2013-10-11 15:40:21

ക്രൊയേഷ്യന്‍ പ്രസിഡന്‍റുമായി പാപ്പാ ഫ്രാന്‍സിസിന്‍റെ കൂടിക്കാഴ്ച്ച


11 ഒക്ടോബര്‍ 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് ക്രൊയേഷ്യന്‍ പ്രസിഡന്‍റ് ഇവോ യോസിപോവിച്ചുമായി കൂടിക്കാഴ്ച്ച നടത്തി. ഒക്ടോബര്‍ 10ന് രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് പ്രസിഡന്‍റും സംഘവും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ, വിദേശബന്ധ കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമനിക് മെമ്പേര്‍ത്തി എന്നിവരുമായും സംസാരിച്ചു.
ക്രൊയേഷ്യയിലെ കത്തോലിക്കാ പാരമ്പര്യം, സഭയും രാഷ്ട്രവും തമ്മിലുള്ള സഹകരണം, രാഷ്ട്രക്ഷേമത്തിനായി കത്തോലിക്കാ സഭ നല്‍കുന്ന സംഭാവനകള്‍, ക്രൊയേഷ്യയും വത്തിക്കാനും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധം തുടങ്ങിയ കാര്യങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ സംഭാഷണ വിഷയങ്ങളായി. ക്രൊയേഷ്യ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടിയതില്‍ ഇരുക്കൂട്ടരും സംതൃപ്തി രേഖപ്പെടുത്തി. വത്തിക്കാനും ക്രൊയേഷ്യയ്ക്കും ഒരുപോലെ താല്‍പര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നുവെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.
ക്രൊയേഷ്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയേക്കുറിച്ചും, ബോസ്നിയയിലും ഹെര്‍സെഗോവിനയിലും കഴിയുന്ന ക്രൊയേഷ്യന്‍ പൗരന്‍മാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും കൂടിക്കാഴ്ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു. സമകാലിക അന്താരാഷ്ട്ര സാഹചര്യവും ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹങ്ങളുടെ അവസ്ഥയും കൂടിക്കാഴ്ച്ചയില്‍ സംഭാഷണ വിഷയമായെന്ന് വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.