്പാ നവയുഗത്തിലെ സഭയെ സമര്‍പ്പിക്കുന്നത്. പാപ്പാ ഫ്രാന്‍സിസ് ഒരുക്കുന്ന സമര്‍പ്പണപ്രാര്‍ത്ഥന ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമെത്തിയിട്ടുള്ള വിശ്വാസികള്‍ക്കൊപ്പം ഞായറാഴ്ച അര്‍പ്പിക്കുന്ന ദിവ്യബലിയുടെ അന്ത്യത്തില്‍ എല്ലാവരും ഏറ്റുചൊല്ലിക്കൊണ്ട് സഭയെയും സഭാമക്കളെയും പാപ്പാ ഫാത്തിമാനാഥയ്ക്കു സമര്‍പ്പിക്കുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ദൈവം വിളിച്ച മനുഷ്യന്‍ ദൈവത്തോട് നന്മയില്‍ പ്രതികരിക്കുക എന്നത് ക്രിയാത്മകമായ പ്രതികരണവും ഉത്തരവാദിത്വവുമാണ്, ക്രിസ്തുവില്‍ ഉദയംചെയ്ത രക്ഷയുടെ വാഗ്ദാനങ്ങള്‍ പൂവണിയാന്‍ വിശ്വാസത്തിലുള്ള മനുഷ്യന്‍റെ സ്വഃദാനമാണ് സമര്‍പ്പണമെന്നും, ജീവിതത്തില്‍ ഈ സമര്‍പ്പണം അനിവാര്യമാണെന്നതാണ്, ഈ പ്രത്യേക സമപര്‍ണ്ണത്തിന്‍റെ പൊരുളെന്ന് വിശ്വാസവര്‍ഷാചരണത്തിന്‍റെ ഉത്തരവാദിത്വം വഹിക്കുന്ന ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ വെളിപ്പെടുത്തി.
Reported : nellikal, sedoc








All the contents on this site are copyrighted ©.