2013-10-13 11:13:15

പാപ്പാ റൊംഗാള്ളിയുടെ
കാലാതീത ദര്‍ശനം


13 ഒക്ടോബര്‍ 2013, വത്തിക്കാന്‍
പുണ്യശ്ലോകനായ ജോണ്‍ 23-ാമന്‍ പാപ്പായുടെ സഭൈക്യദര്‍ശനം കാലാതീതമെന്ന്, പൗരസ്തസഭകളുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലിയനോര്‍ഡോ സാന്ദ്രി പ്രസ്താവിച്ചു.
വളരുന്ന ലോകത്തോട് ചേര്‍ന്ന് സഭാജീവിതത്തിന്‍റെ ഗതിവിഗതികളെ നവീകരിക്കാനുള്ള വെല്ലുവിളിയായിരുന്നു ഇതര ക്രൈസ്തവ സമൂഹങ്ങളെയും ആശ്ലേഷിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലെന്ന് കര്‍ദ്ദിനാള്‍ സാന്ദ്രി അഭിപ്രായപ്പെട്ടു.

സഭയില്‍ ആധുനീകതയുടെ നവതരംഗങ്ങള്‍ ഉയര്‍ത്തിയ കൗണ്‍സില്‍ സമ്മേളിച്ചത്, 1962 ഒക്ടോബര്‍ 11-ാം തിയതി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍തന്നെയായിരുന്നുവെന്നും കര്‍ദ്ദിനാള്‍ സാന്ദ്രി അനുസ്മരിച്ചു.
രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ആരംഭിച്ചദിനത്തിന്‍റെ അനുസ്മരണയുമായിട്ടാണ് ഒക്ടോബര്‍ 11-ാം തിയതി ചൊവ്വാഴ്ച രാവിലെ വത്തിക്കാനില്‍ ജോണ്‍ 23-ാമന്‍ പാപ്പായുടെ സ്മൃതിമണ്ഡപത്തില്‍ കര്‍ദ്ദിനാള്‍ സാന്ദ്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കപ്പെട്ടത്. പാപ്പാ റൊങ്കാളിയുടെ അനിതരസാധാരണമമായ ജീവിത വിശുദ്ധിയും വിശ്വാസവും ആത്മീയതവും സൂനഹദോസിന്‍റെ വിളിച്ചുകൂട്ടലിലും നടത്തിപ്പിലും അതിന്‍റെ പ്രതിപാദ്യവിഷയങ്ങളിലും നിഴലിച്ചിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ സാന്ദ്രി പ്രസ്താവിച്ചു. സൂനഹദോസിന്‍റെ ഉപജ്ഞാതാവും സൂത്രധാരനുമായ വാഴ്ത്തപ്പെട്ട ജോണ്‍ 23-ാമന്‍ പാപ്പായുടെ ഭൗതികാവശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലുള്ള സ്മൃതിമണ്ഡപത്തിലാണ് കര്‍ദ്ദിനാള്‍ സന്ദ്രി അനുസ്മരണബലി അര്‍പ്പിച്ചത്.

ജോണ്‍ 23-ാമന്‍ പാപ്പായെയും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെയും ഏപ്രില്‍ 27ാം തിയതി പാപ്പാ ഫ്രാന്‍സിസ് വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തും.
Reported : nellikal, sedoc








All the contents on this site are copyrighted ©.