2013-10-12 14:59:39

യഹൂദവിരുദ്ധ വികാരം മനുഷ്യമനസില്‍ നിന്ന് തുടച്ചുനീക്കപ്പെടണമെന്ന് മാര്‍പാപ്പ


11 ഒക്ടോബര്‍ 2013, വത്തിക്കാന്‍
യഹൂദവിരുദ്ധ വികാരം മനുഷ്യമനസില്‍ നിന്ന് തുടച്ചുനീക്കപ്പെടണമെന്ന് മാര്‍പാപ്പ. റോമിലെ ഹെബ്രായ സമുദായാംഗങ്ങളുമായി വെള്ളിയാഴ്ച രാവിലെ വത്തിക്കാനില്‍ വച്ചു നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. നാസി പീഢന കാലത്ത് റോമിലെ ഹെബ്രായ സമൂഹത്തെ കൂട്ടത്തോടെ നാസി പടയാളികള്‍ പിടിച്ചുകൊണ്ടുപോയ സംഭവത്തിന്‍റെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു റോമിലെ ഹെബ്രായ സമുദായ പ്രതിനിധികളുമായി മാര്‍പാപ്പയുടെ കൂടിക്കാഴ്ച്ച. 1943 ഒക്ടോബര്‍ 16നാണ് സ്ത്രീകളും കുട്ടികളുമടക്കം 1,259 ഹെബ്രായരെ നാസി പടയാളികള്‍ പിടിച്ചുകൊണ്ടുപോയത്. അവരില്‍ 1023 പേരും ഔഷ്വിറ്റ്സിലെ ക്രൂര പീഢനങ്ങള്‍ക്ക് വിധിക്കപ്പെട്ടു.
ഈ ദുരന്തസംഭവം അനുസ്മരിച്ചുകൊണ്ടാണ് യഹൂദവിരുദ്ധ വികാരം മനുഷ്യമനസില്‍ നിന്ന് തുടച്ചുനീക്കപ്പെടണമെന്ന് മാര്‍പാപ്പ പ്രസ്താവിച്ചത്. യഹൂദപീഢനം നടക്കുന്ന കാലത്ത് കത്തോലിക്കാ സഭാംഗങ്ങള്‍ ഹെബ്രായ സഹോദരങ്ങളെ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങളും പാപ്പ പ്രഭാഷണത്തില്‍ അനുസ്മരിച്ചു. സാഹോദര സ്നേഹമാണ് അവരെ അതിനു പ്രേരിപ്പിച്ചതെന്നും മാര്‍പാപ്പ പ്രസ്താവിച്ചു. കഴിഞ്ഞ ഏതാനും ദശകങ്ങളായി കത്തോലിക്കാ സഭയും ഹെബ്രായ സമുദായവും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന സൗഹൃദത്തിലും സഹകരണത്തിലും പാപ്പ സന്തോഷം രേഖപ്പെടുത്തി. ബൗദ്ധികതലത്തിലുള്ള പരിശ്രമങ്ങളേക്കാള്‍, വ്യക്തികള്‍ തമ്മിലുള്ള സ്നേഹവും സാഹോദര്യവുമാണ് മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുകയെന്നും മാര്‍പാപ്പ തദവസരത്തില്‍ പ്രസ്താവിച്ചു. യഹൂദ റബ്ബി റിക്കാര്‍ദോ ദി സെഞിയുടെ നേതൃത്വത്തില്‍ കൂടിക്കാഴ്ച്ചയ്ക്കെത്തിയ മുപ്പതോളം ഹെബ്രായ പ്രതിനിധികള്‍ വന്‍ ഹര്‍ഷാരവത്തോടെയാണ് പാപ്പായുടെ വാക്കുകള്‍ സ്വീകരിച്ചത്.








All the contents on this site are copyrighted ©.